അന്ന് സ്വപ്നിക, ഇന്ന് പ്രിയങ്ക; ക്രൂര കൊലപാതകത്തില്‍ നീതി ലഭിച്ച പെണ്‍കുട്ടികള്‍; രണ്ടിലും ആക്ഷന്‍ ഹീറോ ആയി സജ്ജനാര്‍

Friday 6 December 2019 11:15 am IST

 

ഹൈദരാബാദ്: വെറ്റിനറി ഡോക്റ്ററുടെ ക്രൂരമായ കൊലപാതകത്തിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതില്‍ പലതരത്തിലുള്ള പ്രതികരണങ്ങള്‍ ഉയരുന്നെങ്കിലും കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിച്ചെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലടക്കം ഹാഷ് ടാഗുകള്‍ വ്യാപിക്കുന്നത്. ഹൈദരാബാദ് പോലീസില്‍ നിന്ന് ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകം ആദ്യവുമല്ല, 2008ല്‍ ആസിഡ് ആക്രമണത്തിലൂടെ സ്വപ്നിക എന്ന യുവതിക്ക് ഉണ്ടായതും ദാരുണമായ അന്ത്യമായിരുന്നു. വാറങ്കല്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനു ശേഷമാണ് വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ സ്വപ്നിക, പ്രാണിത എന്നിവര്‍ക്കു നേരേ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നത്. ഇതില്‍ സ്വപ്നിക മരിക്കുകയും ചെയ്തു. പ്രിയങ്കയ്ക്കും സ്വപ്നികയ്ക്കും മരണശേഷം നീതി ലഭിച്ചെന്നു ഭൂരിഭാഗവും സമ്മതിച്ചപ്പോള്‍ ഈ സംഭവങ്ങളില്‍ രണ്ടിലും ഹീറോ ആയത് വി.സി. സജ്ജനാര്‍ എന്ന എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍. 

ആസിഡ് ആക്രമണുവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ വാറങ്കല്‍ എസ്പി ആയിരുന്നു സജ്ജനാര്‍. വിഷയത്തില്‍ സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കൊപ്പം ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തടുര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സജ്ജനാറിനെതിരേ പ്രതിഷേധം ഉയര്‍ന്നെങ്കിലും നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരുന്നു. 

ഹൈദരാബാദില്‍ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. വെറ്റിനറി ഡോക്റ്റര്‍ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി സജ്ജനാര്‍ അറിയിച്ചിരുന്നു. വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിലാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനവും കൊലപാതകവും നടന്നത്. വനിതാ വെറ്റിനറി ഡോക്ടറുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ ലോറി ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തുകയായിരുന്നു. ഹൈദരാബാദ് ബെംഗളൂരു ദേശീയ പാതയില്‍ ഷംഷാബാദില്‍ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍  ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശലവു എന്നിങ്ങനെ നാല് പേര്‍ പിടിയിലായിട്ടുണ്ട്. മൃതദേഹം കിട്ടുന്നതിന്റെ തലേന്ന്, ബുധനാഴ്ച രാത്രി 9.22 ന് പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടിയുടെ ടയര്‍ പഞ്ചറായ വിവരം യുവതി സഹോദരിയെ അറിയിച്ചു. ടയര്‍ റിപ്പയര്‍ ചെയ്യാന്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രണ്ടുപേര്‍ വന്നിരുന്നു എന്നും, എന്നാല്‍ ഇതുവരെ റിപ്പയര്‍ ചെയ്തുകിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട്, തന്നെ എത്രയും പെട്ടെന്ന് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വന്നെത്തണമെന്ന് പെണ്‍കുട്ടി ഫോണില്‍ സഹോദരിയോട് ആവശ്യപ്പെട്ടു. 

ടോള്‍ പ്ലാസയ്ക്ക് സമീപം ട്രക്ക് നിര്‍ത്തി വിശ്രമിക്കുമ്പോഴാണ് പ്രതികളുടെ സംഘം, വൈകുന്നേരം ആറുമണിയോടെ അവിടെ സ്‌കൂട്ടി പാര്‍ക്ക് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറിപ്പോകുന്ന യുവതിയെ കാണുന്നത്. അതിനു ശേഷം അവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നു. ആ മദ്യപാനത്തിനിടെയാണ്, യുവതിയെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്. പദ്ധതിപ്രകാരം, നവീന്‍ ആണ് യുവതിയുടെ സ്‌കൂട്ടിയുടെ കാറ്റഴിച്ചുവിടുന്നത്. യുവതി തിരിച്ചുവന്നപ്പോള്‍, ലോറിയില്‍ നിന്നിറങ്ങിചെന്നുകൊണ്ട് ടയര്‍ പഞ്ചറായ കാര്യം ചൂണ്ടിക്കാണിക്കുന്നത് ആരിഫ് ആണ്. ആ നേരം ശിവ യുവതിക്ക് സഹായം വാഗ്ദാനം ചെതുകൊണ്ട് ആ വഴി വന്ന് സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ടു പോയി. സ്‌കൂട്ടര്‍ ടയറിന്റെ പഞ്ചറൊട്ടിച്ച് തിരിച്ചുവരുന്നതും കാത്ത് അവിടെ നിന്ന യുവതിയെ മറ്റു മൂന്നുപേരും കൂടി തട്ടിക്കൊണ്ടുപോയി, ടോള്‍പ്ലാസ പരിസരത്തുള്ള ആള്‍ത്താമസമില്ലാത്ത ഒരു കെട്ടിടത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂട്ടറില്‍ കാറ്റടിച്ച് തിരിച്ചുവന്ന ശേഷം ശിവയും അവരെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ ആരിഫ് യുവതിയുടെ മൂക്കുംവയും കൂട്ടിപൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്. 

ഇപ്പോള്‍ തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണു ക്രൂരകൊലപാതകത്തിലെ പ്രതികളെ പോലീസ് വെടിവച്ചു കൊല്ലുന്നത്. ഇതോടെ കൊല്ലപ്പെട്ട യുവതിക്കും കുടുംബത്തിനും നീതി ലഭ്യമായി എന്നതിലുപരി ക്രിമിനലുകള്‍ക്കുള്ള മുന്നറിയിപ്പിയാണു ഈ സംഭവത്തെ പലരും വിലയിരുത്തുന്നത്. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.