സൂപ്പര്‍ മോം 2014- 2019

Sunday 11 August 2019 5:30 am IST
ജോസഫ് ഷൂസ്റ്ററും ജെറി സീഗളും ചേര്‍ന്ന് സൃഷ്ടിച്ച 'സൂപ്പര്‍മാന്‍' എന്ന കഥാപാത്രത്തിന് അസാധ്യമായി ഒന്നുമില്ല. അസാധ്യമെന്നു കരുതുന്ന കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ സൂപ്പര്‍മാന്‍ ആകും. പക്ഷേ 'സൂപ്പര്‍ മോം' എന്നതിനര്‍ത്ഥം ശ്രേഷ്ഠയായ മാതാവ്, മുഴുസമയം ജോലിനോക്കുന്നവര്‍ എന്നൊക്കെയാണ്. പക്ഷേ 'ഇന്ത്യയുടെ സൂപ്പര്‍ മോം' എന്ന് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ച സുഷമ സ്വരാജ് അസാധ്യമായ കാര്യങ്ങള്‍ ചെയ്തയാളാണ് . ഈ വിദേശകാര്യ മന്ത്രിക്ക് ഇത്രയും നന്നായി ചേരുന്ന മറ്റൊരു വിശേഷണമില്ല

''നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും ഇന്ത്യന്‍ എംബസി അവിടെ സഹായമെത്തിച്ചിരിക്കും.''

ഇങ്ങനെ പറഞ്ഞ ഒരേയൊരു ഭരണാധികാരിയേ ലോകത്തുള്ളൂ. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ്. ലോകരാഷ്ട്രങ്ങളുടെ ഉന്നതാധികാര കേന്ദ്രങ്ങളുമായി മാത്രം ഇടപെടേണ്ട വിദേശകാര്യമന്ത്രാലയത്തെ പ്രോട്ടോക്കോളുകളുടെ അകമ്പടിയൊന്നുമില്ലാതെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവന്നത് ആരെന്ന ചോദ്യത്തിനും ഉത്തരം, ഇന്ത്യയുടെ രണ്ടാമത്തെ വനിതാ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് എന്നുതന്നെയായിരിക്കും. സുഷമയെപ്പോലെ ഒരു രാഷ്ട്രീയ നേതാവിനെ ഇന്ത്യ ഇതിനു മുന്‍പ് കണ്ടിട്ടില്ല; അവരെപ്പോലെ ഒരു വിദേശ കാര്യമന്ത്രിയേയും.

രാജ്യാന്തര മേഖലയില്‍ സ്വന്തം രാഷ്ട്രത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയും, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയുമാണ് ഏതൊരു വിദേശ കാര്യമന്ത്രിയുടേയും ചുമതല. ഇന്ത്യയുടെ കാര്യത്തില്‍ സുഷമയ്ക്ക് ഇതിന് കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ജനങ്ങളില്‍നിന്ന് അകന്നും ഉയര്‍ന്നും നില്‍ക്കാന്‍ വിധിക്കപ്പെട്ട ഈ ഭരണസംവിധാനത്തെ മനുഷ്യസ്‌നേഹത്തിന്റെ മാസ്മരിക സ്പര്‍ശംകൊണ്ട് ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും കുടിയിരുത്താന്‍ കഴിഞ്ഞു എന്നിടത്താണ് സുഷമാജി, ആ നെറ്റിയില്‍ എപ്പോഴുമുണ്ടായിരുന്ന സിന്ദൂരപ്പൊട്ടുപോലെ അടുത്തറിഞ്ഞവര്‍ക്കും, അകലങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞവര്‍ക്കും പ്രിയങ്കരിയായത്.

