ബോക്ക്സ് ഓഫീസ്‌ തൂത്തുവാരി താനാജി; 250 കോടി കടന്ന് മറാത്തവീര്യം; 2020 ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍

Monday 3 February 2020 5:45 pm IST

താനാജി മാലുസാരെയുടെ കഥപറഞ്ഞെത്തിയ സിനിമ,​ താനാജി ദ അണ്‍ സങ് വാര്യര്‍ 250 കോടി കളക്ഷന്‍ കടന്നു. ഇന്ത്യയിലെ തീയറ്ററുകളില്‍ നിന്നു മാത്രമുള്ള കണക്കുകളാണ് ഇത്. ആഗോള തലത്തില്‍ ചിത്രം 330 കോടിരൂപയാണ് കളക്റ്റ് ചെയ്തത്. ജനുവരി 10 നു പുറത്തിറങ്ങിയ ചിത്രം വെറും ഇരുപത്തിനാലു ദിവസങ്ങള്‍കൊണ്ടാണ് 250 കോടി കളക്ഷന്‍ നേട്ടം കൈവരിച്ചത്.

ചിത്രത്തിലെ നായകന്‍, നിര്‍മ്മാതാവ് എന്ന നിലകളില്‍ അജയ് ദേവഗണിന് ഇരട്ടിമധുരം നല്‍കുന്നതാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. 150 കോടി രൂപയാണ് ചിത്രത്തിനു ആകെ മുടക്കിയിരക്കുന്നത്. ദേവഗണിന്റെ ഭാര്യ കാജോളും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സൂപ്പര്‍ താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശിവജിയുടെ സേനാനായകന്റെ കഥപറയുന്ന ചിത്രം മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ തരംഗമായിരുന്നു. 

ബോളിവുഡില് ട്രെന്‍ഡ് സെറ്റിംങ് തുടര്‍ച്ചയെന്നുവേണം താനാജിയെ വിളിക്കാന്‍. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക തുടങ്ങി ദേശീയ പ്രാധാന്യമുളള ചിത്രങ്ങള്‍ തീയറ്ററുകള്‍ നിറച്ചിരുന്നു. ത്രീഡി ഫോര്‍മാറ്റിലിറങ്ങിയ താനാജി മറ്റൊരു ദൃശ്യവിരുന്ന് തന്നെയാണ്. ക്രൂരനായ ഉദയബാന്‍ സിങ് റാത്തോഡായി സേഫ് അലിഖാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു തന്നെ വിശേഷിപ്പിക്കാം. താനാജിയുടെ യുദ്ധവീര്യത്തിനൊപ്പമെത്താന്‍ അജയ് ദേവ്ഗണിനാകുന്നില്ലെങ്കിലും അഭിനയം വിരസമല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.