ശ്രീറാമും കോടതികളും

Wednesday 14 August 2019 1:30 am IST

 

മാധ്യമപ്രവര്‍ത്തകന്റെ ദാരുണാന്ത്യത്തിന് കാരണമായ കാറപകടത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടറാമിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചിരിക്കുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിന്റെ മരണത്തെക്കുറിച്ചുള്ള ചൂടേറിയ വിവാദങ്ങളിലൊന്നും ജില്ലാ കോടതിക്കും ഹൈക്കോടതിക്കും താല്പര്യമില്ല. തെളിവാണ് പ്രധാനം. കാറപകടം സംബന്ധിച്ച് ആരോപിക്കപ്പെടുന്ന ഒരു തെളിവും പോലീസ് കോടതികളില്‍ സമര്‍പ്പിച്ചിട്ടില്ല. ശ്രീറാം പറയുന്നു മദ്യപിച്ചിട്ടില്ലെന്ന്. വൈദ്യപരിശോധനയും ശ്രീറാം പറഞ്ഞതിനെ ശരിവയ്ക്കുന്നു. അപകടം മദ്യപിച്ച് കാറോടിച്ചതുമൂലമാണെന്ന് ആരോപിക്കാം. അതിന് ഒരുതെളിവും ഹാജരാക്കാന്‍ പിണറായി വിജയന്റെ പോലീസിനായിട്ടില്ല. അതൊരു അപകടമരണമെന്നതിലപ്പുറം കൊലപാതകം എന്നാരോപിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് നമുക്ക് പറയാനാവുക?

അപകടം സംഭവിച്ച നാലു നാളുകള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാര്‍ ഒന്നടങ്കവും മൗനത്തിലായിരുന്നു. ശ്രീറാമിന് ജാമ്യം ലഭിച്ചുവെന്ന് ഉറപ്പായപ്പോഴാണ് അദ്ദേഹം മദ്യപിച്ചു എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമല്ലെ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍ക്കാ സാര്‍ ആ ബോധ്യം. അങ്ങ് ശ്രീറാമിനെ മദ്യപിച്ച നിലയില്‍ കണ്ടിട്ടുണ്ടോ? കണ്ട പോലീസുകാര്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയോ? ഇല്ലെന്ന് പറയുന്നില്ല. 10 മണിക്കൂറിനുശേഷം എടുത്ത രക്തപരിശോധനയില്‍ തെളിഞ്ഞതെന്താണ്? മദ്യലഹരിയിലായിരുന്നു എന്നതിന് തെളിവൊന്നുമില്ല. ഒരു തെളിവും പിണറായിയുടെ പക്കലില്ല. പിന്നെന്തിനാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍ ശ്രീറാമിനെ കുറ്റപ്പെടുത്തുന്നത്. ശ്രീറാം കുറ്റം ഏറ്റുപറഞ്ഞ് ഉദ്യോഗം രാജിവയ്ക്കണമെന്നാണ് ജയരാജന്റെ ആവശ്യം.