പലര്‍ക്കും അലസവേളകളിലെ വിനോദോപാധിയായ സമൂഹമാധ്യമത്തെ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു സുഷമ. ട്വിറ്ററായിരുന്നു ഇതിനുള്ള ആയുധം. ആര്‍ക്കെങ്കിലും പാസ്‌പോര്‍ട്ടോ വിസയോ ആവശ്യമുണ്ടോ? സുഷമയ്ക്ക് ട്വീറ്റു ചെയ്യാം. നിങ്ങള്‍ ഏതെങ്കിലും വിദേശ രാജ്യത്ത് അകപ്പെട്ടിരിക്കുകയാണോ? അപ്പോഴും സുഷമയ്ക്ക് ട്വീറ്റു ചെയ്യാം. നിങ്ങളുടെ റഫ്രിജറേറ്റര്‍ കേടായാല്‍പ്പോലും സഹായം തേടി സുഷമയ്ക്ക് ട്വീറ്റു ചെയ്യാം! ഇതായിരുന്നു അവസ്ഥ. ഇതുവഴി വിദേശകാര്യമന്ത്രി എന്നതിനൊപ്പം 'ഓണ്‍ലൈന്‍ സ്റ്റാര്‍' എന്ന വിശേഷണവും നേടിയെടുത്ത സുഷമ, സൈബര്‍ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് 'ട്വിറ്റര്‍ മിനിസ്റ്റര്‍' ആയിരുന്നു.

2014 മേയ് 26. സുഷമ സ്വരാജ് വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ജൂലൈയിലാണ് 46 ഇന്ത്യന്‍ നഴ്‌സുമാരെ ഇറാഖിലെ തിക്രിത്തില്‍ ഐഎസ് ഭീകരര്‍ ബന്ദികളാക്കിയത്. 45 പേരും മലയാളികള്‍. മാസങ്ങള്‍ക്കു മുന്‍പു മാത്രം ജോലിക്കെത്തിയതായിരുന്നു ഇവര്‍. മുറിവേറ്റ കൂട്ടാളികളെ ചികിത്സിക്കാനാവശ്യപ്പെട്ടാണ് ഐഎസ് ഭീകരര്‍ എത്തിയത്. പിറ്റേ ദിവസം വീണ്ടുമെത്തിയ അവര്‍ ആശുപത്രിക്ക് ബോംബിടാന്‍ പോവുകയാണെന്നു പറഞ്ഞ് നഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ടുപോയി. മരണത്തെ മുഖാമുഖം കണ്ടുള്ള യാത്ര. ഈ സമയമത്രയും ടെലഫോണ്‍ മെസ്സേജു വഴി മാത്രം നഴ്‌സുമാര്‍ പുറംലോകവുമായി ബന്ധപ്പെട്ടു. ഇറാഖില്‍ അന്ന് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. എന്നിട്ടും എപ്പോള്‍ വേണമെങ്കിലും കൂട്ടക്കൊല ചെയ്യപ്പെടാമെന്ന അവസ്ഥയില്‍ 46 നഴ്‌സുമാരെ മോചിപ്പിക്കാന്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ ഇന്നും പരമരഹസ്യം. പക്ഷേ ലോകം അറിഞ്ഞ ഒരു കാര്യമുണ്ട്. ഈ രക്ഷാപ്രവര്‍ത്തനത്തില്‍ സുഷമ സ്വരാജ് എന്ന വിദേശകാര്യമന്ത്രി വഹിച്ച പങ്ക്. നഴ്‌സുമാരെ കൊണ്ടുവരാന്‍ യാത്ര തിരിച്ച ഇന്ത്യന്‍ വിമാനത്തിന് ഇറാഖ് വിമാനത്താവളത്തില്‍ അനുമതി ലഭിച്ചില്ല. വിമാനത്തിലുണ്ടായിരുന്ന കേരള പ്രതിനിധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ആശങ്കയറിയിച്ചു. ഉമ്മന്‍ചാണ്ടി വിവരം സുഷമാ സ്വരാജിന് കൈമാറി. ആശങ്കപ്പെടേണ്ടതില്ലെന്നും, കാര്യങ്ങള്‍ നിശ്ചയിച്ചതുപോലെ നടക്കുമെന്നുമായിരുന്നു സുഷമയുടെ പ്രതികരണം. അത് വെറും വാക്കായിരുന്നില്ല. 15 മിനിറ്റിനകം വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചു. നഴ്‌സുമാരെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. മലയാളികളുള്‍പ്പെടുന്ന ഇവരുടെ മനസ്സില്‍ സുഷമ കേവലം മന്ത്രിയായല്ല, ദൈവമായാണ് സ്ഥാനംപിടിച്ചത്.

