മഹാപ്രളയത്തിലും വീഴാതെ നിന്ന സുഗതകുമാരിയുടെ വാഴുവേലിൽ തറവാട് സംരക്ഷിത സ്മാരകമാക്കുന്നു

Wednesday 17 July 2019 1:19 pm IST

പത്തനംതിട്ട: കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമാക്കുന്നു. ഇതിന്റെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് മഹാപ്രളയത്തിലും വീഴാതെ നിന്നെങ്കിലും പകുതിയിലേറെ ഭാഗത്തെ തടികളും ദ്രവിച്ചു.  

സുഗതകുമാരിയുടെ വാഴുവേലില്‍ തറവാട് സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.  വീടിന്റെ തറകള്‍ അതേ രൂപത്തില്‍തന്നെ പുതുക്കി കെട്ടി. ദ്രവിച്ചുപോയ തടികളും മറ്റും അതേ അളവിലും രൂപത്തിലും കൂട്ടും. തേക്ക്, ആഞ്ഞിലി, തെങ്ങ് എന്നിവയാണ് ഉപയോഗിക്കുന്നത്. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നികന്നുപോയ കുളം പുനര്‍നിര്‍മിക്കും. സമീപമുള്ള കാവ് സംരക്ഷിക്കും. തെക്കുഭാഗത്ത് കളിത്തട്ട് പണിയും. പൂര്‍ണമായും വാസ്തുശാസ്ത്രം അനുസരിച്ചാണ് നിര്‍മാണം. 50 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് രൂപരേഖ തയാറാക്കിയത്. ഇത് സുഗതകുമാരിയെ കാണിച്ച് അനുമതി വാങ്ങിയിരുന്നു. വീട് നിലവിലെ രീതിയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട് കവിക്ക്. നിലവിലെ നിര്‍മാണ രീതിയില്‍ നിന്ന് അല്‍പ്പംപോലും മാറ്റമില്ലാതെയാണ് സംരക്ഷിത സ്മാരകമാക്കുന്നത്. കവിയുടെ ആഗ്രഹപ്രകാരം തറവാട് സംരക്ഷിത സ്മാരകമാക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്യുന്നത്. 

തറവാടിന്റെ ഉടമസ്ഥാവകാശം സുഗതകുമാരിക്കു തന്നെയാണ്. തറവാട് നോക്കാനും കാവിലെ പൂജകള്‍ മുടക്കം വരാതെ നടത്താനും സുഗതകുമാരി ഏല്‍പ്പിച്ചിരിക്കുന്നത് ആറന്മുള മുളയ്ക്കല്‍ വീട്ടില്‍ വിജയകുമാറിനെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.