'ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണം'; കേരളത്തില്‍ ഇടതും വലതും വോട്ട് കച്ചവട രാഷ്ട്രീയം കളിക്കുന്നുവെന്ന് തേജസ്വി സൂര്യ എംപി

Wednesday 16 October 2019 8:48 pm IST

മഞ്ചേശ്വരം: കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനത ശക്തമായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'പാഞ്ചജന്യം മുഴങ്ങട്ടെ,  താമര വിരിയട്ടെ' എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി കുമ്പളയില്‍ സംഘടിപ്പിച്ച യുവസമാവേശ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിനായി യുവാക്കള്‍ ഇനിയും രംഗത്ത് വരണം. മഞ്ചേശ്വരത്ത് ജയിച്ചാല്‍ കേരളത്തിലാകെ ബിജെപി വിജയിക്കും. ഇക്കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ഇടത് വലത് മുന്നണികള്‍ വോട്ട് കച്ചവടത്തിന്റെ അവിശുദ്ധ രാഷ്ട്രീയം ഇവിടെ പയറ്റുന്നത്. പഠനത്തിനും ഉദ്യോഗത്തിനുമായി ആയിരക്കണക്കിന് മലയാളികളാണ് ബെഗളൂരുവിനെ ആശ്രയിക്കുന്നത്. കേരള സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ കാരണമാണ് ബെംഗളൂരുവിലേക്ക് വരേണ്ടി വരുന്നതെന്നാണ് അവര്‍ പറയുന്നത്. മലയാളികള്‍ക്കൊപ്പമാണ് ഞാന്‍ ഓണം ആഘോഷിക്കാറ്. എന്നാല്‍ കേരളത്തില്‍ ദസറ ആഘോഷിക്കാന്‍ കേരളസര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബിജെപിയുടെ സ്ഥാപകനേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗത്തിന് രാജ്യം നല്‍കിയ അംഗീകാരമാണ് ജമ്മുകശ്മീരിന്റെ മോചനം. എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് ജയിക്കാന്‍ മാത്രമല്ല നാടിന്റെ പുരോഗമനം സാധ്യമാക്കാന്‍ വേണ്ടിയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു.

യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, മുന്‍ എംപി എ.പി. അബ്ദുള്ളക്കുട്ടി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കൈയ്യാര്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.