2015 ഏപ്രില്‍ മാസത്തിലാണ് യെമനിലെ യുദ്ധമുഖത്തുനിന്ന് 4,000 ഇന്ത്യന്‍ പൗരന്മാരെയും മറ്റ് രാജ്യങ്ങളിലുള്ളവരെയും 'ഓപ്പറേഷന്‍ റാഹത്ത്' എന്നു പേരിട്ട ദൗത്യത്തിലൂടെ ഇന്ത്യന്‍ സേന രക്ഷിച്ചത്. യെമനിലെ ഐഎസ് ഭീകരര്‍ക്കെതിരെ സൗദി അറേബ്യയും സഖ്യകക്ഷികളും യുദ്ധം നടത്തുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ഏഡന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച് 11 ദിവസം നീണ്ടുനിന്നു ഈ രക്ഷാപ്രവര്‍ത്തനം. സൗദി നടത്തുന്ന നിരന്തരമായ ബോംബാക്രമണം രക്ഷാപ്രവര്‍ത്തനം ഏതാണ്ട് അസാധ്യമാക്കിയിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന അവഗണിക്കാനാവുന്നതല്ലെങ്കിലും, ബോംബാക്രമണം നിര്‍ത്തിവയ്പ്പിക്കാന്‍ തനിക്കാവില്ലെന്നാണ് സൗദി രാജാവ് പ്രതികരിച്ചത്. എന്നിട്ടും രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ സുഷമ സ്വരാജ് ട്വിറ്റര്‍ വഴി നല്‍കിക്കൊണ്ടിരുന്നു. ട്വിറ്റര്‍ കയ്യിലേന്തിയ സുഷമ യുദ്ധഭൂമിയില്‍ അകപ്പെട്ട ഇന്ത്യക്കാരുമായി നിരന്തരം സംവദിച്ചു. അവര്‍ക്ക് ആത്മവിശ്വാസം നല്‍കി.

2017 ഒക്‌ടോബറില്‍ ഹിറ അഹമ്മദ് എന്നുപേരുള്ള പാക് വനിതയുടെ ഒരു അഭ്യര്‍ത്ഥന ട്വിറ്ററിലൂടെ സുഷമയെത്തേടിയെത്തി. ഒരു വയസ്സ് പ്രായമുള്ള തന്റെ മകളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ വിസ അനുവദിക്കണം. ''നിങ്ങളുടെ ഒരു വയസ്സുള്ള മകള്‍ ഷിറിന്‍ ഷിറാസിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി ഞങ്ങള്‍ വിസ അനുവദിച്ചിരിക്കുന്നു'' എന്ന സുഷമയുടെ ട്വീറ്റിന് ഒട്ടും കാലതാമസമുണ്ടായില്ല. ''അള്ളാഹു കഴിഞ്ഞാല്‍ താങ്കളിലാണ് ഞങ്ങളുടെ പ്രതീക്ഷ'' എന്നുപറഞ്ഞാണ് ഈ കുടുംബം സുഷമയ്ക്ക് നന്ദി അറിയിച്ചത്.

