ആദ്യകാലത്ത് ഇടത് നേതാക്കള്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നു; ന്യൂനപക്ഷത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇടതുപക്ഷം പിന്‍വലിഞ്ഞതാണെന്ന് തസ്ലിമ നസ്രീന്‍

Saturday 18 January 2020 1:55 pm IST

കോഴിക്കോട് : ആദ്യകാലത്ത് ഇടത് നേതാക്കള്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍. തന്ന പിന്തുണ്ക്കുന്നത് മൂലം ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഇല്ലാതാകുമോയെന്ന ഭയത്താല്‍ ഇടത് പക്ഷം പിന്നീട് പിന്തുണ പിന്‍വലിച്ചെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തസ്ലിമ നസ്രീന്‍ ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയിലെത്തി ആദ്യകാലങ്ങളില്‍ താന്‍ കൊല്‍ക്കത്തിയിലാണ് താമസിച്ചിരുന്നത്. ഈ കാലയളവിലാണ് ഇടത് നേതാക്കള്‍ പിന്തുണയുമായി എത്തിയത്. എന്നാല്‍ ഇതുമൂലം ന്യൂനപക്ഷത്തിന്റെ വോട്ട് ഇല്ലാതാകുമോയെന്ന് ഭയമുണ്ടെന്നും അതിനാല്‍ ഇനി പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിക്കുകയായിരുന്നു. അതിനാല്‍ ബംഗാളി സംസാരിക്കുന്നവര്‍ക്ക് ഇടയില്‍ താമസിക്കണമെന്ന തന്റെ ആഗ്രഹവും പിഴുതെറിയപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി. 

അതേസമയം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് തസ്ലിമ നസ്രീന്‍ അറിയിച്ചു. പീഡനങ്ങള്‍ മൂലമാണ് ഇവര്‍ മാതൃരാജ്യം ഉപേക്ഷിച്ച് വിദേശ രാജ്യത്തേക്ക് ചേക്കേറിയത്. ഇവര്‍ക്ക് പൗരത്വം നല്‍കാനുള്ളത് ഉചിതമായ തീരുമാനമാണ്. എന്നാല്‍ ബംഗ്ലാദേശില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി പുറത്താക്കപ്പെടുന്ന ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിലെ തന്നെപ്പോലുള്ള പുരോഗമന വാദികള്‍ക്കുകൂടി പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും തസ്ലിമ നസ്‌റീന്‍ പറഞ്ഞു. 

ബംഗ്ലാദേശില്‍ താനെഴുതുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പത്രങ്ങളും മാസികകളും ഭയന്ന് പിന്മാറുന്ന കാഴ്ച്ചയായിരുന്നു. ഇതിലൂടെ ഒരു എഴുത്തുകാരിയാണ് കൊല്ലപ്പെടുന്നത്. ബംഗ്ലാദേശിലെ ഏകീകൃത സിവില്‍ കോഡിന് ന്യൂനപക്ഷം എതിരാണ്. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് അവിടത്തെ പുരോഗമനവാദികളാണ് ആവശ്യപ്പെട്ടത്. 

ബംഗ്ലാദേശിലെ മുസ്ലിം സ്ത്രീകള്‍ക്ക് മറ്റുവിഭാഗങ്ങളിലുള്ള സ്ത്രീകളെപ്പോലെ സ്വാതന്ത്ര്യം വേണ്ട എന്ന് മതേതര ചിന്തകര്‍ പറയുന്നത് മനസ്സിലാവുന്നില്ലെന്നും തസ്ലിമ പറഞ്ഞു. ഹിജാബും പര്‍ദ്ദയും ധരിക്കുന്നവരുടെ എണ്ണം 1994 ല്‍ ഉള്ളതിനേക്കാള്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്.  വീട്ടിലെ പുരുഷന്മാരുടെ നിര്‍ബന്ധപ്രകാരം മാത്രമാണ് പലപ്പോഴും സ്ത്രീകള്‍ ഹിജാബും പര്‍ദയും ധരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.