മാതൃഭൂമിയും മനോരമയും ചതിച്ചു; ചെന്നിത്തല സ്വപ്‌നത്തില്‍ കാണാത്ത തന്ത്രവുമായി ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും; ഗവര്‍ണറെ തടഞ്ഞതില്‍ ഇളിഭ്യരായി പ്രതിപക്ഷം

Wednesday 29 January 2020 11:15 am IST

തിരുവനന്തപുരം: കേരള നിയമസഭ ഇന്നു സാക്ഷ്യംവഹിച്ചത് ചരിത്രത്തില്‍ ഇതുവരെ കാണാത്ത രംഗങ്ങള്‍ക്ക്. നിയമസഭയില്‍ ആദ്യമായാണ് നയപ്രസംഗത്തിന് എത്തുന്ന ഗവര്‍ണറെ ഏതെങ്കിലും ഒരു കക്ഷി തടയുന്നത്. സോളാര്‍ വിഷയകാലത്ത് നയപ്രസംഗത്തിന് എത്തരുതെന്ന് അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് ആവശ്യപ്പെട്ടെങ്കിലും തന്റെ കടമ നിര്‍വഹിച്ചേ സാധിക്കൂ എന്ന് വ്യക്തമാക്കി അന്നത്തെ ഗവര്‍ണര്‍ പി. സദാശിവം വ്യക്തമാക്കുകയും നയപ്രഖ്യാപനത്തിന് എത്തുകയും ചെയ്തു. 

നിലവില്‍ പൗരത്വ നിയമഭേദഗതിയെ ചൊല്ലിയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ സംസ്ഥാനത്ത് പ്രതിഷേധമുള്ളത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്നത്. അതിനിടെ ഇന്നു പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളുടെ പ്രധാനതലക്കെട്ടുകള്‍ ഏതാണ്ട് സമാനമായിരുന്നു. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പതിനെട്ടാം പാരാഗ്രാഫ് വായിക്കില്ലെന്നായിരുന്നു മനോരയുടേയും മാതൃഭൂമിയുടേയും തലക്കെട്ട്. ഇതോടെയാണു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേതാക്കള്‍ യോഗം ചേരുകയും ന്യൂനപക്ഷ അനുകൂല നിലപാട് തങ്ങള്‍ക്കൊപ്പം ആക്കാന്‍ ഗവര്‍ണറെ തടയാന്‍ തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന് കേരളം എതിരാണെന്ന സര്‍ക്കാര്‍ നിലപാട് വായിക്കാത്ത ഗവര്‍ണറെ തടഞ്ഞു എന്ന ഖ്യാതിയായിരുന്നു ചെന്നിത്തലയും സംഘവും മനസില്‍ കണ്ടത്. എന്നാല്‍, ഗവര്‍ണറെ തടയാന്‍ പ്രതിപക്ഷം പദ്ധതിയിടുന്നെന്ന് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ നിയമസഭയിലേക്ക് പുറപ്പെടും മുന്‍പ് പ്രത്യേക ദൂതന്‍ മുഖേന ഒരു കത്ത് രാജ്ഭവനില്‍ എത്തിച്ചു. സര്‍ക്കാരിന്റെ നയമല്ല പതിനെട്ടാം പാരാഗ്രാഫ് എന്നും അത് വായിക്കാതെ പോകുന്നത് ഭരണഘടനപരമായി ശരിയല്ലെന്നും താങ്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അതു വ്യക്തമാക്കിയ ശേഷം വായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയമമായി ദുരുപയോഗം ചെയ്യുകയാണെന്നും അതിനു ഗവര്‍ണര്‍ എന്ന പദവിയിലിരുന്ന് താങ്കള്‍ വഴങ്ങരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇതോടെയാണു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ ചെവിക്കൊണ്ടത്. പൗരത്വനിയയം സംബന്ധിച്ചുള്ളത് സര്‍ക്കാരിന്റെ പദ്ധതിയോ നയമോ അല്ലെന്നും കാഴ്ചപ്പാട് മാത്രമാണെന്നും താന്‍ വായിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം പ്രതിപക്ഷ നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. 

കേരള നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷം തടയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ഗോ ബാക്ക് വിളികളെ ചിരിച്ചു കൊണ്ടാണ് ഗവര്‍ണര്‍ നേരിട്ടത്. ഗവര്‍ണറെ തടയാന്‍ ശ്രമിച്ച പ്രതിപക്ഷം ഗോബാക്ക് വിളികളുമായി നടുത്തളത്തിലിറങ്ങി. പിന്നീട് വാച്ച് ആന്റ് വാര്‍ഡുകള്‍ ഇടപെട്ട് ഗവര്‍ണറെ ഡയസില്‍ എത്തിച്ചു. പ്രതിപക്ഷം നിയമസഭയില്‍ എത്തിയത് പ്ലക്കാഡുകളുമായിട്ടാണ്. സിഎഎ വിരുദ്ധ പ്ലക്കാര്‍ഡുകളായിരുന്നു അംഗങ്ങളുടെ പക്കലുണ്ടായിരുന്നത്.  അനുനയവുമായി മുഖ്യമന്ത്രി പിണറായി വിജയനും എകെ ബാലനും രംഗത്തെത്തിയെങ്കിലും അനുനയത്തിന് വഴങ്ങിയില്ല. നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ സഭ വിട്ട പ്രതിപക്ഷം നിയമസഭ മന്ദിരത്തിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത് പൗരത്വ നിയമം സംബന്ധിച്ച ഭാഗം ഗവര്‍ണര്‍ വായിക്കില്ലെന്ന ഉറപ്പോടെയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അഭ്യര്‍ഥനയ്ക്കു ഗവര്‍ണര്‍ വഴങ്ങിയതോടെ പ്രതിപക്ഷം ഇളിഭ്യരാവുകയായിരുന്നു. ഒപ്പം, മുഖ്യമന്ത്രിയും ഗവര്‍ണറും നാടകം കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.