2015 മെയ് മാസത്തില്‍ നേഹ അഗര്‍വാള്‍ പരീഖ് എന്ന യുവതി സുഷമയ്ക്ക് ഒരു ട്വീറ്റു ചെയ്യുന്നു. ''ദയവായി സഹായിക്കുക. ഞങ്ങള്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസിയുമായി സംസാരിക്കാന്‍ ശ്രമിച്ചു. ഇതുവരെ ഒന്നും നടന്നിട്ടില്ല. അവിടെ കുടുങ്ങിയിരിക്കുന്ന മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണ്.'' ഇതായിരുന്നു നേഹയുടെ സന്ദേശം. യൂറോപ്പ് സന്ദര്‍ശിച്ച് തിരികെ വരികയായിരുന്നു മാതാപിതാക്കള്‍. തുര്‍ക്കിയില്‍ അമ്മയുടെ പാസ്‌പോര്‍ട്ട് എവിടെയോ കാണാതെപോയത് പ്രശ്‌നമായി. മെയ് 30 രാവിലെ 9.48 നാണ് നേഹയുടെ അഭ്യര്‍ത്ഥന വന്നത്. വൈകിട്ട് 6.14 ന് സുഷമയുടെ മറുപടി ലഭിച്ചു. അത് ഇങ്ങനെയായിരുന്നു: ''തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അടിയന്തര യാത്രാരേഖകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ ഇന്ന് അര്‍ദ്ധരാത്രിതന്നെ തിരിച്ചെത്തും.'' 

ലേബര്‍ കോടതി നടപടികളില്‍ പങ്കെടുക്കാന്‍ രണ്ട് വര്‍ഷമെടുത്ത് 1,000 കി.മീ. കാല്‍നടയായി സഞ്ചരിച്ച് ദുബായിലെത്തിയതായിരുന്നു ജഗന്നാഥ് സെല്‍വരാജ്. അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളുന്നതിനായി ഇന്ത്യയിലെത്താന്‍ ദുബായ് അധികൃതര്‍ സെല്‍വരാജിന് അനുമതി നല്‍കിയില്ല. വിവരം അറിഞ്ഞ സുഷമ ഇങ്ങനെ ട്വീറ്റു ചെയ്തു. ''ദുബായിയിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഞാന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്...'' ദിവസങ്ങള്‍ക്കകം സെല്‍വരാജ് ഇന്ത്യയില്‍ തിരിച്ചെത്തി. മനസ്സു നിറയെ തന്നെ സഹായിച്ച മന്ത്രിയോടുള്ള നന്ദിയായിരുന്നു.

2017 ജനുവരി. ഗായത്രി വിജയകുമാര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഒരു സഹായാഭ്യര്‍ത്ഥന ട്വിറ്ററില്‍  സുഷമയ്ക്ക് ലഭിച്ചു. ''സുഷമ സ്വരാജ് മാഡം, ഇത് എന്റെ സഹോദരന്‍. 50 ദിവസമായി അമേരിക്കയിലെ  ജോര്‍ജിയയില്‍ ഐസിയുവിലാണ്. അവനെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് താങ്കളുടെ സഹായം വേണം.'' ഇതായിരുന്നു ആശുപത്രിയില്‍ കിടക്കുന്ന സഹോദരന്റെ ചിത്രം സഹിതമുള്ള ഗായത്രിയുടെ ട്വീറ്റ്. ഒട്ടും വൈകിയില്ല സുഷമയുടെ മറുപടിക്ക്. ''എനിക്ക് റിപ്പോര്‍ട്ട് കിട്ടി. വൈദ്യോപദേശ പ്രകാരം ഈ ഘട്ടത്തില്‍  താങ്കളുടെ സഹോദരന് യാത്ര ചെയ്യാനാവില്ല. ഗായത്രിയുടെ അമ്മയും അവനൊപ്പമുണ്ടല്ലോ.'' ഈ അമ്മയുടെ വിസ കാലാവധി കഴിഞ്ഞുവെന്നും, കാലാവധി നീട്ടി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും സുഷമ അറിയിച്ചു.

