സുഷമാ ശര്‍മ സുഷമാ സ്വരാജ് ആയത്

Tuesday 6 August 2019 11:58 pm IST
ആ കൂട്ടത്തില്‍ സ്വരാജ് കൗശല്‍ എന്ന യുവാവുമുണ്ടായിരുന്നു, രാഷ്ട്രീയംകൊണ്ട് സോഷ്യലിസ്റ്റ്, തൊഴില്‍ കൊണ്ട് അഭിഭാഷകന്‍. അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു, വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു, 1975 ജൂലൈ 13 ന്, അവര്‍ വിവാഹിതരായത്. അങ്ങനെ സുഷമാ ശര്‍മ, സുഷമാ സ്വരാജ് ആയി.

നെറ്റിയിലെ സിന്ദൂരപ്പൊട്ട്, നെറുകയിലെത്തുന്ന സീമന്തക്കുറി, തലയും മറയ്ക്കുന്ന സാരി, കൈവളകള്‍, വിനയം പെരുമാറ്റഗുണങ്ങള്‍ എല്ലാം ചേര്‍ന്ന്കാണുമ്പോള്‍ നല്ലൊരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയാണെന്ന് ആരും പറയും. കനിവും കാരുണ്യവും സേവന-സാമൂഹ്യ പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി നല്ലൊരു മനുഷ്യസ്നേഹിയെന്നായിരിക്കും മറ്റുചിലരുടെ വിശേഷണം. നയവും നിലപാടും വാദവും പ്രസംഗവും മുന്‍നിര്‍ത്തി മികച്ച രാഷ്ട്രീയ പ്രവര്‍ത്തകയെന്നായിരിക്കും ഇനിയൊരു വിലയിരുത്തല്‍. പിടിപ്പും കാര്യശേഷിയും നടത്തിപ്പും ആസൂത്രണവും നോക്കിയാല്‍ മികച്ച ഭരണാധികാരിയെന്നാവും മാര്‍ക്കിടല്‍. വാക്കിലും നോക്കിലും വേഷത്തിലും ഭാഷയിലുമെല്ലാമെല്ലാം മികവു പുലര്‍ത്തുന്ന സുഷമ രാജ്യം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു.

ഹരിയാനയിലെ അംബാല കന്റോണ്‍മെന്റിനടുത്ത് ഹര്‍ദേവ് ശര്‍മയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം; 1952 ഫെബ്രുവരി 14 ന്. പാകിസ്ഥാന്‍ ലാഹോറിലെ ധര്‍മപുരയില്‍നിന്ന് ഭാരത വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ് ശര്‍മയും കുടുംബവും. പഞ്ചാബ് സര്‍വകലാശാലയില്‍പെട്ട, ചണ്ഡീഗഢ് സനാതാന്‍ ധര്‍മ കോളെജില്‍ ബിഎ ഡിഗ്രിയാണ് സുഷമ പഠിച്ചത്, പൊളിറ്റിക്കല്‍ സയന്‍സ് മുഖ്യ വിഷയം, സംസ്‌കൃതം ഉപവിഷയം. പിന്നീട് എല്‍എല്‍ബിയും നേടി. പഠനകാലത്ത് വിദ്യാര്‍ഥിരാഷ്ട്രീയത്തിലുണ്ടായിരുന്നു, എബിവിപിയില്‍. കാര്യമായിത്തന്നെ കാമ്പസ് രാഷ്ട്രീയ രംഗത്തിറങ്ങിയിരുന്നു. അക്കാലത്ത്, 1970കളില്‍, ദല്‍ഹി സര്‍വകലാശാലയില്‍ ചെയര്‍മാന്‍ പദത്തിന് മത്സരിച്ച എബിവിപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ പ്രചാരണത്തിന് സുഷമാ ശര്‍മ, ദല്‍ഹി കോളെജുകളില്‍ എത്തിയിരുന്നു. 

തകര്‍പ്പന്‍ ഹിന്ദി പ്രസംഗം, ഉജ്വല വാക്ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശകലനവും, ...കാമ്പസ് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ ഇതില്‍ പലതും അധികയോഗ്യതകളായിരുന്നു. പഠിത്തം കഴിഞ്ഞ് സുപ്രീം കോടതിയില്‍ 1973-ല്‍ അഭിഭാഷകയായി പ്രവര്‍ത്തനം തുടങ്ങി. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനുകാരണമായത് രാജ്യത്തെ കോണ്‍ഗ്രസ് അഴിമതിക്കെതിരേ വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയ പ്രതിഷേധം കാട്ടുതീപോലെ പടര്‍ന്നതും, അത് സമ്പൂര്‍ണ വിപ്ലവ ആഹ്വാനമായി ജയപ്രകാശ് നാരായണ്‍ നയിച്ചതുമായിരുന്നുവല്ലോ. അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലതലത്തില്‍ നടന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആര്‍എസ്എസും അതിശക്തമായി അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടി. 

ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ അതി തീവ്രമായി പ്രതിരോധ രംഗത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ചെറുക്കുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് അദ്ദേഹം സജ്ജമാക്കിയ നിയമ പ്രതിരോധ സംഘത്തില്‍, അഭിഭാഷകയായ സുഷമാ ശര്‍മ അംഗമായിരുന്നു. ആ കൂട്ടത്തില്‍ സ്വരാജ് കൗശല്‍ എന്ന യുവാവുമുണ്ടായിരുന്നു, രാഷ്ട്രീയംകൊണ്ട് സോഷ്യലിസ്റ്റ്, തൊഴില്‍ കൊണ്ട് അഭിഭാഷകന്‍. അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു, വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു, 1975 ജൂലൈ 13 ന്, അവര്‍ വിവാഹിതരായത്. അങ്ങനെ സുഷമാ ശര്‍മ, സുഷമാ സ്വരാജ് ആയി. 

സ്വരാജ് കൗശല്‍ അഭിഭാഷകനാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സോഷ്യലിസ്റ്റ് രാഷ്ട്രീയപക്ഷത്തായിരുന്നു ആദ്യകാലം. 1990 മുതല്‍ 93 വരെ മിസോറാം ഗവര്‍ണര്‍ ആയിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമായിരുന്നു. ഇക്കാലത്തിനിടെ 1998-99 വര്‍ഷം സുഷമ ലോക്സഭാംഗവും. പിന്നീട് 2000 മുതല്‍ 2004 വരെ സുഷമ രാജ്യസഭാംഗമായപ്പോള്‍ ഇരുവരും ഒരേ സഭയില്‍- ഭാര്യയും ഭര്‍ത്താവും ഒരേ സഭയില്‍ അംഗമായിരുന്ന സംഭവങ്ങള്‍ വേറേയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.