ശ്രീറാമിനെ ഏറെ വിമര്‍ശിച്ചത് മന്ത്രി മണിയാണ്. അദ്ദേഹത്തിന്റെ സങ്കടവും സാഹചര്യവും എല്ലാവര്‍ക്കും അറിയുന്നതാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ക്ക് മണിയും ലംബോധരനും നല്‍കുന്ന സംരക്ഷണം ഇന്നൊരു രഹസ്യമേ അല്ലല്ലോ. മൂന്നാറിലെ കുരിശുകൃഷിയും കയ്യേറ്റവും ചൂണ്ടിക്കാട്ടുന്നതിലും തടയാന്‍ നോക്കിയതിലും ശ്രീറാം നടത്തിയ ശ്രമങ്ങള്‍ ചെറുതല്ലല്ലോ. ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് ബഷീറിന്റെ മരണത്തില്‍ കലാശിച്ചതെന്ന് കാറുടമയും സഹയാത്രികയുമായ വഫ ഫിറോസ് മൊഴി നല്‍കിയിരിക്കുന്നു. ഈ മൊഴി നല്‍കിയ മഹതി ആരാണ് സര്‍. ഐഎഎസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മദ്യസേവാ പാര്‍ട്ടിയില്‍ ഇവര്‍ക്കെന്താണ് കാര്യം. ഇവരെങ്ങനെ ആ പാര്‍ട്ടിക്ക് വന്നു. ശ്രീറാം വിളിച്ചിട്ടാണ് ഞാനവിടെ എത്തിയതെന്നും ആരുവിളിച്ചാലും ഞാന്‍ പോകുമെന്നും ചാനല്‍ മുഖാമുഖത്തില്‍ അവര്‍ പറയുന്നതുകേട്ടു. അവര്‍ ഇപ്പോള്‍ എവിടെയാണ്? അവര്‍ക്കെതിരെ കേസെടുത്തോ? മോട്ടോര്‍ വാഹനനിയമപ്രകാരം മദ്യപിച്ച ഒരാളെ കാര്‍ ഓടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കുറ്റകൃത്യമല്ലെ? വല്ല കേസും വഫക്കെതിരെ എടുത്തിട്ടുണ്ടോ മുഖ്യമന്ത്രി? വണ്ടികളിലെ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നത് കുറ്റകരമാണ്. വഫയുടെ കാറിനെതിരെയും കേസെടുക്കേണ്ടതല്ലെ? ഇതൊന്നും എടുത്തില്ല. അടിമുടി വീഴ്ചയാണ്. പിണറായി വിജയന്റെ പോലീസ് അങ്ങനെയാണ്. ഇരയോടൊപ്പമെന്ന ധാരണ പരത്തുകയും വേട്ടക്കാരന്റെ തോളില്‍ കയ്യിട്ടുനടക്കുകയും ചെയ്യുന്ന മറ്റെങ്ങുമില്ലാത്ത സ്വഭാവമാണ് സിപിഎം സര്‍ക്കാര്‍ പ്രകടമാക്കുന്നത്.

വഫയെ കേരളത്തിലെ ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല. പലരുടെയും വാല്‍ അമ്മിക്കിടയിലാണ്. അരക്കിട്ട് ഉറപ്പിച്ച ബന്ധം അവര്‍ക്ക് കൂട്ടാവുന്നു. ഐഎഎസ്, ഐപിഎസ് മേലാളച്ചാര്‍ പലരും വിയര്‍ക്കും. അതില്ലാതാക്കാനാണ് സ്വീകരിച്ച നടപടികളെല്ലാം.

എങ്ങനെയാണ് ശ്രീറാമുമായി വഫ സൗഹൃദമുണ്ടാക്കിയത്? യാദൃശ്ചികമാണോ? പല സംശയങ്ങളും ഉയരുകയാണ്. മിടുക്കന്മാരായ ഉദ്യോഗസ്ഥരെ വളച്ചെടുത്ത് ചതിയില്‍പ്പെടുത്തി നിഷ്പ്രഭരാക്കുന്ന എത്രയോ സംഭവങ്ങള്‍ സിനിമാകഥകളില്‍ കാണാറുണ്ടല്ലോ. അതിന്റെ മാതൃകയല്ല ഇതെന്ന് പറയാവുന്നതല്ലെ. ഈ സൗഹൃദത്തിന്റെ പിന്നാമ്പുറക്കഥ എന്നെങ്കിലും പുറത്തുവരും. കവടിയാറില്‍ കാര്‍ നിര്‍ത്തി ശ്രീറാമിന്റെ കൈയില്‍ താക്കോലും സ്റ്റിയറിംഗും നല്‍കിയത് വഫ ബോധപൂര്‍വമല്ലെന്ന് പറയാന്‍ കഴിയുമോ? ശ്രീറാമിന് ആദ്യം ജാമ്യം നല്‍കിയ ജില്ലാ കോടതിയും ആ തീരുമാനം ശരിവച്ച ഹൈക്കോടതിയും അതിനിശിതമായ രീതിയിലാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. എത്രയോ തവണയായി കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. നാണവും മാനവുമില്ലെങ്കില്‍ പിന്നെ എവിടെ ആലുമുളച്ചാലും തണലെന്നേ ആശ്വസിക്കൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.