ടെസ്റ്റ് റാങ്കിങ്ങ്; രോഹിതിനും മായങ്കിനും വന്‍ മുന്നേറ്റം

Tuesday 8 October 2019 9:51 pm IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മക്കും സ്പിന്നര്‍ ആര്‍. അശ്വിനും വന്‍ മുന്നേറ്റം. 

ഏറ്റവും പുതിയ റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 36 സ്ഥാനങ്ങള്‍ മുന്നേറിയ രോഹിത് കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തി. പുതിയ റാങ്കിങ്ങ് പ്രകാരം 17-ാം സ്ഥാനത്താണ് ഇന്ത്യന്‍ ഓപ്പണര്‍.

ഓപ്പണറായി അരങ്ങേറ്റ ടെസ്റ്റിനിറങ്ങി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും നേടിയ സെഞ്ചുറിയാണ് രോഹിതിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് ഇരട്ടസെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. 38 സ്ഥാനങ്ങള്‍ കയറിയ മായങ്ക്, 25-ാം സ്ഥാനത്തെത്തി. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് റാങ്കിങ് പോയിന്റില്‍ നേരിയ തിരിച്ചടി നേരിട്ടു. സ്റ്റീവ് സ്മിത്തിനു പിന്നില്‍ രണ്ടാമതാണെങ്കിലും 2018 ജനുവരിക്ക് ശേഷം ഇതാദ്യമായി കോലിയുടെ റേറ്റിങ് പോയന്റ് 900-ല്‍ നിന്ന് താഴെയെത്തി. 899 ആണ് താരത്തിന്റെ നിലവിലെ റേറ്റിങ് പോയന്റ്. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മൂന്നാമത്. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി നേടിയ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തെത്തിയപ്പോള്‍ ക്വിന്റണ്‍ ഡീകോക്ക് നാലു സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പത്തുമാസങ്ങള്‍ക്കുശേഷമാണ് അശ്വിന്‍ തിരിച്ചുവരവ് നടത്തിയത്. പുതിയ റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങള്‍ മുന്നേറിയ അശ്വിന്‍ പത്താം സ്ഥാനത്താണ്.  രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 16-ാം റാങ്കിലെത്തി. ഓസ്‌ട്രേലിയയുടെ പാറ്റ് കുമ്മിന്‍സ് ഒന്നും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ രണ്ടും സ്ഥാനത്ത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനെ മറികടന്നാണ് ജഡേജ മുന്നേറിയത്. വിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.