പാക്കിസ്ഥാന്‍ വെടിവെച്ചു വീഴ്ത്തിയെന്ന് അവകാശവാദം ഉന്നയിച്ച സുഖോയ് വിമാനം പറത്തി ഇന്ത്യയുടെ മറുപടി; അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21 ബൈസണ്‍ വിമാനത്തിലും പറന്നു

Wednesday 9 October 2019 11:18 am IST

ന്യൂദല്‍ഹി : പാക്കിസ്ഥാന്‍ വെടിവെച്ചു വീഴ്ത്തിയതായി അവകാശ വാദം ഉന്നയിച്ച വിമാനം പറത്തി മറുപടി നല്‍കി ഇന്ത്യ. ബലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനം തകര്‍ത്തതായി പാക്കിസ്ഥാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വ്യോമസേന ദിനത്തോടനുബന്ധിച്ച് അതേ വിമാനം യുപി ഹിന്‍ഡനില്‍ പറത്തി ഇന്ത്യ ചുട്ട മറുപടി നല്‍കി. 

കഴിഞ്ഞ ഫെബ്രുവരിയിലെ സംഘര്‍ഷ വേളയില്‍ അവഞ്ചര്‍ 1 എന്ന കോള്‍ സൈന്‍ എന്ന വിമാനത്തെ തകര്‍ത്തുവെന്നായിരുന്നു പാക്കിസ്ഥാന്റെ  അവകാശവാദം. ചൊവ്വാഴ്ച്ച വിമാനത്തിന്റെ കോള്‍ സൈനും അവഞ്ചര്‍ 1 ആണ്. വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ അതിര്‍ത്തിയില്‍ പാക് യുദ്ധവിമാനങ്ങളെ നേരിട്ട പൈലറ്റുമാര്‍ തന്നെയാണ് ഹിന്‍ഡനില്‍ സുഖോയ് പറത്തിയത്.

ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നടന്ന സേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മിറാഷ് യുദ്ധ വിമാനങ്ങള്‍ക്കൊപ്പം 2 സുഖോയ് വിമാനങ്ങള്‍ പറന്നത്. ബാലാകോട്ട് വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകര്‍ത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21 ബൈസണ്‍ വിമാനത്തില്‍ പറന്നു. 3 മിഗ് 21 വിമാനങ്ങളെ നയിച്ചു മുന്നില്‍ കുതിച്ച അഭിനന്ദന്‍ ആകാശത്തു നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ കാണികളെ ആവേശം കൊള്ളിച്ചു. യുദ്ധ വിമാനങ്ങള്‍ക്കു പുറമേ ഇന്ത്യ അടുത്തിടെ സ്വന്തമാക്കിയ ചിനൂക്, അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്ററുകളും ആകാശ വിസ്മയം ഒരുക്കി. ബാലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സേനാ യൂണിറ്റുകളേയും ചടങ്ങില്‍ ആദരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.