വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിഗുളിക വില്‍പന; യുവാവ് പിടിയില്‍, മരുന്നു വില്‍പനശാലകളും കണ്ണികള്‍

Thursday 5 September 2019 3:12 pm IST

ആലപ്പുഴ: ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. പുന്നപ്ര അറവുകാട് രോഹിണി നിവാസില്‍ വിഷ്ണു (കാപ്പിരി വിഷ്ണു-23)വിനെയാണ് നൈട്രാസെപാം ഇനത്തില്‍പ്പെട്ട 120 ലഹരിഗുളികകളുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടും സംഘവും പിടികൂടിയത്. 

മാനസികരോഗികള്‍ക്ക് ചികത്സാര്‍ത്ഥം നല്‍കുന്നതാണ് ഇത്തരത്തില്‍പ്പെട്ട ഗുളികകള്‍. ഇത് വ്യാജ രീതിയില്‍ കൈക്കലാക്കുകയും ലഹരിക്കായും വില്‍പനയ്ക്കായും ഉപയോഗിക്കുന്നതായും പ്രതി സമ്മതിച്ചു. ഇയാള്‍ മയക്കുമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയാണ്. അമ്പലപ്പുഴ ഭാഗങ്ങളിലെ സ്‌കൂള്‍/കോളേജ് കുട്ടികള്‍ക്കിടയില്‍ ഇത്തരം മയക്കുമരുന്ന് ഗുളികകളുടെ ഉപയോഗം കൂടി വരുന്നതായി രഹസ്യവിവരമുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാനിയായ ഇയാള്‍ പിടിയിലാകുന്നത്. 

മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്നും ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികള്‍ ഉണ്ടാക്കിയാണ് ഈ സംഘങ്ങള്‍ ഇത്തരത്തില്‍ ഗുളികകള്‍ കൈക്കലാക്കുന്നത്. 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് 500 രൂപ മുതല്‍ 1000 രൂപ വരെ വില ഈടാക്കാറുണ്ടായിരുന്നു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

വിഷ്ണുവിന് മയക്കുമരുന്നു ഗുളികള്‍ നല്‍കിയ ചില മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ആലപ്പുഴ അസി. എക്‌സൈസ് കമ്മീഷണര്‍ ജോസ് മാത്യുവും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി എസ്. രാജനും അറിയിച്ചു.

നൈട്രാസെപ്പാം ഗുളികകള്‍ മാരകം

കടുത്ത മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും വേദനസംഹാരിയായി ഉപയോഗിക്കുന്ന അതീവ മാരക ഇനത്തില്‍പ്പെട്ട 'നൈട്രോസണ്‍' എന്ന ബ്രാന്‍ഡ് നെയിമിലുള്ള നൈട്രാസെപ്പാം ഗുളികകള്‍ നൈട്രാവറ്റ്, സണ്‍, പെല്ലറ്റ്, പില്‍സ് എന്നീ അപരനാമത്തില്‍ ആണ് ആവശ്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള ഒ ഷെഡ്യൂളില്‍പ്പെടുന്ന ഇത്തരം മയക്കുമരുന്ന് ഗുളികകള്‍ രജിസ്‌റ്റേര്‍ഡ് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അനധികൃതമായി ഇത്തരം ഗുളികകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പരമാവധി 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.