സുഗതന്റെ ആത്മഹത്യ: സിപിഐ നേതാക്കള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തണം

Monday 26 February 2018 6:30 pm IST

കൊല്ലം: പുനലൂരില്‍ പ്രവാസി ആത്മഹത്യചെയ്തതിന്  സിപിഐ നേതാക്കള്‍ക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാനവക്താവ് എം.എസ്. കുമാര്‍. നാല്‍പ്പത് വര്‍ഷം വിദേശത്ത് കഠിനാധ്വാനം ചെയ്ത് സമ്പാദിച്ചത് കൊണ്ട് നാട്ടില്‍ വ്യവസായം തുടങ്ങാന്‍ വന്ന സുഗതന് രാഷ്ട്രീയഭീഷണിയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് രൂപാ മുടക്കി ലോക കേരളസഭാ നടത്തി മുഖ്യമന്ത്രി പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് സ്വന്തം മുന്നണി നേതാക്കളെ ഉപയോഗിച്ച് അവരുടെ ജീവനെടുക്കാന്‍ വേണ്ടിയാണ്. മന്ത്രി കൂടിയായ സ്ഥലം എംഎല്‍എ കെ. രാജു മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ആ വീട് സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഡിവൈഎസ്പിയെ ഉപയോഗിച്ച് മന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കുമാര്‍ ആരോപിച്ചു.

പ്രവാസിയുടെ കഠിനാധ്വാനത്തിന്റേയും സ്വപ്‌നങ്ങളുടേയും പുറത്താണ് എഐവൈഎഫുകാര്‍ കൊടി കുത്തിയത്. 2008ലെ തണ്ണീര്‍തട നെല്‍വയല്‍ സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് മുമ്പാണ് ആ പ്രദേശം നികത്തിയത്. മറിച്ചാണെങ്കില്‍ സമീപത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും ബിഷപ്പ് ഹൗസിലും കൊടികുത്താന്‍ സിപിഐ തയ്യാറാണോ എന്ന് വ്യക്തമാക്കണം.

റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ നേതാക്കന്മാരുടെ കൊടികുത്തല്‍ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എം.എസ്. കുമാര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ ജി. ഗോപിനാഥും സംസ്ഥാന ഉപാദ്ധ്യക്ഷ ബി. രാധാമണിയും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.