മന്ത്രി സുധാകരന്റെ നിര്‍ദേശം നഗരസഭ തള്ളി; പാര്‍ക്കിംഗ് ഫീസ് തുടരും

Wednesday 10 July 2019 4:20 pm IST

തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡുകളില്‍ വാഹന പാര്‍ക്കിംഗിനു ഫീസ് ഈടാക്കരുതെന്ന മന്ത്രി ജി.സുധാകരന്റെ ഉത്തരവ് ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ തള്ളി.   

നിലവിലെ നടപടി തുടരാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2011 ലെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണു പാര്‍ക്കിംഗ് ഫീസ് തുടരാന്‍ തീരുമാനിച്ചത്.  സര്‍ക്കുലര്‍ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ട്രാഫിക് ക്രമീകരണ കമ്മറ്റികള്‍ രൂപീകരിച്ചു ഫീസ് ഈടാക്കാമെന്നു മേയര്‍  വി.കെ.പ്രശാന്ത് പറഞ്ഞു. എന്നാല്‍ ഉത്തരവില്‍ പാര്‍ക്കിംഗ് ഫീസിനെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം ഉണ്ടോയെന്ന് ബിജെപി അംഗങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മേയര്‍ മറുപടി നല്‍കിയില്ല.

പാര്‍ക്കിംഗ് ഫീസിനെ സംബന്ധിച്ചു ചര്‍ച്ച ചെയാന്‍ 34 ബിജെപി കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു  പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത്. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപനാണു ഇതുസംബന്ധിച്ച പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. നഗരസഭാ നിയമം അനുസരിച്ച് റോഡുകളില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനു നഗരസഭയ്ക്കു അധികാരമില്ല. പത്ത് ദിവസത്തേക്ക് പരീക്ഷണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പിരിവാണ് എല്ലാ ഭാഗത്തേക്കും വ്യാപിപ്പിച്ചത്. 

നഗരസഭയുടെ ഈ തെറ്റായ നടപടിയാണു സിപിഎം മന്ത്രി കൂടിയായ ജി.സുധാകരന്‍ തിരുത്തിയത്. 1531 കോടി രൂപ മിച്ച ബജറ്റുള്ള നഗരസഭയില്‍ ഗതാഗത നിയന്ത്രണത്തിന് വാര്‍ഡന്‍മാര്‍ക്ക് ശമ്പളം നല്‍കി നിലനിര്‍ത്തണമെന്നും എം.ആര്‍. ഗോപന്‍ ആവശ്യപ്പെട്ടു.  പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ നില്‍ക്കുന്ന വാര്‍ഡന്‍മാരുടെ ജോലി നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് ഗിരികുമാര്‍ പറഞ്ഞു. 158 പേരെ നിയമിച്ചത് കൗണ്‍സില്‍ അറിഞ്ഞില്ലെന്നും ഗിരികുമാര്‍ പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ് റോഡെങ്കിലും വൃത്തിയാക്കേണ്ടത് നഗരസഭയാണെന്നും പാര്‍ക്കിംഗ് ഫീസ് തുക വാര്‍ഡുകളിലെ വികസനത്തിനു വേണ്ടി തരുന്നുണ്ടെന്നുമുള്ള എല്‍ഡിഎഫ് അംഗം മേടയില്‍ വിക്രമന്റെ പരാമര്‍ശം ബഹളത്തിന് ഇടയാക്കി. 

മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഒരു രൂപയുടെ ഗുളിക വാങ്ങിക്കാന്‍ രണ്ടു രൂപ പാര്‍ക്കിംഗ് ഫീസ് കൊടുക്കേണ്ട ഗതികേടാണ് ജനങ്ങള്‍ക്കെന്ന് കരമനഅജിത് പറഞ്ഞു. നഗരസഭ നടത്തുന്നത് പകല്‍കൊള്ളയാണെന്ന് തിരുമല അനില്‍ പറഞ്ഞു. ട്രാഫിക് ഉപദേശക സമിതിയില്‍ കക്ഷി നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വാക്കിന് മേയര്‍ വില കല്‍പ്പിക്കുന്നില്ല. കഴക്കൂട്ടത്ത് പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കാത്തത് എന്തു കൊണ്ടാണെന്നും പാപ്പനംകോട് സജി ചോദിച്ചു.  നഗരസഭയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുത്ത് പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്ന് മഞ്ജു ജി.എസും ആവശ്യപ്പെട്ടു. 

പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ 54 ലക്ഷത്തിലധികം രൂപ അക്കൗണ്ടില്‍ ഉണ്ടെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. രസീത് എടുത്തുകഴിഞ്ഞാല്‍ നഗരത്തിലെവിടെയും ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും. ട്രാഫിക് ഉപദേശക സമിതിയില്‍ കക്ഷി നേതാക്കളെ ഉള്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.