ഓര്‍മയില്‍ വഴിവാണിഭങ്ങള്‍

Sunday 6 October 2019 5:14 am IST
അച്ചടിയും പുസ്തകപ്രകാശനവും കുടില്‍ വ്യവസായംപോലെ നടന്നുവന്നതു കുന്നംകുളത്തായിരുന്നു. അവിടത്തെ ഓരോ വീടും പുസ്തകനിര്‍മാണം നടത്തിയിരുന്നുവെന്ന പ്രതീതിയുണ്ടായിരുന്നു. അവിടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ എല്ലായിടത്തും വഴിയരികില്‍ വില്‍പ്പനയ്ക്കു കാണാമായിരുന്നു. എഞ്ചുവടിക്കണക്കും ചെറുവത്തേരിയുടെ വിസ്തൃത മനപ്പാഠവും കുട്ടികള്‍ സന്ധ്യാനാമം കഴിഞ്ഞാല്‍ ഉരുവിട്ടു കാണാപ്പാഠമാക്കുന്നതു മിക്ക വീടുകളിലെയും പതിവായിക്കണ്ടു.

ഇരുപത്തിനാലുവൃത്തത്തിന്റെയും പതിനാലുവൃത്തത്തിന്റെയും ഓരോ പതിപ്പുകള്‍ കിട്ടുമോ എന്നു ശ്രമിച്ചപ്പോള്‍ അതിനു വളരെ പ്രയാസമായിക്കണ്ടു. ആദ്യത്തേതു തുഞ്ചത്തെഴുത്തച്ഛന്റേതും മറ്റേതു കുഞ്ചന്‍ നമ്പ്യാരുടെയും കൃതികളാണെന്നു വിശ്വസിക്കപ്പെടുന്നു. ഒന്നു രാമായണവും മറ്റേതു മഹാഭാരതവും കഥകള്‍ ചുരുക്കത്തില്‍ പ്രതിപാദിക്കുന്നവയാകുന്നു. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു ഇവയില്‍നിന്നുമുള്ള ഏതാനും ശ്ലോകങ്ങള്‍ ഇല്ലാതെ ഒരു ക്ലാസ്സിലേയും ഭാഷാ പാഠപുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. ടൈംടേബിളില്‍ അക്കാലത്ത് ഭാഷ എന്നായിരുന്നു, മലയാളം അല്ല വിഷയത്തിന്റെ പേര്. മേല്‍പ്പറഞ്ഞ പുസ്തകങ്ങള്‍ക്കു പുറമെ നീതിസാരത്തിലെയും, എഴുത്തച്ഛന്റെ രാമായണ മഹാഭാരത കാവ്യങ്ങളിലെയും, നമ്പ്യാര്‍, രാമപുരത്തുവാര്യര്‍ തുടങ്ങിയവരുടെയും, ആധുനിക കവിത്രയത്തിന്റെയും കൃതികളില്‍നിന്നും പാഠങ്ങള്‍ ഉണ്ടായിരുന്നു. കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ ശ്രീ യേശുവിജയത്തിലെ ഭാഗങ്ങളും പഠിച്ചിട്ടുണ്ട്.

ഇത്തരം പുസ്തകങ്ങള്‍ അക്കാലത്തു എല്ലായിടങ്ങളിലും വാങ്ങാന്‍ കിട്ടുമായിരുന്നു. അവ പ്രസിദ്ധീകരിച്ചിരുന്ന വളരെ പ്രശസ്തങ്ങളായ പ്രസിദ്ധീകരണശാലകളും നിലനിന്നിരുന്നു. 1950 കള്‍ക്കു മുന്നേ മലയാള വര്‍ഷം 1098-ല്‍ അച്ചടിച്ച ഒരു അദ്ധ്യാത്മരാമായണം ഓര്‍മ വരുന്നു. അതിലെ അക്കങ്ങള്‍ മലയാളത്തിലായിരുന്നു. ലിപിയുടെ കാര്യത്തിലും കൗതുകമുണ്ട്. ഈ എന്ന ദീര്‍ഘം ംരം എന്നായിരുന്നു അതില്‍ അടിച്ചിരുന്നത്. ഇത്തരത്തിലുള്ള മിക്ക പുസ്തകങ്ങളും ഇന്നു കിട്ടുന്നില്ല. ഞാന്‍ ഗുരുവായൂര്‍ സംഘപ്രചാരകനായിരുന്ന 1957-58 കാലത്ത് അവിടത്തെ വൈശാഖക്കാലത്തു കൊല്ലത്തെ ശ്രീരാമവിലാസം പ്രസ് ആന്‍ഡ് ബുക്ക് ഡിപ്പോയുടെ വലിയൊരു വില്‍പ്പനശാല പ്രവര്‍ത്തിച്ചിരുന്നു. മതപരവും ആദ്ധ്യാത്മികവുമായി മലയാളത്തിലെ പുസ്തകങ്ങളെല്ലാം അവിടെ വില്‍പ്പനയ്ക്കു വച്ചിരുന്നു. പ്രസിദ്ധമായിരുന്ന മലയാളരാജ്യം ദിനപത്രവും ചിത്രവാരികയും ആ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ദക്ഷിണകേരളത്തിലെ ധാര്‍മിക, സാംസ്‌കാരിക, സാഹിത്യരംഗങ്ങളില്‍ മലയാളരാജ്യവും ശ്രീരാമവിലാസം പ്രസിദ്ധീകരണങ്ങളും വലിയ പങ്കു നിര്‍വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്തിനുശേഷം ആ സ്ഥാപനം നിലച്ചുപോയത് വലിയ നഷ്ടമായി.

