തമിഴ്‌നാട്ടില്‍ എത്തിയ തീവ്രവാദി സംഘത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറും; ലക്ഷ്യം വന്‍ ഭീകരാക്രമണം; അതീവ ജാഗ്രതയ്ക്കു നിര്‍ദേശം

Friday 23 August 2019 12:15 pm IST

ന്യൂദല്‍ഹി:തമിഴ്‌നാട്ടില്‍ എത്തിയ തീവ്രവാദി സംഘത്തില്‍ മലയാളിയുടെ സാന്നിധ്യം വ്യക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍. തൃശൂര്‍ സ്വദേശിയും ഐഎസ് ബന്ധവുമുള്ള അബ്ദുള്‍ ഖാദറാണ് സംഘത്തിലുള്ളത്. ഇയാളുടെ സഹായത്തോടെയാണു ശ്രീലങ്കയില്‍ നിന്ന് സംഘം തമിഴ് നാട്ടില്‍ എത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ആക്രമണ സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.

വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്‌നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലു ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം.  ഇല്യാസ് അന്‍വര്‍ എന്ന പാക് ഭീകരനാണ് സംഘത്തിലുള്ളത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. 

മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും തീരദേശ പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെ പോലീസ് കമ്മിഷണര്‍ അറിയിച്ചു. അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.