ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക; പ്രാവര്‍ത്തികമായത് ശ്യാമപ്രസാദ് മുഖര്‍ജിയുടെ മുദ്രാവാക്യം; കശ്മീര്‍ ഇനി സുരക്ഷിത കരങ്ങളില്‍

Monday 5 August 2019 12:16 pm IST

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കിയ തീരുമാനത്തിനെതിരേ ആദ്യമായി ശക്തിയുക്തം എതിര്‍ത്തിയത് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. 1949ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുഖര്‍ജി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇന്നു ബിജെപി സര്‍ക്കാര്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. 

പ്രതിരോധം ,വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മുകാശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ കാതല്‍ .  ജമ്മുകാശ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നല്‍കുന്നതിനായി താല്‍ക്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370-ാം വകുപ്പ് എന്നാണ് ഇന്ത്യന്‍ ഭരണഘടന വിവക്ഷിക്കുന്നത്.  1956ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത 238ാം വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും 370ാം വകുപ്പില്‍ വ്യക്തമാക്കുന്നു. 370ാം വകുപ്പിന്റെ കരട് രൂപം ഉണ്ടാക്കാന്‍ ആദ്യം ബി.ആര്‍.അംബേദ്കര്‍ വിസമ്മതിച്ചപ്പോള്‍ 1949ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു കാശ്മീര്‍ നേതാവായിരുന്ന ഷെയ്ക്ക് അബ്ദുല്ലയോട് നിയമമന്ത്രിയായിരുന്ന അംബേദ്കറുമായി ആലോചിച്ച് കാശ്മീരിന് യോചിച്ച ഒരു വകുപ്പിന്റെ കരട് ഉണ്ടാക്കി ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകാശ്മീരില്‍ നടപ്പിലാകണമെങ്കില്‍ അവിടത്തെ സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്. 1947ല്‍ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരി സിംഗ് ഉണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി കാശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൗരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൗലികാവകാശങ്ങള്‍ എന്നിവയില്‍ കാശ്മീര്‍ ജനത ഇന്ത്യയില്‍നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി. 1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മുകാശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. 1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരി സിംഗ് നിയോഗിച്ച ജമ്മുകാശ്മീര്‍ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ളയുമായി ചേര്‍ന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. .ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 352ാം വകുപ്പ് ജമ്മുകാശ്മീരിനു ബാധകമാക്കുന്നതിനെ ഉടമ്പടി എതിര്‍ക്കുകയും ചെയ്തു. പാര്‍ലമെന്റ് അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭരണസംവിധാനത്തിന്റെയും കാലാവധി അഞ്ചുവര്‍ഷമാണെന്നിരിക്കെ ജമ്മുകാശ്മീര്‍ നിയമസഭയുടെ കാലാവധി ആറു വര്‍ഷമാണ്. 

ജമ്മു, കശ്മീര്‍, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണിത്. ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാര്‍ക്ക് ജമ്മു കശ്മീരിലെ സ്‌കോളര്‍ഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.