തരുണ്‍ തേജ്പാലിനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിയില്ല; വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാൻ സുപ്രീംകോടതിയുടെ നിർദേശം

Monday 19 August 2019 1:42 pm IST

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനും തെഹല്‍ക സ്ഥാപക എഡിറ്ററുമായ തരുണ്‍ തേജ്പാലിനെതിരായ ലൈംഗിക ബലാത്സംഗകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും സമൂഹത്തിനെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ എത്രയും വേഗം വിചാരണ ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

തേജ്പാല്‍ വിചാരണ നടപടിയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു തരത്തിലും ധാര്‍മികമായി അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യമാണിതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. അക്രമം ഇരയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. 

ഇതിനോടകംതന്നെ വിചാരണയില്‍ കാലതാമസമുണ്ടായതായി കോടതി ചൂണ്ടികാട്ടി.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഗോവ കോടതിക്ക് നിര്‍ദേശം നല്‍കി. കേസില്‍ വിപുലമായ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി.

ലൈംഗികാതിക്രമം ആരോപിക്കുന്നത് ആര്‍ക്കും സൗകര്യപ്രദമാണെന്ന് തേജ്പാലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് അവകാശപ്പെട്ടു. തന്റെ കേസിനെ പിന്തുണച്ച് ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ചാണ് വാദിച്ചത്. അതേസമയം,  പ്രതികള്‍ക്കെതിരെ ധാരാളം തെളിവുകള്‍ ഉള്ളതിനാല്‍ ഈ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഗോവ പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

2013 സെപ്തംബറില്‍ പനാജിയില്‍ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.