'നിങ്ങള്‍ ജനങ്ങളെ കളിയാക്കുകയാണോ; നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സാധ്യമല്ല'; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി

Saturday 7 December 2019 7:14 pm IST

തിരുവനന്തപുരം: ബാര്‍കോഴകേസുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനരുമായി കോടതി.  കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സി.ജെ.എം കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയേണ്ടവര്‍തന്നെ അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ കൂട്ടുനില്‍ക്കുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമല്ലേയെന്ന് കോടതി ചോദിച്ചു. സഭാ ഐക്യം നിലനില്‍ക്കാനാണ് കേസ് പിന്‍വലിക്കുന്നതെന്ന സര്‍ക്കാര്‍ അഭിഭാഷകയുടെ വാദം കോടതി പൂര്‍ണമായും തള്ളി.

ഇങ്ങനെ ഒരു വാദം ഉണ്ടെങ്കില്‍ എന്തിനാണ് പ്രതിപക്ഷം തടസ്സഹരജിയുമായി വന്നെന്നും കോടതി ആരാഞ്ഞു. കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.  സഭയില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നാല്‍ പരാതി നല്‍കേണ്ടത് സ്പീക്കറാണ്.  അത്തരം പരാതിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക വദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് കേസിന്റെ വാദം ഈ മാസം 16ലേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു.

കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ എല്‍ഡിഎഫ് നേതാക്കളാണ്. സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങളടകം രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ യുഡിഎഫിലെ നാല് അംഗങ്ങള്‍ക്കെതിരേയും കേസെടുത്തിരുന്നു. 2015 മാര്‍ച്ച് 13നാണ് ബജറ്റ് അവതരണം നടന്നത്. നിയമസഭയ്ക്കുള്ളിലെ സംഘര്‍ഷങ്ങളില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും ഉള്‍പ്പെടെ 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതും കേരള ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.