അതുപോലെതന്നെ കൊല്ലം വിദ്യാഭിവര്‍ധിനി അച്ചുകൂടത്തില്‍നിന്നും തെന്നാട്ട് സുബ്ബയ്യാ റെഡ്ഡിയാര്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നത് എന്ന പ്രസ്താവനയുമായും ധാരാളം പുസ്തകങ്ങള്‍ വന്നിരുന്നു. മലയാള പുസ്തക പ്രകാശന രംഗത്തുള്ളവരുടെ സേവനം അവിസ്മരണീയമാകുന്നു. തെന്നാട്ട് സുബ്ബയ്യാ റെഡ്ഡിയാര്‍ സ്ഥാപനം ഇപ്പോള്‍ എസ്.ടി. റെഡ്യാര്‍ ആന്‍ഡ് സണ്‍സ് എന്ന പേരില്‍ ഇന്ത്യയിലെ തന്നെ മികച്ച അച്ചടിശാലയായി എറണാകുളത്തു നിലനില്‍ക്കുന്നു.  പുസ്തക പ്രകാശകരല്ല എന്നുതോന്നുന്നു.

അച്ചടിയും പുസ്തകപ്രകാശനവും കുടില്‍ വ്യവസായംപോലെ നടന്നുവന്നതു കുന്നംകുളത്തായിരുന്നു. അവിടത്തെ ഓരോ വീടും പുസ്തകനിര്‍മാണം നടത്തിയിരുന്നുവെന്ന പ്രതീതിയുണ്ടായിരുന്നു. അവിടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ എല്ലായിടത്തും വഴിയരികില്‍ വില്‍പ്പനയ്ക്കു കാണാമായിരുന്നു. എഞ്ചുവടിക്കണക്കും ചെറുവത്തേരിയുടെ വിസ്തൃത മനപ്പാഠവും കുട്ടികള്‍ സന്ധ്യാനാമം കഴിഞ്ഞാല്‍ ഉരുവിട്ടു കാണാപ്പാഠമാക്കുന്നതു മിക്ക വീടുകളിലെയും പതിവായിക്കണ്ടു.

ആ പഠനത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ആധ്യാത്മിക ഭാവന കുട്ടികളുടെ ഹൃദയത്തിലേക്ക് സഹജമായി ഇറങ്ങിച്ചെല്ലുന്നതിന് ഉപകരിക്കുമായിരുന്നു. നീതിസാരത്തിലെ ഈരടികള്‍ എത്ര ലളിതവും മനോഹരവും സ്വാഭാവികമായ ഒഴുക്കുള്ളവയുമാണെന്നു നോക്കൂ.

''പലരോടും നിനയാതെ ഒരു കാര്യം തുടങ്ങൊല്ല

പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല

അറിവുള്ള ജനം ചൊന്ന വചനത്തെ മറക്കൊല്ല

അറിവില്ലാത്തവര്‍ പിമ്പേ നടന്നീടൊല്ല

അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ല''

അടിയന്തരാവസ്ഥക്കാലത്ത് പുരോഗമനവാദികളുടെയൊക്കെ ആരാധാനാ വിഗ്രഹവും, അനിഷേധ്യനും സര്‍വവിജ്ഞാന കോശവുമൊക്കെയായി കരുതപ്പെട്ടിരുന്ന സാക്ഷാല്‍ എന്‍.വി. കൃഷ്ണവാര്യര്‍, ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെയും അക്കാലത്തെ വിധി നിഷേധങ്ങളെയും വിവരിക്കുന്ന, ഇതിനെ ഓര്‍മിപ്പിക്കുന്ന ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ വരികള്‍ അന്നു കാണാപ്പാഠമാക്കിയെങ്കിലും പിന്നീട് ഓര്‍ത്തുവെക്കാന്‍ കഴിഞ്ഞില്ല.

