ശബരിമല ഹര്‍ജികളിലെ വാദത്തിന്റെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു; ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

Monday 13 January 2020 2:39 pm IST

ശബരില യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള ഹര്‍ജികളില്‍ വാദത്തിന്റെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും.  വിവിധ ഹര്‍ജികളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനായി സോളിസിറ്റര്‍ ജനറലിനെ കോടതി ചുമതലപ്പെടുത്തി. ജനുവരി 17ന് ആയിരിക്കും  അഭിഭാഷകരുടെ യോഗം നടക്കുക. എല്ലാ കക്ഷികളും ഒരേ കാര്യം വാദിക്കരുതെന്ന നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം കോടതി മുന്നോട്ടുവെച്ചത്.

പുനഃപരിശോധനാ ഹര്‍ജികളില്‍ ഭൂരിപക്ഷ വിധി തെറ്റെന്നു പ്രഖ്യാപിക്കണമെന്നും എന്തിനാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്നും ഇന്ദിരാ ജെയ്സിങ്ങ് വാദിച്ചു. ശിരൂര്‍ മഠം കേസ് ഏഴംഗ ബെഞ്ച് പരിഗണിച്ചതിനാലാണ് ശബരിമല വിഷയം ഒന്‍പതംഗ ബെഞ്ചിലേക്ക് വിട്ടത്. എന്നാല്‍ ശിരൂര്‍ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ജെയ്‌സിങ് വ്യക്തമാക്കി. അതിനിടെ ശബരിമല കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ വ്യക്തതയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.

ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്റെ ലക്ഷ്യം. ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്ന സമയത്ത് വാദങ്ങള്‍ കേള്‍ക്കാമെന്നും കോടതി നിലപാടെടുത്തു.

അതേ സമയം പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് പ്രധാനമായും കോടതിയില്‍ നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.