കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യാഗിക ക്ഷണം;പങ്കെടുക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Friday 8 November 2019 3:13 pm IST

ന്യൂദല്‍ഹി : കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങിലേക്കുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. കലാപ രഹിത ലോകം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീ ശ്രീ രവിശങ്കറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചത്. 

എന്നാല്‍ അദ്ദേഹം ക്ഷണം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ തനിക്ക് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പാക് സര്‍ക്കാരിന് മറുപടി നല്‍കിയിരിക്കുന്നത്. 

ശനിയാഴ്ച്ചയാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ദുവിനും പാക്കിസ്ഥാന്റെ ക്ഷണമുണ്ട്. അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് തവണയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. കേന്ദ്രസര്‍ക്കാര്‍ അനുവാദം തന്നില്ലെങ്കിലും താന്‍ പോകുമെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചിരുന്നു.

നവംബര്‍ 9ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാനില്‍ ഇമ്രാന്‍ കാനുമാണ് കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നത്. ഇടനാഴ് പ്രാവര്‍ത്തികമാവുന്നതോടെ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഗുരുനാനക് ദേവിന്റെ ഗുരുദ്വാരയില്‍ ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം നടത്താന്‍ സഹായകമാകും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇടനാഴി നിര്‍മിക്കുന്നതിനുള്ള കല്ലിടല്‍ ചടങ്ങ് നടന്നത്. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ഹര്‍സിമ്രത് കൗര്‍ ബാദല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങി 550 പേരടങ്ങുന്ന പ്രതിനിധി സംഘം ശനിയാഴ്ച ഗുരു നാനക് ദേവിന്റെ ക്ഷേത്രം സന്ദര്‍ശിക്കും. അതേസമയം സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് കരുതിയിരിക്കണമെന്ന് പാക്കിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.