''എലികളൊരായിരമുണ്ടെന്നാലൊരു

പുലിയൊടു കലഹിപ്പാനെളുതാമോ

കുറുനരിലക്ഷംവന്നാലിന്നൊരു

ചെറുകടുവായെ വധിപ്പാനാമോ

അണ്ടികള്‍ ചപ്പിനടക്കുന്നവനൊരു

തണ്ടിലിരിപ്പാനാഗ്രഹമയ്യോ

ഉപ്പു ചുമന്നുനടക്കുന്നവനൊരു

കപ്പലു കടലിലിറക്കാന്‍ മോഹം

ചൊട്ടച്ചാണ്‍വഴിവട്ടം മാത്രം

കഷ്ടിച്ചങ്ങു പറക്കും കോഴി

ഗരുഡനു പിറകേ ചിറകും വീശി

ഗഗനേ ഗമനം വാഞ്ഛിക്കുന്നൂ

ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയി-

ലഞ്ഞൂറായിരമെണ്ണം കൂടി

ഒരുമിച്ചെങ്കിലനന്തനെടുക്കും

ധരണിയെടുപ്പാനെളുതായ് വരുമോ''

ജീവിതത്തെക്കുറിച്ച്

''കാലത്തിലര്‍ദ്ധം നിശയായ്കഴിഞ്ഞു പോം

ബാലനായ്തന്നെ കുറഞ്ഞോരിടകള്‍പോം

ലീലാവിലാസത്തിലൊട്ടുനാള്‍ പോയിടും

ചേലില്‍ വിദ്യാഭ്യാസകാലമങ്ങൊട്ടുനാള്‍

കാലങ്ങള്‍ കഴിയുമ്പോള്‍ കാലനുമണഞ്ഞിടും

കാലന്റെ വരവിനു നാളേതെന്നറിയുമോ!''

ഇരുപത്തിനാലുവൃത്തത്തിലെയും, പതിനാലുവൃത്തത്തിലെയും ശ്ലോകങ്ങള്‍ അവയുടെ കാവ്യഭംഗികൊണ്ട് നമ്മെ പിടിച്ചിരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. അവയിലെ ഒരു ഭാഗമെങ്കിലും അറിയാത്തവര്‍ ഉണ്ടാവില്ല. രാഷ്ട്രീയപ്രസംഗവേദികളില്‍ അവയിലെ ഉദ്ധരണികള്‍ വരുന്നതു സാധാരണയാണുതാനും.

ഈ വക പുസ്തകങ്ങളില്‍, വഴിയോരക്കച്ചവടക്കാര്‍ നിരത്തിവെച്ചിരുന്നവയുടെകൂടെ വേറെയും ധാരാളം നാടോടികൃതികള്‍ കിട്ടുമായിരുന്നു. ഇരവിക്കുട്ടിപ്പിള്ളപ്പോര് തെക്കന്‍ തിരുവിതാംകൂറിലെ തമിള്‍ച്ചുവയുള്ള മലയാളത്തിലെ ഉദ്വേഗജനകമായൊരു സംഭവത്തിന്റെ വിവരണമാണ്. അതു തെക്കന്‍പാട്ടുകള്‍ എന്നറിയപ്പെടുന്ന സാഹിത്യവിഭാഗത്തില്‍ പെടുന്നവയത്രേ. അവയ്ക്ക് വടക്കന്‍ പാട്ടുകളുടെയത്ര പ്രചാരം കിട്ടാത്തതെന്താണാവോ. മധുരയില്‍ ഭരണം നടത്തിവന്ന വിജയനഗര സാമ്രാജ്യ പ്രതിനിധി തിരുമലനായ്ക്കന്‍ വേണാട് ആക്രമിച്ചപ്പോള്‍ അദ്ദേഹത്തെ നേരിടാന്‍ പുറപ്പെട്ട പടയാളിയായിരുന്നു ഇരവിക്കുട്ടിപ്പിള്ള. ''പോകാതെ പോകാതെ പൊന്നിരവി, പൊല്ലാതസൊപ്പനംകണ്ടു ഞാനും'' എന്ന അദ്ദേഹത്തിന്റെ അമ്മയുടെ അഭ്യര്‍ത്ഥനയും നായ്ക്കനുമായുള്ള യുദ്ധത്തില്‍ അദ്ദേഹം വധിക്കപ്പെട്ടതും, അറുത്തെടുത്ത തല മധുരയിലേക്കുകൊണ്ടുപോയതിനെ പിള്ളയുടെ ശിഷ്യന്‍ 'കാളി നായര്‍' ഒറ്റയ്ക്കു മധുരയിലെ പടപ്പാളയത്തിലെത്തി വീണ്ടുകൊണ്ടുവന്നതും മറ്റുമാണ് പാട്ടിന്റെ വിഷയം.

