സുഷമ, സുസ്മിത, സുസമ്മത, ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച അമ്മ നക്ഷത്രം

Tuesday 6 August 2019 11:59 pm IST

രിയാനയിലെ അംബാല കന്റോണ്‍മെന്റിനടുത്ത് ഹര്‍ദേവ് ശര്‍മയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം; 1952 ഫെബ്രുവരി 14 ന്. പാകിസ്ഥാന്‍ ലാഹോറിലെ ധര്‍മപുരയില്‍നിന്ന് ഭാരത വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ് ശര്‍മയും കുടുംബവും. പഞ്ചാബ് സര്‍വകലാശാലയില്‍പെട്ട, ചണ്ഡീഗഢ് സനാതാന്‍ ധര്‍മ കോളെജില്‍ ബിഎ ഡിഗ്രിയാണ് സുഷമ പഠിച്ചത്, പൊളിറ്റിക്കല്‍ സയന്‍സ് മുഖ്യ വിഷയം, സംസ്‌കൃതം ഉപവിഷയം. പിന്നീട് എല്‍എല്‍ബിയും നേടി. പഠനകാലത്ത് വിദ്യാര്‍ഥിരാഷ്ട്രീയത്തിലുണ്ടായിരുന്നു, എബിവിപിയില്‍. കാര്യമായിത്തന്നെ കാമ്പസ് രാഷ്ട്രീയ രംഗത്തിറങ്ങിയിരുന്നു. അക്കാലത്ത്, 1970കളില്‍, ദല്‍ഹി സര്‍വകലാശാലയില്‍ ചെയര്‍മാന്‍ പദത്തിന് മത്സരിച്ച എബിവിപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ പ്രചാരണത്തിന് സുഷമാ ശര്‍മ, ദല്‍ഹി കോളെജുകളില്‍ എത്തിയിരുന്നു.

തകര്‍പ്പന്‍ ഹിന്ദി പ്രസംഗം, ഉജ്വല വാക്ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശകലനവും, കാമ്പസ് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ ഇതില്‍ പലതും അധികയോഗ്യതകളായിരുന്നു. പഠിത്തം കഴിഞ്ഞ് സുപ്രീം കോടതിയില്‍ 1973-ല്‍ അഭിഭാഷകയായി പ്രവര്‍ത്തനം തുടങ്ങി. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനുകാരണമായത് രാജ്യത്തെ കോണ്‍ഗ്രസ് അഴിമതിക്കെതിരേ വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയ പ്രതിഷേധം കാട്ടുതീപോലെ പടര്‍ന്നതും, അത് സമ്പൂര്‍ണ വിപ്ലവ ആഹ്വാനമായി ജയപ്രകാശ് നാരായണ്‍ നയിച്ചതുമായിരുന്നുവല്ലോ. അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലതലത്തില്‍ നടന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആര്‍എസ്എസും അതിശക്തമായി അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടി.

ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ അതി തീവ്രമായി പ്രതിരോധ രംഗത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ചെറുക്കുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് അദ്ദേഹം സജ്ജമാക്കിയ നിയമ പ്രതിരോധ സംഘത്തില്‍, അഭിഭാഷകയായ സുഷമാ ശര്‍മ അംഗമായിരുന്നു. ആ കൂട്ടത്തില്‍ സ്വരാജ് കൗശല്‍ എന്ന യുവാവുമുണ്ടായിരുന്നു, രാഷ്ട്രീയംകൊണ്ട് സോഷ്യലിസ്റ്റ്, തൊഴില്‍ കൊണ്ട് അഭിഭാഷകന്‍. അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു, വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു, 1975 ജൂലൈ 13 ന്, അവര്‍ വിവാഹിതരായത്. അങ്ങനെ സുഷമാ ശര്‍മ, സുഷമാ സ്വരാജ് ആയി.

