ശ്രീറാമിന്റെ രക്തപരിശോധന: പോലീസിന്റെ വീഴ്ച ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം, പരാതിയുമായി ഡോക്ടർമാരുടെ സംഘടന

Monday 19 August 2019 2:47 pm IST

തിരുവനന്തപുരം:  ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജി‌എം‌ഒ‌എ രംഗത്തെത്തി. പോലീസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്ക്‌നാണ് ശ്രമമെന്ന് കെജി‌എം‌ഒ‌എ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകുമെന്ന് കെ‌ജി‌എം‌ഒ‌എ ഭാരവാഹികൾ അറിയിച്ചു. 

അപകടത്തിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്തമെടുക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നായിരുന്നു പോലീസിന്റെ വാദം. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. മദ്യത്തിന്റെ മണമുള്ളതായി ഡോക്ടര്‍ എഴുതിയെങ്കിലും രക്തമെടുക്കാന്‍ തയ്യാറായില്ലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍ പോലീസിന്റെ വാദം കെജിഎംഒ.എ തള്ളി. ശ്രീറാമിന്റെ കേസില്‍ ഡോക്ടര്‍ നിയമപ്രകാരമുള്ള എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും, പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തപരിശോധന നടത്താനാകൂ എന്നും കെജിഎംഒഎ സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ പറഞ്ഞു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഒ.പി. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ രക്തപരിശോധന വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു എന്നുള്ള പോലീസിന്റെ വാദവും അദ്ദേഹം തള്ളി.

ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ രക്തപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്നും ക്രൈംനമ്പര്‍ പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.