സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കി എംപി ജനാര്‍ദ്ദന്‍ മിശ്രയ്ക്ക് പൂച്ചെണ്ടും വിമര്‍ശനവും

Sunday 18 February 2018 9:18 pm IST
ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്ര സ്‌കൂളിലെ പൊതു കക്കൂസ് എംപി സ്വയം ശുചീകരിക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിലും വന്‍ പ്രചാരം നേടിയിരിക്കുകയാണ്.

 

രേവാ (മദ്ധ്യപ്രദേശ്): രേവായില്‍നിന്നുള്ള ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്രയ്ക്ക് പൂച്ചെണ്ടും വിമര്‍ശനവും. സ്‌കൂളിലെ പൊതു കക്കൂസ് എംപി സ്വയം ശുചീകരിക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിലും വന്‍ പ്രചാരം നേടിയിരിക്കുകയാണ്.

 ശുചിത്വ ഭാരത യജ്ഞത്തിന്റെ ആവേശത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തില്‍ മിശ്രയും കൂട്ടരും മണ്ഡലത്തിലെ ഖാജുഹാ ഗ്രാമത്തിലെ സ്‌കൂള്‍ സന്ദര്‍ശിച്ചു. ശൗചാലയമുണ്ട്. പക്ഷേ ക്ലോസറ്റ് അടഞ്ഞതിനാല്‍ വെള്ളം പോകുന്നില്ല. ഏറെനാളായി കുട്ടികള്‍ ഉപയോഗിക്കുന്നുമില്ല. പിന്നെ കാത്തുനിന്നില്ല, മിശ്ര ജൂബയുടെ കൈ ചുരുട്ടിവെച്ച് ഇറങ്ങി. കൈയിട്ട് ക്ലോസറ്റില്‍ വെള്ളം പോകുംവരെ വൃത്തിയാക്കി. മണ്ണും കടലാസും തുടങ്ങിയവയെല്ലാം നീക്കി. 

എംപിയോട് സഹായികള്‍ ഞാന്‍ വൃത്തിയാക്കാമെന്ന് പറയുന്നത് എംപിതന്നെ പങ്കുവെച്ച ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ അവിടെ പടഞ്ഞിരുന്ന് കൈയുറ പോലുമില്ലാതെ മുഴുവന്‍ വൃത്തിയാക്കി വെള്ളം തടസമില്ലാതൊഴുകുന്നുവെന്ന് ഉറപ്പുവരുത്തിയാണ് മിശ്ര പിന്മാറിയത്. 

കുട്ടികളും അദ്ധ്യാപകരും പ്രദേശ വാസികളും അമ്പരന്നു നില്‍ക്കെ മിശ്ര അടുത്ത പ്രവൃത്തിയിലേക്ക് നീങ്ങി. കുട്ടികളെ ഉപദേശിച്ചു, എങ്ങനെ വ്യക്തിശുദ്ധി ശീലിക്കണം. എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കണം. നോക്കി നില്‍ക്കുകയോ മറ്റാരെങ്കിലും ചെയ്യട്ടെ എന്നു മാറ്റിവെക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു.

ബിജെപി നേതാവ് കുട്ടികളുമായി സംവദിച്ചു. അവര്‍ക്ക് ശുചിത്വ നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ കൈയിലെ നഖം പരിശോധിച്ചു. നഖം വളര്‍ത്തരുതെന്നും വളര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത്ര ശുചിയായി സൂക്ഷിക്കണമെന്നും മിശ്ര പറഞ്ഞു.

ചില കുട്ടികള്‍ പല നാളുകളായി കുളിക്കാതെ വരുന്ന ശീലക്കാരായിരുന്നു. അവരില്‍ സന്നദ്ധരായവരെ എംപി സ്വയം കുളിപ്പിച്ചു. അവരുടെ കാലടികള്‍ പോലും ഉരച്ചുകഴുകി വൃത്തിയാക്കി. അവരുടെ രക്ഷിതാക്കളോട് കുട്ടികള്‍ കുളിച്ച് വൃത്തിയായി സ്‌കൂളില്‍ വരുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഉപദേശിച്ചു.

നേരത്തേ പ്രവര്‍ത്തകരുമൊത്ത് തെരുവു വൃത്തിയാക്കിയും മറ്റും മിശ്ര ശ്രദ്ധേയനായിട്ടുണ്ട്. 

മിശ്രയുടെ പ്രവര്‍ത്തനത്തെ പലരും മാതൃകാപരമെന്ന് വിശേഷിപ്പിച്ചു. അഭിനന്ദന പ്രവാഹമാണ് എംപിക്ക്. 

എന്നാല്‍, കൈയുറയില്ലാതെ കക്കൂസ് കഴുകാന്‍ ഇരുന്ന എംപിയെ വിമര്‍ശിച്ചും ചിലര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രതികരിച്ചു. എംപിയായി ജനങ്ങള്‍ ജയിപ്പിച്ചത് കക്കൂസ് കഴുകാനല്ലെന്ന പ്രതികരണവുമുണ്ടായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.