ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ആപ്പുകള്‍; ടിക് ടോക്ക്, ഹെലോ അധികൃതര്‍ക്ക് ഐ.ടി മന്ത്രാലയം നോട്ടീസയച്ചു; 21 ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ നിരോധനമടക്കമുള്ള കടുത്ത നടപടികള്‍ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

Thursday 18 July 2019 3:43 pm IST

ദല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങളില്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്ക്, ഹെലോ സേവനങ്ങള്‍ക്ക് ഐടി മന്ത്രാലയം നോട്ടീസയച്ചു.രാജ്യവിരുദ്ധ, നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ടിക്ടോക് ഉപയോഗിക്കുന്നുണ്ടെന്നും 21 ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കണമെന്നുമാണ് നോട്ടീസിലുള്ളത്. ജൂലൈ 22 നു മുന്‍പ് ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ആപ്പുകളുടെ നിരോധനമോ ഐടി നിയമം അനുസരിച്ചുള്ള നടപടികളോ നേരിട്ടേക്കും. 

രാഷ്ട്രീയം സ്വയംസേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ നടപടി. ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

ഈ പ്ലാറ്റ്ഫോമുകള്‍ 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി' മാറിയെന്നാരോപിച്ചാണ് ടെലികോം മന്ത്രാലയം ടിക് ടോക്കില്‍ നിന്നും ഹലോയില്‍ നിന്നും മറുപടി തേടിയത്. കൂടാതെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ നിലവില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നും ഭാവിയിലും കൈമാറ്റം ചെയ്യില്ലെന്നും ഉറപ്പ് തേടിയിട്ടുണ്ട്. 

വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ഐടി മന്ത്രാലയം ടിക്ടോകിന്റെ പ്രതികരണം തേടിയിട്ടുണ്ട്. 11,000 മോര്‍ഫഡ് രാഷ്ട്രീയ പരസ്യങ്ങള്‍ മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാന്‍ വലിയ തുക നല്‍കിയതിലും ഐടി മന്ത്രാലയം ഹെലോയില്‍ നിന്ന് വിശദീകരണം ചോദിച്ചു. കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.