കേരള പിഎസ്‌സി ശ്രീനാരായണ ഗുരുവിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു; മുഖ്യമന്ത്രിയുള്‍പ്പടെ ഉള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സ്വാമി സാന്ദ്രാനന്ദ

Saturday 21 September 2019 10:07 am IST

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കേരള പിഎസ്സി പ്രവര്‍ത്തിക്കുന്നതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. പിഎസ്‌സി നടത്തുന്ന മത്സര പരീക്ഷകളില്‍ ഗുരുവിനെ കുറിച്ച് ചോദിക്കുന്ന പല ചോദ്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോപിച്ചാണ് സാന്ദ്രാനന്ദയുടെ ഈ പ്രസ്താവന. 

ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'ശ്രീനാരായണ ഗുരു: ദ മിസ്റ്റിക്കല്‍ ലൈഫ് ആന്‍ഡ് ടീച്ചിങ്‌സ്' എന്ന ഇംഗ്ലീഷ് കൃതിയുടെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ കുറിച്ച് വസ്തുതാ വിരുദ്ദമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് ശിവഗിരി മഠവും ധര്‍മസംഘം ട്രസ്റ്റും ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ പിഎസ്സി തയാറായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ടു കണ്ട് വ്യക്തമാക്കിയിട്ടും  പിഎസ്സിയുടെ നിലപാടില്‍ മാറ്റം ഉണ്ടായില്ല. ഭാവിയിലെങ്കിലും തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാരും സാംസ്‌കാരിക വകുപ്പും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിനു കാരണം ഗുരു തുടങ്ങിവച്ച നവോത്ഥാന പ്രക്രിയയാണ്. ആലപ്പുഴയിലേതുള്‍പ്പെടെ  ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ തുടക്കം ഗുരുവിന്റെ ആഹ്വാനത്തില്‍ നിന്നാണ്. ഇന്നു ബുദ്ധിജീവികള്‍ എന്നു കരുതുന്നവരില്‍ പോലും ബ്രാഹ്മണ്യം സുകൃതമാണെന്ന നിലപാടുള്ളവരുണ്ട്. സംവരണം ആവശ്യമില്ല എന്നതുള്‍പ്പെടെയുള്ള ചിന്തകള്‍ സജീവമാകുന്നു. നീതിപീഠത്തിലെ ഒരാളും സംവരണം പാടില്ലെന്നു  പ്രഖ്യാപിച്ചു. ഇത്തരം നിലപാടുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം  തിരിച്ചറിയേണ്ടതുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്ത മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായിരുന്നു. ഡോ.കെ. ജയകുമാര്‍, ഡോ. ഖദീജ മുംതാസ്, സ്വാമി സന്ദീപാനന്ദഗിരി, ഡോ. കെ പി മോഹനന്‍, മങ്ങാട് ബാലചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.