കടല്‍ക്ഷോഭം രൂക്ഷം; വലിയതുറ, ശംഖുംമുഖം തീരത്ത് കടലെടുത്തത് പത്തോളം വീടുകള്‍, തിരിഞ്ഞുനോക്കാതെ അധികൃതർ

Monday 22 July 2019 12:27 pm IST

തിരുവനന്തപുരം: ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി ദുരിതജീവിതത്തിലായത് എഴുന്നൂറോളം പേര്‍. മുഖ്യമന്ത്രിയുടേയും എംഎല്‍എയുടേയും പ്രഖ്യാപനങ്ങള്‍ വിശ്വസിച്ച ഇവിടത്തെ ജനങ്ങള്‍ ഇരമ്പിയെത്തിയ തിരമാലകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്ന കാഴ്ചയാണ്. വലിയതുറ മുതല്‍ വെട്ടുകാട് വരെയുള്ള അഞ്ച് കിലോമീറ്ററോളം തീരം കടല്‍ക്കലിയില്‍ വിറങ്ങലിച്ചിട്ടും ഒന്നും ചെയ്യാനാകാതെ സര്‍ക്കാര്‍ വലയുകയാണ്.

വീടുകള്‍ തകര്‍ന്നതറിഞ്ഞിട്ടും  ഏറെ സമയം അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. വലിയതുറ,  ശംഖുംമുഖം ഭാഗത്താണ് ഏറെ നാശംവിതച്ച് കടല്‍കയറിയത്. പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതോടെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ശംഖുംമുഖം തീരം കൈയടക്കിയ കടല്‍ ഇത്തവണ റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ വിഴുങ്ങി.  കടല്‍ പിന്‍വലിഞ്ഞിട്ടും തീരം സംരക്ഷിക്കാന്‍ ഒന്നും ചെയ്യാതെ സര്‍ക്കാറിന്റെ പിടിപ്പുകേടാണ് വീണ്ടും സ്ഥിതി ഗുരുതരമാക്കിയത്. 

കരിങ്കല്‍ മതിലും മണല്‍ച്ചാക്കും തകര്‍ത്ത് ഉയര്‍ന്ന തിരമാലകള്‍ കിലോമീറ്ററുകള്‍ നാശം വിതച്ചതോടെ രക്ഷയ്ക്ക് ഇനി എന്തെന്ന ചോദ്യത്തിന് സര്‍ക്കാറിനും മറുപടിയില്ല. ഇതോടെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ ഞായറാഴ്ച രാവിലെ റോഡ് ഉപരോധിച്ചു. കാര്‍ഗോയ്ക്ക് മുന്നില്‍ നടന്ന സമരത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.  തീരം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും എംഎല്‍എയും തന്ന ഉറപ്പ് അവര്‍ പാലിക്കാതെ തങ്ങളെ കബളിപ്പിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു. ശാശ്വതപരിഹാരമെന്ന പ്രഖ്യാപനം നടപ്പാക്കുന്നത് വൈകിയാല്‍ ഫിഷറീസ് മന്ത്രിയുടെ വീട് ഉപരോധിക്കുമെന്ന് അവര്‍ പറഞ്ഞു.

ഉപരോധം ശക്തമായതോടെ പോലീസെത്തി അവരെ നീക്കം ചെയ്തു. ഇതിനിടെ അപകടമേഖലയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിലും സര്‍ക്കാര്‍ പരാജയമായി. നാട്ടുകാരും സംഘടനകളും മുന്നില്‍ നിന്നാണ് അവര്‍ക്ക് സഹായമൊരുക്കിയത്. ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 161 കുടുംബങ്ങളില്‍ നിന്ന് 677 പേരാണ് ഇവിടെ തങ്ങുന്നത്. ബന്ധുവീടുകളില്‍ അഭയം തേടിയതും നിരവധി പേര്‍. വലിയതുറ ബഡ്‌സ് സ്‌കൂള്‍, ഫിഷറീസ് ഗോഡൗണ്‍, വലിയതുറ യുപിഎസ്, ടെക്‌നിക്കല്‍ സ്‌കൂള്‍, സെന്റ് റോച്ചസ് ഹൈസ്‌കൂള്‍, വെട്ടുകാട് സെന്റ് മേരീസ് യുപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ചയും ആഞ്ഞ് വീശിയ കാറ്റിനൊപ്പം തിരമാലകളും ശക്തമായി. കാറ്റ് ശക്തമായാല്‍ കൂടുതല്‍ വീടുകള്‍ക്കും തീരത്തിനും ഭീഷണി വര്‍ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.