വഴിയോരക്കച്ചവടക്കാര്‍ വടക്കന്‍ പാട്ടുപുസ്തകങ്ങള്‍ ധാരാളമായി വിറ്റിരുന്നു. തച്ചോളി ഒതേനന്‍, പൊന്നിയന്‍ പടയ്ക്കുപോയ പാട്ടുകഥ, പയ്യനാടന്‍ ചിണ്ടന്‍ നമ്പ്യാരുമായുള്ള പട, കുടര്‍മാല കുങ്കി, ആരോമല്‍ ചേകവരുടെ അങ്കപ്പുറപ്പാട്, ആറ്റും മണമ്മല്‍ ഉണ്ണിയാര്‍ച്ച അല്ലിമലര്‍ക്കാവില്‍ കൂത്തു കാണാന്‍ പോയ കഥ ഇവയുടെയെല്ലാം ചെറിയ പാട്ടു പുസ്തകങ്ങള്‍ കിട്ടുമായിരുന്നു. ശ്രീരാമവിലാസവും എസ്.ടി. റെഡ്യാറും മറ്റും അവ സമാഹരിച്ച് വലിയ പുസ്തകങ്ങളുമാക്കിയിരുന്നു. വടക്കന്‍ പാട്ടുകള്‍ അടുത്തകാലംവരെ സജീവമായി നിലനിന്നിരുന്നു. വീടുകളില്‍ സമൂഹമായി നടന്നുവന്ന എല്ലാ ചടങ്ങുകളിലും അവ ആലപിക്കപ്പെട്ടു. പാടത്തു പണിയെടുത്തിരുന്ന തൊഴിലാളികള്‍ ഞാറുനടുമ്പോഴും, കളപറിക്കുമ്പോഴും അവ ഈണത്തില്‍ സമൂഹഗാനമായി പാടുന്നതിന്റെ ആവേശം ഒന്നുവേറെയായിരുന്നു. 1960ലാണെന്ന് ഓര്‍ക്കുന്നു, വടകരത്താലൂക്കിലെ മൊകേരിക്കടുത്തു ചങ്ങരംകുളം എന്ന സ്ഥലത്തെ വിഷഹാരിയുടെ വീട്ടില്‍ ഒരു വര്‍ഷത്തേക്കുള്ള മരുന്നുകള്‍ അരച്ചു തയാറാക്കുന്നതു കാണാന്‍ പോയപ്പോള്‍ ഡസന്‍ കണക്കിന് സ്ത്രീകള്‍ അമ്മിക്കല്ലില്‍ മരുന്നരയ്ക്കുന്നതിനിടയില്‍ തച്ചോളിപ്പാട്ടുകള്‍ താളത്തില്‍ പാടുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. ശരിക്കും ജനകീയത അവിടെ കണ്ടു.

പുസ്തകങ്ങളുടെ കാര്യമാണല്ലൊ പരാമര്‍ശിച്ചുവന്നത്. അതത് കാലത്തു നാട്ടില്‍ നടന്ന സംഭവങ്ങളെപ്പറ്റിയും നാടന്‍ സാഹിത്യകാരന്മാര്‍ രചിച്ച പുസ്തകങ്ങള്‍ പെട്ടിക്കടകളില്‍ കിട്ടുമായിരുന്നു. കവളപ്പാറക്കൊമ്പന്‍, മല്ലന്‍പിള്ളയെ ആന കുത്തിക്കൊന്ന കഥ, ഭാരതിക്കുട്ടി അഥവാ ഭാസ്‌കരന്റെ ഭാഗ്യോദയം മുതലായ ലഘുപുസ്തകങ്ങളുടെ വില്‍പ്പന അവ വായിച്ച് കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു.

അല്ലിറാണി ചരിതം, സീതാദുഃഖം, കരുണ, ചണ്ഡാലഭിക്ഷുകി മുതലായ പുസ്തകങ്ങളും ഇപ്രകാരം വഴിവാണിഭത്തില്‍ കണ്ടിരുന്നു. വായനയുടെയും വ്യാപാരത്തിന്റെയും ആസ്വാദനശീലത്തിന്റെയും അഭിരുചിയുടെയും സ്വഭാവത്തില്‍ വന്ന മാറ്റം മൂലം ഒട്ടേറെ ഉത്തമഗ്രന്ഥങ്ങള്‍ ലഭിക്കാന്‍ തന്നെ പ്രയാസമായിരുന്നു. നീതിസാരത്തിന്റെ ഒരു കോപ്പി അന്വേഷിച്ചിട്ടുകിട്ടാതെ വന്നപ്പോഴാണ് ഈ ചിന്തകള്‍ മനസ്സില്‍ വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.