'ആക്ടിവിസ്റ്റുകള്‍ക്ക് കേറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല; ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കുള്ളത്; ആരെയും നിര്‍ബന്ധിച്ച് കൊണ്ടുപോകരുത്'; പിണറായി സര്‍ക്കാരിനെതിരെ ടി.പത്മനാഭന്‍

Saturday 7 December 2019 3:04 pm IST

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെയും ആക്ടിവിസ്റ്റുകള്‍ക്കെതിരെയും തുറന്നടിച്ച് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകള്‍ക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും അദേഹം പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുപോകാന്‍ പാടില്ലെന്നും താത്പര്യമുള്ളവര്‍ വല്ല ചിട്ടകള്‍ ഉണ്ടെങ്കില്‍ അതനുസരിച്ച് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാന്‍ വിശ്വാസിയല്ല. പക്ഷേ, മൂന്നുതവണ ശബരിമലയില്‍ പോയി. ഇരുമുടിക്കെട്ടെടുത്തിട്ടില്ല. ആരും എതിര്‍ത്തിട്ടില്ല. ഞാന്‍ ഒരു ഗലാട്ടയും കാണിച്ചിട്ടുമില്ല. മലകയറി കണ്ടു മടങ്ങി. ശബരിമലയുടെ തലവേദനയുണ്ടാവുന്നത് ആ വിഷയം തലയിലേറ്റിനടക്കുന്നവര്‍ക്കാണ്. ശബരിമല വിഷയത്തില്‍ നിന്ന് രാഷ്ട്രീയം കഴുകിക്കളഞ്ഞാല്‍ പിന്നെയെന്ത് പ്രശ്നം, ഒന്നുമില്ല. എനിക്ക് ശബരിമല വിഷയത്തില്‍ സ്വന്തമായ ഒരു അഭിപ്രായമുണ്ട് ടി.പത്മനാഭന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് ടി. പത്മനാഭന്‍ നേരത്തെ പറഞ്ഞിരുന്നു.  കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും കശ്മീരിലെ ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യമോര്‍ക്കണം. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഇവര്‍ കരയുന്നത് കണ്ടിട്ടില്ല, പ്രസ്താവനയിറക്കിയതും കണ്ടില്ല. ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും. പശ്ചിമഘട്ടം നശിപ്പിക്കുമ്പോള്‍, കൈയേറുമ്പോള്‍ അവര്‍ക്ക് യാതൊരു പ്രശ്നവുമില്ല.  ഇതൊന്നും പറയാതിരിക്കാനാവില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. 

വിമോചന സമരത്തിനെതിരെ ലേഖനമെഴുതിയ താന്‍ ഇപ്പോള്‍ ഇടതുപക്ഷ അനുഭാവിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരോട് പോയി തൂങ്ങിച്ചാവാന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കില്‍ ബാലന്‍ മന്ത്രിയെ കടുത്ത ഭാഷയില്‍ ശകാരിക്കാതെ തലചൊറിഞ്ഞ് നില്‍ക്കുകയായിരുന്നില്ലേ വേണ്ടതെന്നും പത്മനാഭന്‍ ചോദിക്കുന്നു. ഇടതുപക്ഷത്തെ പാര്‍ട്ടിവേദികളില്‍ തന്നെ എല്ലാ കാലത്തും വിമര്‍ശിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മലയാളത്തെ പിഎസ്സി അംഗീകരിക്കണം. ആരോഗ്യ മേഖല വ്യവസായമായി മാറിയെന്നും പത്മനാഭന്‍ പറഞ്ഞിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.