പ്രതിരോധ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറായി എസ്. സുബ്രമണ്യന്‍ ചുമതലയേറ്റു

Tuesday 29 October 2019 4:35 pm IST

ന്യൂദല്‍ഹി: പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറായി തൊടുപുഴ സ്വദേശിയായ എസ്. സുബ്രമണ്യന്‍ ചുമതലയേറ്റു. 2001-ലെ സിവില്‍ സര്‍വീസ് ബാച്ചിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് എസ്.സുബ്രമണ്യന്‍. കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട്‌റീച്ച് ബ്യൂറോയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. 

മൂന്ന് സേനാ വിഭാഗങ്ങളെ കൂടാതെ പ്രതിരോധ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും മീഡിയ-പബ്ലിസിറ്റി കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അംഗീകൃത കാര്യാലയമാണ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷന്‍സ്.  ഈ ഡയറക്ടറേറ്റിന് കീഴില്‍ രാജ്യത്താകമാനം 25-ഓളം പ്രതിരോധ വക്താക്കള്‍ പ്രവര്‍ത്തിക്കുന്നു. 

തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റിയുടെ ഡയറക്ടര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിലെ വാര്‍ത്താ വിഭാഗം ഡയറക്ടര്‍, പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേധാവി, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ബീഹാര്‍, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര, ജമ്മു-കാഷ്മീര്‍ എന്നിവിടങ്ങളിലെ പൊതു-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇലക്ഷന്‍ കമ്മീഷന്റെ നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 തൊടുപുഴ കാരോട്ടുമന മഠത്തില്‍ പരേതനായ ശങ്കറിന്റേയും സരസ്വതി അമ്മാളിന്റേയും മകനാണ് സുബ്രമണ്യൻ. രജനിയാണ് ഭാര്യ. രശ്മി, ദേവ്‌തോഷ് എന്നിവര്‍ മക്കളാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.