സ്വരാജ് കൗശല്‍ അഭിഭാഷകനാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സോഷ്യലിസ്റ്റ് രാഷ്ട്രീയപക്ഷത്തായിരുന്നു ആദ്യകാലം. 1990 മുതല്‍ 93 വരെ മിസോറാം ഗവര്‍ണര്‍ ആയിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമായിരുന്നു. ഇക്കാലത്തിനിടെ 1998-99 വര്‍ഷം സുഷമ ലോക്സഭാംഗവും. പിന്നീട് 2000 മുതല്‍ 2004 വരെ സുഷമ രാജ്യസഭാംഗമായപ്പോള്‍ ഇരുവരും ഒരേ സഭയില്‍- ഭാര്യയും ഭര്‍ത്താവും ഒരേ സഭയില്‍ അംഗമായിരുന്ന സംഭവങ്ങള്‍ വേറേയില്ല.

 

25 ല്‍ എംഎല്‍എ, പിന്നെ...

അടിയന്തരാവസ്ഥയ്ക്ക് ശേഷം കേന്ദ്രത്തില്‍ ജനതാ സര്‍ക്കാരുണ്ടായി. ജനതാ പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ഹരിയാനയില്‍ ദേവിലാലിന്റെ നേതൃത്വത്തിലായിരുന്നു ജനതാ പാര്‍ട്ടി മുന്നേറ്റം. അവിടെ 1977 -ല്‍ സുഷമാ സ്വരാജ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍ പ്രായം 25 വയസ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ എംഎല്‍എ ആയ വനിത. 1982 വരെയും പിന്നീട് 1987 മുതല്‍ 90 വരെയും എംഎല്‍എ. ദേവിലാല്‍മന്ത്രിസഭയില്‍ ഹരിയാനയില്‍ സുഷമാ സ്വരാജ് 1979-ല്‍ കാബിനറ്റ് മന്ത്രിയായി. അപ്പോള്‍ 27 വയസ്. 1984-ല്‍ സുഷമ ബിജെപിയില്‍ ചേര്‍ന്നു. 1987 മുതല്‍ 90 വരെ ഹരിയാനയില്‍ ബിജെപി-ലോക്ദള്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സുഷമ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് സുഷമാ സ്വരാജ് എത്തുന്നത് ബിജെപിയില്‍ ചേര്‍ന്ന് 1990 ആകുമ്പോഴാണ്. 1990-ല്‍ രാജ്യസഭാംഗമായി. പതിനൊന്നാം ലോക്സഭയിലേക്ക് ദല്‍ഹി സൗത്ത് മണ്ഡലത്തില്‍നിന്ന് 1996-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ കേന്ദ്ര ബിജെപി സര്‍ക്കാരില്‍ മന്ത്രിയായി. 13 ദിവസത്തെ വാജ്പേയി സര്‍ക്കാരിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു സുഷമ.

1998-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചു. ആ സര്‍ക്കാരിലും ഇതേ വകുപ്പില്‍. ഒപ്പം ടെലികമ്യൂണിക്കേഷന്‍, വ്യവസായം എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. 1998 ഒക്ടോബറില്‍ കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് ദല്‍ഹി മുഖ്യമന്ത്രിയുടെ ചുമതലയേറ്റു.

ദല്‍ഹി മുഖ്യമന്ത്രി

 

