അടിസ്ഥാന സൗകര്യങ്ങളില്ല മത്സരാര്‍ത്ഥികള്‍ വലഞ്ഞു, വേണ്ടത്ര ഗ്രീൻ റൂമുകൾ ഇല്ലാത്തത് പെൺകുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നു

Saturday 30 November 2019 12:55 pm IST

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന പ്രധാന വേദിയായ ഐങ്ങോത്തെ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ വേദിയില്‍ പോലും നൃത്തയിനങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം ശക്തമാണ്. ഗ്രീന്‍ റൂമുകളുടെ അപര്യാപ്തത മത്സരാര്‍ത്ഥികളെ വല്ലാതെ വലക്കുന്നുണ്ട്. 

മേക്കപ്പിനായി പല കുട്ടികളും മറ്റ് ജില്ലകളില്‍ നിന്ന് വന്ന മത്സരാര്‍ത്ഥികളുടെ കൂടെയുള്ളവരുടെ സഹായം തേടുകയാണ് ചെയ്യുന്നത്. നൃത്തയിനങ്ങളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ദൂരനാടുകളില്‍ നിന്ന് വന്ന ടീമുകളിലുള്ള മത്സരാര്‍ത്ഥികള്‍ വളരെ ക്ലേശങ്ങളനുഭവിച്ചാണ് പല വേദികളിലും അവരുടെ കലാമികവ് പ്രകടിപ്പിച്ചത്. ഗ്രീന്‍ റൂമുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ ബാധിക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു. 

വേദികള്‍ തമ്മില്‍ വളരെ അകലങ്ങളുള്ളതിനാല്‍ പലരും മത്സരം നടക്കുന്ന വേദിക്കരികില്‍ വന്ന് മേക്കപ്പ് നടത്താമെന്ന് കരുതി വരുമ്പോഴാണ് ഇവിടത്തെ സൗകര്യക്കുറവ് അവരെ പ്രയാസത്തിലാക്കുന്നത്. ഒന്ന് മറപറ്റി നിന്ന് മേക്കപ്പിടാന്‍ പറ്റുമോന്ന് തിരക്കി നടക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും പല വേദികളിലും കാണാമായിരുന്നു. യക്ഷഗാന മത്സരത്തിനായി കുട്ടികള്‍ പുലര്‍ച്ചെ തന്നെ വേദിക്ക് അരികിലെത്തിയെങ്കിലും മേക്കപ്പ് സൗകര്യവും കാത്ത് മൂന്ന് മണിക്കുറുകളോളമാണ് വൃശ്ചികകോളേറ്റ് വരാന്തകളില്‍ കഴിച്ചുകൂട്ടിയത്. നിവൃത്തിയില്ലാതെ കുട്ടികള്‍ പരസ്പരം തുണികള്‍ പിടിച്ചുകൊടുത്തും മറ്റും തുറസ്സായ സ്ഥലങ്ങളിലിരുന്നാണ് അവര്‍ മേക്കപ്പ് ആരംഭിച്ചത്. 

കുട്ടികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മത്സരം തുടങ്ങേണ്ട ഒമ്പത് മണിക്ക് സ്റ്റേജ് ചുതലയുള്ളവരെത്തി ഷീറ്റുകള്‍ വലിച്ചു കെട്ടി താല്‍ക്കാലിക ടെന്റുകള്‍ സജ്ജമാക്കി നല്‍കുകയായിരുന്നു. മേക്കപ്പ് തുടങ്ങാന്‍ വൈകിയതോടെ മത്സരം രണ്ട് മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. സ്‌റ്റേജ് ചുമതലയുള്ളവര്‍ എത്തി അരമണിക്കൂര്‍ കൊണ്ട് മേക്കപ്പ് നടത്തി വേദിയില്‍ കയറണമെന്നും ഇല്ലെങ്കില്‍ അവസരം നഷ്ടപ്പെടുമെന്നും പറഞ്ഞതോടെ മത്സരാര്‍ത്ഥികളുമായി ചെറിയ വാക്കേറ്റത്തിന് ഇടയാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.