വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ഭൂമി തട്ടിപ്പ്; ഒത്തുതീര്‍പ്പിന് ഒത്താശ ചെയ്തതിനു ടി. സിദ്ദിഖിന് ഒരേക്കര്‍ ഭൂമി; പരാതിയില്‍ അന്വേഷണവുമായി പോലീസ്

Thursday 24 October 2019 10:53 am IST

കോഴിക്കോട്: വ്യാജ ഒസ്യത്ത് ഉപയോഗിച്ച് അന്തരിച്ച റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. താമരശേരി ചുങ്കം സ്വദേശി ലിങ്കന്‍ എബ്രഹാം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയ 27 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ സഹോദരന്‍ കൈക്കലാക്കിയെന്നാണു പരാതിയിലുള്ളത്. എന്നാല്‍ ട്രസ്റ്റികള്‍ കോടതിയില്‍ നല്‍കിയ പരാതി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി.  ഇതിന്റെ പ്രതിഫലമായി സിദ്ദിഖ് അടക്കമുള്ളവര്‍ ഒരേക്കര്‍ ഭൂമി വാങ്ങിയെടുത്തുവെന്നാണ് പരാതിയിലെ ആരോപണം. ഭൂമി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്യവും സിദ്ദിഖ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒത്തു തീര്‍പ്പു ധാരണകളുടെ ഭാഗമായായിരുന്നു ഇത്. എത്ര സെന്റ് ഭൂമിയാണ് കിട്ടിയതെന്ന ചോദ്യത്തിനു അത് രേഖകളില്‍ നിന്ന് നിങ്ങള്‍ പരിശോധിച്ചോളൂ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. പാര്‍ട്ടിയും സുഹൃത്തുക്കളും പറഞ്ഞത് അനുസരിച്ചാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പരാതി പരിഹരിക്കാന്‍ നിരവധി നടപടിക്രമങ്ങളുണ്ടായിരുന്നു. നിരവധി കേസുകളും വ്യവഹാരങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ഭൂമി നല്‍കിയത് സിദ്ദിഖ്. ഒത്തുതീര്‍ന്നതില്‍ പരാതിക്കാര്‍ക്കും മറുപക്ഷത്തുള്ളവര്‍ക്കും പരാതിയില്ല. മൂന്നാം കക്ഷിക്കാണ് പരാതിയെന്നും സിദ്ദിഖ്.വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് സിദ്ദിഖിന്റെ വാദം. കോണ്‍ഗ്രസ് നേതാക്കളായ അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നിവരാണ് സിദ്ദിഖിനു പുറമേ പരാതിയില്‍ അകപ്പെട്ട നേതാക്കള്‍. 

പരാതിയുമായി ബന്ധപ്പെട്ട സംഭവം ഇങ്ങനെ- ലിങ്കന്‍ എബ്രഹാം സ്വത്തുകള്‍ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് എഴുതി വച്ചിരുന്നു. എന്നാല്‍ ലിങ്കണ്‍ എബ്രഹാമിന്റെ മരണ ശേഷം സഹോദരന്‍ ഫിലോമെയിന്‍ എബ്രഹാം സ്വത്തില്‍ അവകാശം ഉന്നയിച്ച് രംഗത്തെത്തി. ലിങ്കന്‍ മരിക്കുന്നതിന് നാല് മാസം മുമ്പ് ഒസ്യത്ത് തന്റെ പേരിലേക്കു മാറ്റിയെന്നാണ് ഫിലോമെയിന്റെ വാദം.

തുടര്‍ന്ന് ട്രസ്റ്റിലെ അംഗങ്ങള്‍ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ട്രസ്റ്റിനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കുകയും ഫിലോമെയിന് ഭൂമിയില്‍ അവകാശം ഉറപ്പാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് പരാതിയിലുന്നയിച്ചിരിക്കുന്നത്. ഇതിന് പ്രതിഫലമായി ടി. സിദ്ദിഖ്, അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫിലോമിന്‍ ഭൂമി നല്‍കിയെന്ന് മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പരാതി ഡിജിപിക്കു കൈമാറിയതിനെ തുടര്‍ന്നാണ് താമരശേരി ഡിവൈഎസ്പിയാണ് അന്വേഷണം ആരംഭിച്ചത്. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.