അതൊരു പരീക്ഷണമായിരുന്നു. തലസ്ഥാനമായ ദല്‍ഹിക്ക് ആദ്യമായി വനിതാ മുഖ്യമന്ത്രി. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് സുഷമാ സ്വരാജിനെ രാജിവയ്പ്പിച്ച് ദല്‍ഹി മുഖ്യമന്ത്രിയാക്കിയത്. ബിജെപിയുടെ ദല്‍ഹി ഭരണം മദന്‍ലാല്‍ ഖുറാന മുഖ്യമന്ത്രിയായിക്കൊണ്ടായിരുന്നു. കേന്ദ്രത്തില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാലം. പ്രധാനമന്ത്രിയേക്കാള്‍ ദല്‍ഹി മുഖ്യമന്ത്രിക്ക് പ്രഭാവം. കോണ്‍ഗ്രസാകട്ടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായി നരസിംഹ റാവു. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റുതൊപ്പിയിടുമെന്ന് ഉറപ്പായി. അപ്പോഴാണ് സ്വന്തം പാര്‍ട്ടിയിലെ എതിരാളികളേയും പ്രതിപക്ഷത്തേയും ഒറ്റവെടിക്ക് വീഴിക്കാന്‍ റാവു 'ജെയിന്‍ ഹവാലാ' ഡയറി പുറത്തെടുത്തത്. ആ 'കള്ളഡയറി'യില്‍ എല്‍.കെ. അദ്വാനിയും മദന്‍ലാല്‍ ഖുരാനയും ഉണ്ടെന്നായിരുന്നു വ്യാഖ്യാനം. ചുരക്കപ്പേരുകളില്‍ 'എല്‍കെഎ' എന്നും 'എംഎല്‍കെ' എന്നും ഉണ്ടായിരുന്നു. ഖുരാന രാജിവച്ചു. പകരം സാഹിബ്സിങ് വര്‍മ മുഖ്യമന്ത്രിയായി. പക്ഷേ, സാഹിബിന്റെ ഭരണത്തില്‍ ദല്‍ഹി ഒതുങ്ങുന്നില്ലെന്ന നിലവന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് പാര്‍ട്ടി സുഷമയെ മുഖ്യമന്ത്രിയാക്കി.

വമ്പിച്ച മാറ്റമായിരുന്നു അതുണ്ടാക്കിയത്. 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി. പോലീസിനൊപ്പം പാതിാവിലും നഗരം ചുറ്റുന്ന മുഖ്യമന്ത്രി. ജനങ്ങളുടെ ഏതാവശ്യത്തിനും എവിടെയും എപ്പോഴും ഓടിയെത്തുന്ന മുഖ്യമന്ത്രി. 'വിത് യു, ഫോര്‍ യു, ആള്‍വെയ്സ്' - നിങ്ങള്‍ക്കൊപ്പം, നിങ്ങള്‍ക്കുവേണ്ടി, സദാപി. അതൊരു ആവേശമായി വന്നപ്പോള്‍ നാട്ടില്‍ ഉള്ളിക്ക് ക്ഷാമം വന്നു. ഉല്‍പ്പാദനം കുറഞ്ഞു. എന്തിനും സമീപ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദല്‍ഹിക്ക് ആ ഉള്ളിക്ഷാമം താങ്ങാനായില്ല. വിളനാശവുംകൂടിയായപ്പോള്‍ സവാളവില കിലോയ്ക്ക് 60 രൂപ കടന്നു. അത് ആഘാതമായി. തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. വനിതാ മുഖ്യമന്ത്രിയെന്ന ബിജെപി പരീക്ഷണം കോണ്‍ഗ്രസ് ഏറ്റെടുത്തു. ഷീലാ ദീക്ഷിത് തുടര്‍ച്ചയായി മൂന്നുവട്ടം ദല്‍ഹി മുഖ്യമന്ത്രിയായി.

സുഷമയുടേത് തോല്‍വിയായിരുന്നോ? അങ്ങനെ പറയാനുമാവില്ല. ഈ പ്രതിസന്ധികളെല്ലാം വന്നിട്ടും ആകെയുള്ള 68 സീറ്റില്‍ ബിജെപിക്ക് 31 സീറ്റായിരുന്നു. കോണ്‍ഗ്രസിനും 31. കോണ്‍ഗ്രസില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് അഞ്ചു സീറ്റ് നേടി. ബിജെപിയെ എങ്ങനെയും പുറത്താക്കുകയെന്ന രാഷ്ട്രീയത്തില്‍, പിണങ്ങിയവര്‍ ഇണങ്ങി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കി.

 

ലോകശ്രദ്ധയിലേക്ക്

സുഷമാ സ്വരാജ് ബിജെപിയുടെ ആദ്യത്തെ വനിതാ വക്താവാണ്. ബിജെപിയുടെയെന്നല്ല, ഇന്ത്യയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ആദ്യ വനിതാ വക്താവ്. അതുകൊണ്ടുതന്നെ, പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ ബിജെപിയുടെ നയവും നിലപാടും പറഞ്ഞ്, പ്രതിയോഗികളുടെ വിമര്‍ശനങ്ങളെ സമര്‍ഥമായി നേരിടുന്ന ആളെന്ന നിലയില്‍ സുഷമാ സ്വരാജ് ശ്രദ്ധേയ ആയിരുന്നു. എന്നാല്‍ 1999-ലെ പൊതു തെരഞ്ഞെടുപ്പോടെ ലോകശ്രദ്ധ നേടി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ മത്സരിച്ചത് സുഷമയായിരുന്നു.