2018 ഏപ്രില്‍. അര്‍പിത തിവാരി എന്ന സ്ത്രീയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സുഷമയ്ക്ക് ഒരു സന്ദേശമെത്തി. ദല്‍ഹി സംഗംവിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന അധഃസ്ഥിത സമുദായത്തില്‍പ്പെട്ട ഇഷ എന്ന പതിനാലുകാരി ലണ്ടനിലെ ആഗോള കോണ്‍ഫറന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെയ് മൂന്നിനുള്ള യാത്രയ്ക്ക് ടിക്കറ്റും ബുക്ക് ചെയ്തു. വിസ അനുമതി നീളുന്നതിനാല്‍ യാത്ര ചെയ്യാനാവില്ല.'' ഇതിന് മറുപടിയായി സുഷമ ട്വിറ്ററില്‍ കുറിച്ചു: ''ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും. താങ്കളെ ബന്ധപ്പെടാന്‍ എന്റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.'' ഇഷ ലണ്ടനില്‍ പോയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2019 മെയ്. അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയയിലെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. വാര്‍ത്ത അറിഞ്ഞയുടന്‍ സുഷമ ട്വിറ്ററില്‍ കുറിച്ചു: ''നൈജീരിയയിലെ കടല്‍ക്കൊള്ളക്കാര്‍ അഞ്ച് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത കണ്ടു. ഇവരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരിന്റെ ഉന്നതതലവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ഞാന്‍ നിര്‍ദ്ദേശിക്കുന്നു.'' പ്രശ്‌നം എന്താണെന്ന് നോക്കി തനിക്ക് റിപ്പോര്‍ട്ടയയ്ക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ അംബാസഡറോടും സുഷമ ആവശ്യപ്പെട്ടു.

2019 ഏപ്രില്‍. ദര്‍ശന്‍ സെന്തില്‍ എന്ന ബയോ മെഡിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയില്‍നിന്ന് സുഷമയ്ക്ക് ഒരു അഭ്യര്‍ത്ഥന ലഭിച്ചു. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന  വിദ്യാര്‍ത്ഥി ഐറിഷ് വിസയ്ക്ക് അപേക്ഷ നല്‍കി. ഇതില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴാണ് സുഷമയുടെ സഹായം തേടിയത്. വിഷമത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസിക്ക് സുഷമ ഉടന്‍ ട്വിറ്റര്‍ സന്ദേശമയച്ചു.

2019 ഏപ്രില്‍. ലിബിയയില്‍ സൈന്യവും ഭീകരരും തമ്മില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങി. ട്വിറ്റര്‍ കയ്യിലേന്തിയ സുഷമ അറിയിച്ചു: ''ഇന്ത്യക്കാരെ സഹായിക്കാന്‍ 17 കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. വിസ ലഭിക്കാന്‍ ഇവര്‍ സഹായിക്കും. ഇപ്പോള്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. അവസരം വിനിയോഗിക്കുക.''

2019 ഏപ്രിലില്‍ ശ്രീലങ്കയില്‍ ബോംബുസ്‌ഫോടനങ്ങളുണ്ടായപ്പോഴും ട്വിറ്ററിലൂടെ സുഷമ സഹായ ഹസ്തം നീട്ടി. ''ദുരവസ്ഥയിലായ ഇന്ത്യക്കാര്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ബന്ധപ്പെടണം. ഞങ്ങള്‍ എല്ലാ സഹായവും നല്‍കും'' എന്ന സന്ദേശത്തോടൊപ്പം ഹെല്‍പ്പ് ലൈന്‍ നമ്പറുകളും കൊടുത്തു.

2019 ഏപ്രിലില്‍ തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച്  ഒരു യുവതിയുടെ ട്വീറ്റ് സുഷമയ്ക്ക് ലഭിച്ചു. ഒരു മാസത്തിലേറെയായി ഗിനിയയില്‍ അവരുടെ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഈ വിവരം ആ രാജ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ വൈ.കെ. സൈലാസ് തങ്ങള്‍ക്ക് കൈമാറിയ സുഷമ, പ്രശ്‌നം പരിശോധിക്കാനും ആവശ്യപ്പെട്ടു. ''അമൃതം-ഗിനിയയിലെ അംബാസഡറോട് ഞാന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്'' എന്ന് മറുപടി അയയ്ക്കുകയും ചെയ്തു.

