സിപിഐക്കാരുടെ ഭീഷണിയില്‍ പ്രവാസി ജീവനൊടുക്കി

Friday 23 February 2018 3:56 pm IST
<

പത്തനാപുരം: പാട്ടത്തിനെടുത്ത സ്ഥലത്ത് വാഹനവര്‍ക്‌ഷോപ്പ് നിര്‍മ്മിക്കുന്ന വേളയില്‍ സിപിഐക്കാര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ജീവനൊടുക്കി. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് മരിച്ചത്. 

ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപം വര്‍ക്‌ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡിലാണ് സുഗതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരുക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള നീക്കത്തിന്റെ തെളിവായി സംശയിക്കുന്നു.

നാല്‍പ്പതു വര്‍ഷമായി ഗള്‍ഫില്‍ വര്‍ക്‌ഷോപ്പ് നടത്തിവന്ന സുഗതന്‍ രണ്ടുമാസം മുമ്പ് മടങ്ങിയെത്തി ഇവിടെ ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. വിളക്കുടി പഞ്ചായത്തിലെ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനില്‍ സമീപവാസിയായ ഒരാളുടെ നികത്തിയ വയല്‍ പാട്ടത്തിനെടുത്ത് വാഹന വര്‍ക്ക്‌ഷോപ്പിനുള്ള ഷെഡിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇതോടെ സിപിഐയും അവരുടെ യുവജന സംഘടനയായ എഐവൈഎഫും രംഗത്തെത്തി. ഇവിടെ നിര്‍മ്മാണം അനുവദിക്കില്ലെന്ന് വാശിയോടെ കൊടികുത്തുകയും ചെയ്തു. 

കൊല്ലത്ത് ഏപ്രിലില്‍ നടക്കുന്ന സിപിഐ അഖിലേന്ത്യാ സമ്മേളനത്തിന് രണ്ട് ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നായിരുന്നു വാഗ്ദാനം. സുഗതന്‍ പണം നല്‍കാന്‍ തയ്യാറായില്ല. 15 വര്‍ഷം മുന്‍പ് നികത്തിയ വയലാണ് പാട്ടത്തിനെടുത്തിരുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിന് പണം ആവശ്യപ്പെട്ട് സിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയത് സുഗതനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു.

കൊടി എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് സുഗതന്‍ നിരവധി തവണ സിപിഐ നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ പണം തന്നാല്‍ കൊടി മാറ്റാമെന്നും അല്ലെങ്കില്‍ വെള്ളിയാഴ്ച തന്നെ ഷെഡ് പൊളിച്ചു മാറ്റണമെന്ന അന്ത്യശാസനവും നല്‍കി. ഇന്നലെ രാവിലെ ഏഴുമണിയോടെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിലാണ് സുഗതന്‍ എത്തിയത്. സഹായിയെ ചായകുടിക്കാന്‍ പറഞ്ഞ് വിട്ട ശേഷം സുഗതന്‍ ജീവനൊടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഭാര്യ: സരസമ്മ. മക്കള്‍: സുജിത്ത്, സുനില്‍ ബോസ്. സംഭവത്തില്‍ കുന്നിക്കോട് പോലീസ് അന്വേഷണം തുടങ്ങി.

 

<

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.