തുടരുന്ന സാംസ്‌കാരിക സപര്യ

Saturday 8 February 2020 7:41 am IST

കലാരൂപങ്ങളിലൂടെ ഭാരതീയ സംസ്‌കൃതിയും സന്ദേശവും ജനമധ്യത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തില്‍ അരനൂറ്റാണ്ട് മുന്‍പ് മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന 'സംസ്‌കാര്‍ ഭാരതി'യുമായി സംലയിച്ച് നിലകൊള്ളുന്ന കേരളത്തിലെ സംഘടനയാണ് 'തപസ്യ.' പൈതൃകത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തിയും, നഷ്ടപ്രായമായ അനുഷ്ഠാന കലകളെയും ജനപ്രീതി നേടിയ നാടന്‍ കലകളെയും  ശാസ്ത്രീയ കലകളെയും പ്രചരിപ്പിച്ചുകൊണ്ടുമാണ് കഴിഞ്ഞ നാല്‍പതിലേറെ കൊല്ലമായി തപസ്യ കേരളത്തില്‍ ഈ ദൗത്യം നിര്‍വഹിച്ചുപോരുന്നത്. 

1979-ല്‍ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നേതൃസ്ഥാനത്തുള്ള ഏതാനും പേര്‍ ചേര്‍ന്ന യോഗത്തിലാണ് തപസ്യ ഉടലെടുത്തത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജി, എം.എ. കൃഷ്ണന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. മഹാകവി അക്കിത്തം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ആര്‍. സഞ്ജയന്‍, കെ. ലക്ഷ്മി നാരായണന്‍, പി. നാരായണക്കുറുപ്പ്, പ്രൊഫ. കെ.പി. ശശിധരന്‍, കെ.പി. മണിലാല്‍ തുടങ്ങിയവരാണ് ആദ്യകാല ഭാരവാഹികള്‍. കേന്ദ്ര ഓഫീസ് രക്ഷാധികാരികളായും ഭരണസമിതി അംഗങ്ങളായും പ്രശസ്ത എഴുത്തുകാരാണ് തപസ്യയുടെ സാരഥ്യം വഹിക്കുന്നത്. മാടമ്പു കുഞ്ഞുക്കുട്ടന്‍, പി. ബാലകൃഷ്ണന്‍, പി.കെ. രാമചന്ദ്രന്‍, ആഷാ മേനോന്‍, തിരുവിഴ ജയശങ്കര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍,  പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, പി. ഉണ്ണികൃഷ്ണന്‍, എം. സതീശന്‍, അനൂപ് കുന്നത്ത്, കെ.പി. രവീന്ദ്രന്‍, സി.സി. സുരേഷ്, കെ. സതീശ് ബാബു, ഡോ. ആര്‍. അശ്വതി, പ്രൊഫ. ജെ. പ്രമീളാ ദേവി, കുമാര്‍ ചെല്ലപ്പന്‍, പി.ജി. ഗോപാലകൃഷ്ണന്‍, കല്ലറ അജയന്‍, മുരളി പാറപ്പുറം, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഉള്ളൂര്‍ എം. പരമേശ്വരന്‍ എന്നിങ്ങനെ ഏതാനും പേരുകളേ ഇവിടെ പറഞ്ഞിട്ടുള്ളൂ.

കഴിഞ്ഞ നാല്‍പതിലേറെ കൊല്ലങ്ങളായി തപസ്യ കേരളത്തില്‍ സവിശേഷമായ സാംസ്‌കാരിക ദൗത്യം നിര്‍വഹിച്ചുപോരുകയാണ്. സംസ്ഥാന സമിതിക്ക് എല്ലാ ജില്ലകളിലും സമിതികളുണ്ട്. ജില്ലാ സമിതി, ഓരോ ജില്ലയിലും ഒന്നില്‍ കൂടുതല്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നു.തപസ്യയുടെ ഭാരവാഹികള്‍ സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യാ സമ്മേളനത്തിന് മൂന്നു തവണ ആഗ്രയിലും പിന്നീട് മഥുര (യുപി), ബോംബെ എന്നിവിടങ്ങളിലും പങ്കെടുക്കുകയുണ്ടായി. തപസ്യയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ സംസ്‌കാര്‍ ഭാരതി പ്രതിനിധികളും എത്തിയിട്ടുണ്ട്. സംസ്‌കാര്‍ഭാരതിയുടെ അഖില ഭാരത സഞ്ചാലക സമിതി ആഗ്രയില്‍ പത്മശ്രീ ശൈലേന്ദ്രനാഥ് ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ 2003ല്‍ എടുത്ത തീരുമാനമായിരുന്നു.

തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം 2007 മുതല്‍ ഒരു വാര്‍ഷിക അംഗീകാരമായി മികച്ച എഴുത്തുകാര്‍ക്ക് നല്‍കി വരുന്നു. അക്കിത്തം, ഒ.വി. വിജയന്‍, അയ്യപ്പപ്പണിക്കര്‍, സി. രാധാകൃഷ്ണന്‍, ടി. പത്മനാഭന്‍, എം.വി. ദേവന്‍, തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, പി. നാരായണക്കുറുപ്പ് എന്നിവര്‍ അവാര്‍ഡ് ജേതാക്കളില്‍പ്പെടുന്നു. 2001-2002ല്‍ ആറുമാസക്കാലം രജതോത്സവം പരിപാടി നടന്നു. അന്ന് കാസര്‍കോട് ജില്ലയില്‍ അനന്തപുരം ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച 'ജ്യോതിര്‍ഗമയ' എന്ന അഖിലകേരള തീര്‍ഥ യാത്ര തിരുവനന്തപുരത്ത് അനന്തപുരിയില്‍ സമാപിച്ചു. ഒരു സാംസ്‌കാരികോത്സവമായിരുന്നു ഈ തീര്‍ഥയാത്ര. ഇതേത്തുടര്‍ന്ന് സംസ്ഥാനതലത്തില്‍ പഠനശിബിരങ്ങള്‍ നടന്നു.നമ്മുടെ പാരമ്പര്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്ന അവബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്ന തപസ്യയുടെ ധര്‍മം ആവേശപൂര്‍വംതന്നെ തുടര്‍ന്നുപോരുന്നു. സംസ്‌കാരത്തെപ്പറ്റി വിവരമുള്ള സജ്ജനങ്ങളുടെ സഹകരണം അതിന്റെ പിന്നിലുണ്ട്. (തപസ്യ സംസ്ഥാന രക്ഷാധികാരിയാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.