2008-ല്‍ ഓഫീസ് ജോലിക്ക് കുവൈറ്റില്‍ പോയ സഹോദരനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഷമയ്ക്ക് ഒരു വനിത സന്ദേശം അയച്ചു. സഹോദരന്‍ അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇയാളെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. ''എല്ലാ സഹായവും നല്‍കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'' എന്ന് യുവതിക്ക് സുഷമയുടെ മറുപടി ലഭിച്ചു. അധികം വൈകാതെ ഈ സഹോദരന്‍ തിരിച്ചെത്തി.

2019 ജനുവരിയില്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച പ്രശ്‌നത്തിന്റെ പേരില്‍ മോസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട തന്നെ രക്ഷിച്ചതിന് വിദേശകാര്യമന്ത്രി സുഷമയ്ക്ക് നന്ദി പറയാന്‍ സീരിയല്‍ താരം കരണ്‍വീര്‍ ബോറയ്ക്ക് വാക്കുകളില്ലായിരുന്നു. ''പ്രശസ്തരോ അപ്രശസ്തരോ ആരുമായിക്കൊള്ളട്ടെ, ഒരു കാര്യം എനിക്കുറപ്പാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരായ നാം സുരക്ഷിതകരങ്ങളിലാണ്. സുഷമാ സ്വരാജിനു നന്ദി'' എന്നാണ് കരണ്‍വീര്‍ ട്വിറ്ററില്‍  സന്തോഷവും അഭിമാനവും പങ്കുവച്ചത്.

പാക്കിസ്ഥാന്റെ തടവറയില്‍ കിടന്ന് നരകിക്കുകയായിരുന്ന മുംബൈ സ്വദേശി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഹമീദ് നിഹാല്‍  അന്‍സാരിക്ക് ജീവിതം തിരിച്ചുകിട്ടിയത് സുഷമയുടെ ഇടപെടലുകള്‍കൊണ്ടാണ്. അഫ്ഗാനില്‍നിന്ന് പ്രണയിനിയെ കാണാന്‍ പോയ അന്‍സാരിയെ ചാരനായി മുദ്രകുത്തി പാക്കിസ്ഥാന്‍  ജയിലിലിടുകയായിരുന്നു. ആറ് വര്‍ഷം തടവനുഭവിച്ച അന്‍സാരിക്ക്, വിദേശകാര്യമന്ത്രിയെന്ന നിലയ്ക്ക് സുഷമ സ്വരാജ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മോചനം ലഭിച്ചത്. സുഷമാജിയുടെ സഹായമില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം പാക് ജയിലില്‍ അവസാനിക്കുമായിരുന്നു എന്നാണ് ഇന്ത്യയിലെത്തിയ അന്‍സാരി പറഞ്ഞത്.

കുട്ടിയായിരിക്കെ സംഝോധ എക്‌സ്പ്രസില്‍ കയറി പാക്കിസ്ഥാനിലകപ്പെട്ടുപോയ ഗീതയെ 15 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിച്ചത് സുഷമ സ്വരാജിന്റെ കാരുണ്യപൂര്‍ണമായ അമ്മമനസ്സാണ്. 2015 ഒക്‌ടോബറില്‍ ഇന്ത്യയിലെത്തിയ ഗീതയ്ക്ക് സ്വന്തം കുടുംബാംഗങ്ങളെ കണ്ടെത്താനായില്ല. ഊമയും ബധിരയുമായ ഈ യുവതി സുഷമയില്‍ സ്വന്തം അമ്മയെ കണ്ടു. സുഷമയ്ക്ക് അവള്‍ 'ഹിന്ദുസ്ഥാന്‍ കി ബേട്ടി'യും. പിന്നീടും സുഷമ ഈ മകളെ കാണാറുണ്ടായിരുന്നു. രക്ഷാകര്‍ത്താവിന്റെ വേര്‍പാടറിഞ്ഞ് മകള്‍ കണ്ണീരണിഞ്ഞു.

muralijnbi@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.