വലിയ തെറ്റുകളുടെ തമ്പുരാട്ടി

Saturday 28 December 2019 5:44 am IST

എഴുത്തുകാരി അരുന്ധതി റോയിയുടെ നാവ് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത് ദേശവിരുദ്ധതയാണ്. ഇന്ത്യയില്‍ താമസിച്ചുകൊണ്ടുതന്നെ അവര്‍ ഇന്ത്യക്കെതിരെ സംസാരിക്കുന്നു. ജിഹാദികള്‍ക്കും ദേശവിരുദ്ധര്‍ക്കുമൊപ്പം കൂടി രാജ്യത്തെ ശിഥിലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കുചേരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന അവരുടെ ആഹ്വാനം. വിവാദമായപ്പോള്‍ നിലപാട് മാറ്റിയെങ്കിലും പറഞ്ഞവാക്കുകള്‍ തിരിച്ചെടുക്കാന്‍ ആകില്ലല്ലോ.

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കലാപം നടത്താന്‍ ആഹ്വാനം ചെയ്യുകയും കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അരുന്ധതി റോയിയുമുണ്ട്. ദല്‍ഹി സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു അവരുടെ രാജ്യവിരുദ്ധ ആഹ്വാനം. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി വിവരം ശേഖരിക്കാനെത്തുന്നവര്‍ പേരു ചോദിക്കുമ്പോള്‍ ബലാത്സംഗ കൊലപാതകക്കേസില്‍ തൂക്കിലേറ്റപ്പെട്ട രംഗബില്ലമാരുടെ പേരോ വിലാസം ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വസതിയുടെ പേരോ പറയാനാണ് അരുന്ധതി ആഹ്വാനം ചെയ്തത്. സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് അരുന്ധതിയുടെ നിലപാടെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 

പെണ്‍കുട്ടിയെയും സഹോദരനെയും കൊന്ന രംഗബില്ലമാരെപ്പോലുള്ള കുറ്റവാളികളെ ഉദാഹരിക്കുന്ന അരുന്ധതിയുടെ നിലപാട് സ്ത്രീവിരുദ്ധവും അവരുടെ കൂട്ട് കുറ്റവാളികള്‍ക്കൊപ്പവുമാണെന്ന് പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. ഇത്തരം ബുദ്ധിജീവികള്‍ രാജ്യത്തിന് ഗുണകരമായി ഒന്നും ചെയ്യില്ല. മറ്റേതെങ്കിലും രാജ്യത്തു ചെന്ന് ഇവര്‍ക്ക് ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുമോ? പലപ്പോഴും അരുന്ധതി പാക്കിസ്ഥാന് വേണ്ടി വാദിച്ചിട്ടുണ്ട്. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പരസ്യനിലപാടവര്‍ സ്വീകരിച്ചിട്ടുണ്ട്. തീവ്രവാദികളായ യാക്കൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിലേറ്റിയപ്പോഴും അവര്‍ കണ്ണീരൊഴുക്കുകയും അതിനെതിരായി ശബ്ദിക്കുകയും ചെയ്തു. 

മഹാത്മാഗാന്ധിയെപോലും അവര്‍ വെറുതേ വിട്ടില്ല. മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധിജി അര്‍ഹനല്ലെന്നും അംബേദ്കറെയും ഗാന്ധിയെയും ഒരിക്കലും ഒരുപോലെ കാണാനാവില്ലെന്നും അരുന്ധതി റോയി പറഞ്ഞത് വലിയ വിവാദമായിരുന്നു. കടുത്ത വര്‍ണവെറി ഗാന്ധി പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കന്‍ ജീവിതം അടയാളപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞ അവര്‍, ഇന്ത്യയില്‍ എത്തിയ ശേഷവും ഗാന്ധി കടുത്ത ജാതിവാദിയായി തന്നെ തുടരുകയായിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ടെന്നും പ്രസ്താവിച്ചു.

ഇന്ത്യയില്‍ വരാന്‍പോകുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാനെത്തുന്നവരോട് കള്ളം പറയണമെന്ന അവരുടെ ആഹ്വാനം. ഇതും ഇന്ത്യാ വിരുദ്ധ ശക്തികളുടെ അച്ചാരം വാങ്ങിയുള്ളതാണെന്നതില്‍ സംശയമില്ല.  കാനേഷുമാരിയും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെയാണ് രാജ്യത്ത് നടത്തുന്നത്. ഈ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് അടുത്ത പത്തുവര്‍ഷത്തെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കേരളമുള്‍പ്പെടെ ഒരു സംസ്ഥാനത്തിനും അതില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. ജനസംഖ്യാ രജിസ്റ്ററില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആരൊക്കെയാണ് അവകാശികളെന്ന് തിരിച്ചറിയപ്പെടാതെ പോകും. എല്ലാ തരത്തിലുമുള്ള ക്ഷേമ പദ്ധതികളെ അട്ടിമറിക്കാനെ അതുപകരിക്കൂ. രാജ്യം നന്നാവണമെന്നും ജനങ്ങള്‍ നന്നായി ജീവിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാള്‍ക്കും ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് വിട്ടു നില്‍ക്കാനോ തെറ്റായ വിവരങ്ങള്‍ നല്‍കാനോ കഴിയില്ല. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ദേശദ്രോഹപരമായ ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നത്. 

അരുന്ധതിയെ പോലുള്ള അരാജകവാദികളായ എഴുത്തുകാരുടെ ലക്ഷ്യം രാജ്യത്തിന്റെ ഉന്നതിയോ സമാധാനപരമായ ജനജീവിതമോ അല്ല. നിരന്തരം കലാപങ്ങളും അസ്വസ്ഥതകളുമുണ്ടാക്കി ഭാരതത്തെ ഇകഴ്ത്താന്‍ ശ്രമിക്കുന്ന തീവ്രവാദികളുള്‍പ്പെടെയുള്ള ദേശവിരുദ്ധരോടാണവര്‍ക്ക് കൂറ്. ജനസംഖ്യാ രജിസ്റ്ററില്‍ കള്ളങ്ങള്‍ രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത അരുന്ധതിക്കെതിരെ നടപടിയുണ്ടാകുകയാണ് വേണ്ടത്. ഇത്തരം ദേശവിരുദ്ധ ശബ്ദങ്ങള്‍ നമ്മുടെ രാജ്യത്ത് കൂടികൂടി വരുന്നത് സമാധാനത്തിന് ഭീഷണിയാണെന്ന തിരിച്ചറിവുണ്ടാകണം. ഇത്തരക്കാര്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നും താമസിക്കുന്നുണ്ടല്ലോ എന്നതാണ് നമ്മെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.