ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയുമായി മോദി സര്‍ക്കാര്‍; 2019ല്‍ ഇതു വരെ വധിച്ചത് 126 ഭീകരരെ,2014ന് ശേഷം കശ്മീരില്‍ വധിച്ചത് 963 ഭീകരരെ

Wednesday 17 July 2019 6:29 pm IST

ന്യൂദല്‍ഹി:  ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ സുരക്ഷസേനയും പ്രതിരോധ സേനകളും ചേര്‍ന്ന് കശ്മീരില്‍ മാത്രം വധിച്ചത് 126 ഭീകരവാദികളെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഭീകരവേട്ടയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയമെന്നും അതിനനുസൃതമായി സുരക്ഷാ സേനകള്‍ അതിശക്തമായ പിന്തുണ ഇക്കര്യത്തില്‍ നല്‍കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.2019ല്‍ മാത്രം ഇന്റര്‍പോളിന്റെ സഹായത്തോടെ 16 കൊടും ഭീകരന്മാരെ അറസ്റ്റ് ചെയ്തു.

27 ഭീകരന്മാരെ നാടുകടത്തുകയോ  ഭീകര കൈമാറ്റ നിയമമനുസരിച്ച് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയോ ചെയ്തിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്താരാഷ്ട്ര തലത്തില്‍ ഭീകരര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ ഈ വര്‍ഷം ഇതിനോടകം 41 റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ അയച്ചു കഴിഞ്ഞതായും അതില്‍ 32 എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടതായും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യം അധികാരത്തിലെത്തിയ 2014 മെയ് മാസത്തിന് ശേഷം ജമ്മു കശ്മീരില്‍ മാത്രം ഇന്ത്യ ഇതു വരെ 963 ഭീകരരെയാണ് വധിച്ചിരിക്കുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായി പ്രതിരോധ വിദഗ്ദ്ധര്‍ ഈ കണക്കുകളെ നിരീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.