കര്‍ണാടകം അന്ന് കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനമാണ്. പിന്നെ ജനതാദള്‍. ബിജെപി വളര്‍ന്നുവരുന്നു. ബെല്ലാരി, 1951 മുതല്‍ കോണ്‍ഗ്രസിനെയല്ലാതെ ആരേയും ജയിപ്പിച്ചിട്ടില്ലാത്ത മണ്ഡലം. ബിജെപിക്ക് നാമമാത്രമായ സാന്നിധ്യം. അവിടെ ഹിന്ദിപ്രദേശത്തുനിന്ന് ഒരു സ്ഥാനാര്‍ഥി. എതിരാളി കോണ്‍ഗ്രസ് അധ്യക്ഷ. അവര്‍ പാര്‍ട്ടി അധ്യക്ഷയായി ചുമതലയേറ്റതിന്റെ ആവേശത്തിലായിരുന്നു കോണ്‍ഗ്രസ്. അടുത്ത പ്രധാനമന്ത്രിയായി അവരോധിക്കാന്‍ കോണ്‍ഗ്രസ് ആവേശം കാട്ടുന്ന കാലം. ഇതൊക്കെ സുഷമയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ആറാമത്തെ ദൗത്യമായിരുന്നു അത്- ആദ്യം പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനം, പിന്നീട് വക്താവ്, അതിനു ശേഷം എംപിസ്ഥാനം, പിന്നീട് കേന്ദ്ര മന്ത്രിപദം, തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രിസ്ഥാനം, അടുത്തതായി സോണിയയോട് നേരിട്ട് ഏറ്റുമുട്ടല്‍.

കോണ്‍ഗ്രസിനെ വിറപ്പിച്ചു. സോണിയയെ വെള്ളം കുടിപ്പിച്ചു. ബല്ലാരിയില്‍ സോണിയ ഹിന്ദിയില്‍പ്പോലും പ്രസംഗം എഴുതിവായിച്ചപ്പോള്‍ നാലുദിവസംകൊണ്ട് കന്നഡ പഠിച്ച് സുഷമ പ്രസംഗ വേദികളില്‍ കസറി. ഹിദിയും ഇംഗ്ലീഷും കന്നഡയും സംസ്‌കൃതവും ഭാഷയാക്കി ജനങ്ങളോട് സംവദിച്ചു. ''ഞാന്‍ ഭാരതത്തിന്റെ ബേട്ടിയാണ് (മകളാണ്), എനിക്കെതിരേ മത്സരിക്കുന്നത് രാജ്യത്തിന്റെ ബഹുവാണ് (മരുമകളാണ്), നിങ്ങള്‍ക്ക് മകളെ വേണോ മരുമകളെ വേണോ'' സുഷമ ചോദിച്ചു. വേഷവും ഭാഷയും ഉടുപ്പും നടപ്പും കൊണ്ട് മകളെ ഇഷ്ടപ്പെട്ടവര്‍ സുഷമയ്ക്ക് 44.7 ശതമാനം പിന്തുണവോട്ടുകൊടുത്തു. രാഷ്ട്രീയമായി ഏറെ സ്വാധീനം ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സോണിയ 51.7 ശതമാനം വോട്ടു നേടി.സുഷമയുടെ പോരാട്ടം വിജയമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കര്‍ണാടകത്തിലാകെ ബിജെപിയുടെ ശക്തമായ അടിത്തറയും സാന്നിധ്യവും ശക്തിയും പടര്‍ന്നു. പില്‍ക്കാലത്ത് പാര്‍ട്ടി കര്‍ണാടക ഭരിച്ചതിന് കാരണമായത് സുഷമയുടെ അന്നത്തെ മത്സരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.