അങ്കണവാടി ഹെല്‍പ്പര്‍ ജോലിക്കായി സമീപിച്ചപ്പോള്‍ സിപിഎം നേതാവ് മോശമായി പെരുമാറി; പാര്‍ട്ടി പ്രവര്‍ത്തകയായ വിധവയായ വീട്ടമ്മ എസ്പിയ്ക്ക് പരാതി നല്‍കി

Wednesday 3 July 2019 1:52 pm IST

കോട്ടയം: സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് അപമര്യാദയായി പെരുമാറിയെന്ന് വീട്ടമ്മയുടെ പരാതി. അങ്കണവാടി ഹെല്‍പ്പര്‍ ജോലി ലഭിക്കാന്‍ സമീപിച്ചപ്പോഴാണ് വിധവയായ വീട്ടമ്മയോട് മോശമായി പെരുമാറിയത്. ഇത് സംബന്ധിച്ച് വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനെതിരെ വനിതാകമ്മീഷനും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതായി വീട്ടമ്മ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

2017 മെയ് 23 മുതല്‍ നവംബര്‍ 20 വരെ 6 മാസക്കാലം ഉദയനാപുരം 7-ാം വാര്‍ഡില്‍ അങ്കണവാടിയില്‍ ഹെല്‍പ്പറായി വീട്ടമ്മ ജോലിചെയ്തിരുന്നു. പിന്നീട് 180 ദിവസം വീണ്ടും അതേ അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി ചെയ്തു വരവേ ഹെല്‍പ്പര്‍ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ ഒഴിവിലേക്ക് പ്രസിഡന്റ് പി.എസ്.മോഹനന്‍ ചെയര്‍മാനായ പതിനൊന്ന് അംഗ ഇന്റര്‍വ്യൂ പാനലിന് മുമ്പില്‍ ഇന്റര്‍വ്യൂവിന് ഹാജരായി.

സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മ പാര്‍ട്ടിനേതാക്കന്മാരെ കാണുകയും ജോലി ലഭിക്കാന്‍ അര്‍ഹതയെന്ന് പറയുകയും ചെയ്തു.നിയമനത്തെകുറിച്ച് അന്വേഷിക്കാന്‍ 2018 നവംബര്‍ 2ന് പഞ്ചായത്തില്‍ എത്തിയ വീട്ടമ്മയെ പ്രസിഡന്റ് മുറിയിലേക്ക് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

വാര്‍ത്താസമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷൈലമ്മ രാജപ്പന്‍, ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേലി എന്നിവര്‍ പങ്കെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.