ആര്‍എസ്എസ് പ്രാര്‍ത്ഥനയില്‍ പുതിയ ഇന്ത്യയെ നിര്‍വ്വചിച്ച് ലോക്‌സഭയില്‍ താരമായി തേജസ്വി സൂര്യ

Wednesday 26 June 2019 9:48 pm IST

ന്യൂദല്‍ഹി: ''പരം വൈഭവന്നേതുമേതത് സ്വരാഷ്ട്രം, സമര്‍ത്ഥാ ഭവത്വാ ശിഷാതേ ഭൃശം''. രാജ്യത്തിന്റെ പരമ വൈഭവത്തിനായി പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് സ്വംയസേവകരെ പരാമര്‍ശിച്ച് ആര്‍എസ്എസ് ശാഖയിലെ പ്രാര്‍ത്ഥനയുടെ അവസാന വരികള്‍ ഉദ്ധരിച്ച് തേജസ്വി സൂര്യ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ലോക്‌സഭയില്‍ നിലക്കാത്ത കയ്യടി. യുവ എംപിയായി വാര്‍ത്തകളില്‍ ഇടംനേടിയ തേജസ്വി ലോക്‌സഭയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ താരപരിവേഷമണിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെക്കുറിച്ചാണ് അദ്ദേഹം പ്രസംഗത്തില്‍ ഊന്നിയത്.  

''രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുകയാണ്. ഒരു ചായക്കടക്കാരന്‍ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഒരിക്കലല്ല, രണ്ട് തവണ. അദ്ദേഹം ഞങ്ങളെപ്പോലുള്ളവരെ പുതിയ ഇന്ത്യയുടെ മുഖമായി ഉയര്‍ത്തിക്കൊണ്ടുവരുന്നു. 2014ല്‍ മോദിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സാധാരണ പ്രവര്‍ത്തകനായിരുന്നു ഞാന്‍. സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, വാജ്‌പേയ് തുടങ്ങിയ മഹാന്മാരുടെ സാനിധ്യമുണ്ടായിരുന്ന പാര്‍ലമെന്റില്‍ ഇതുപോലെ സംസാരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. മധ്യവര്‍ഗ്ഗ കുടുംബത്തിലെ ഒരു യുവാവിന് ലോക്‌സഭയില്‍ യുവാക്കളുടെ ശബ്ദമാകാന്‍ സാധിക്കുന്ന പുതിയ ഇന്ത്യയെയാണ് മോദി സൃഷ്ടിക്കുന്നത്''. തേജസ്വി വിശദീകരിച്ചു. 

കോണ്‍ഗ്രസ്സിന്റെ കുടുംബവാഴ്ചയെ കടന്നാക്രമിച്ച അദ്ദേഹം 'ലൂട്ടിയന്‍സ് ദല്‍ഹി' മാധ്യമങ്ങളുടെ മോദി വിരുദ്ധതയും തുറന്നുകാട്ടി. ഇന്ത്യയിലെ രാഷ്ട്രീയമെന്നത് വര്‍ഷങ്ങളോളം കുടുംബ കാര്യം മാത്രമായി. ഏതാനും പ്രഭുക്കളുടെ കൈകളില്‍ ഒതുക്കപ്പെട്ടു. സ്വന്തം താല്‍പര്യങ്ങള്‍ക്കായി അഴിമതിയും വഞ്ചനയും നടത്തുന്ന രാഷ്ട്രീയ സംവിധാനം രൂപപ്പെട്ടു. എന്നാല്‍ മോദിയുടെ ഭരണത്തില്‍ ജനാധിപത്യം ശക്തിപ്പെട്ടു. 

സാധാരണ ഇന്ത്യക്കാര്‍ മോദിയുടെ വിജയം പുതിയ ഇന്ത്യയുടെ വിജയമായാണ് കാണുന്നത്. പ്രതിപക്ഷത്തിന്റെ അസത്യവും വ്യാജ പ്രചാരണവും പൊളിഞ്ഞു. ലൂട്ടിയന്‍സ് ദല്‍ഹിയിലെ എഡിറ്റര്‍മാരുണ്ടാക്കുന്ന വ്യാജ കഥകള്‍ ഇന്ന് യുവാക്കള്‍ വിശ്വസിക്കുന്നില്ല. തേജസ്വി ചൂണ്ടിക്കാട്ടി. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഇംഗ്ലീഷിലും കന്നഡയിലുമായിരുന്നു പ്രസംഗം. മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ മണ്ഡലമായിരുന്ന ബാംഗ്ലൂര്‍ സൗത്തില്‍ 3.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 28കാരനായ തേജസ്വി വിജയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.