നവഭാരതത്തിലേക്കുള്ള രാജപാത

Monday 3 February 2020 4:45 am IST

ഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ഫലം വ്യക്തമായപ്പോള്‍ തന്നെ ഇനി നവഭാരത സൃഷ്ടിയാണ് മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എഴുപത് വര്‍ഷമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ദേശസ്‌നേഹം പ്രോജ്വലിക്കുന്ന ചില വിഷയങ്ങള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തും ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ് അവയെല്ലാം. മുത്തലാഖ് വിഷയം ലക്ഷക്കണക്കായ മുസ്ലിം സ്ത്രീകളുടെ നീറുന്ന പ്രശ്‌നമാണ്. അത് പരിഹരിക്കണമെന്ന ആവശ്യം ദശാബ്ദങ്ങളായി ഉയരുന്നു. അത് ലക്ഷ്യത്തിലേക്കെത്തിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മുസ്ലീങ്ങളുടെ പേരില്‍ പ്രതിപക്ഷ കക്ഷികളെല്ലാം മാറത്തടിച്ച് വിലപിക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ ആവശ്യം അംഗീകരിച്ച് മുത്തലാഖ് നിരോധിച്ച് ചരിത്രം സൃഷ്ടിച്ച മോദി സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ അവര്‍ തയാറല്ല.

ജമ്മകശ്മീര്‍ എന്നും തലവേദനയായിരുന്നു രാജ്യത്തിന്. രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്ന് വീമ്പടിക്കുമ്പോഴും 370-ാം വകുപ്പ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരുത്തേകിയത്. ആ വകുപ്പ് എടുത്തുമാറ്റാന്‍ പ്രയത്‌നങ്ങളും പലതവണ കണ്ടു. പക്ഷേ, അത് യാഥാര്‍ഥ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ വേണ്ടിവന്നു. 370-ാം വകുപ്പ് എടുത്തുകളഞ്ഞാല്‍ ചോരപ്പുഴ ഒഴുകുമെന്ന് പ്രവചിച്ചവരുണ്ട്. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, കാര്യങ്ങളെല്ലാം സുഗമമായി നടന്നു. ജമ്മുകശ്മീരിനും ലഡാക്കിനും വികസനത്തിന്റെ പുതുയുഗം പിറന്നു. ഏതാണ്ട് 36,000 കോടി രൂപ ഈ ബജറ്റില്‍ ആ മേഖലയ്ക്കായി വകയിരുത്തുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയാണ് ഈ സര്‍ക്കാരിന്റെ മറ്റൊരു പ്രധാന നേട്ടം. പാക്കിസ്ഥാനികള്‍ക്ക് മാത്രം പ്രതികൂലമാകുന്ന ഈ നിയമത്തെ പാക്കിസ്ഥാനേക്കാള്‍ ശക്തമായി എതിര്‍ക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ അക്രമ സമരം നടത്തുന്നതെന്തിനാണെന്ന ചോദ്യം പരക്കെ ഉയരാന്‍ പോവുകയാണ്. അതിന് ശക്തിപകരുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങളെല്ലാം.

വനിതകള്‍ക്കും കര്‍ഷകര്‍ക്കും സൈനികര്‍ക്കും ഏറെ പരിഗണനയും യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റിന്റെ പ്രത്യേകതയാണ്. റോഡ്, റെയില്‍ മേഖലയില്‍ കുതിച്ചുചാട്ടമാണ് സംഭവിക്കാന്‍ പോകുന്നത്. പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും നരേന്ദ്ര മോദി സര്‍ക്കാരാണെങ്കില്‍ അതിനോട് നിസഹകരിക്കുക എന്ന നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മനോനിലയാണ് പ്രതിപക്ഷത്തിന്. അവര്‍ക്ക് മാത്രമാണ് ബജറ്റ് നിരാശാജനകമാകുന്നത്. കഴിഞ്ഞതവണ കിട്ടിയതുക ഈ തവണ കിട്ടിയില്ലെന്ന് പരിതപിക്കുന്നവരുണ്ട്. കേരളം ആ ഗണത്തില്‍പ്പെടും. രോഗം മൂര്‍ഛിച്ചിരിക്കുമ്പോള്‍ നല്‍കുന്ന മരുന്ന് തുടര്‍ന്നും നല്‍കാന്‍ ഒരു ഡോക്ടറും തയാറാകില്ല. ഡോസ് കുറച്ച് മാത്രമേ നല്‍കൂ. ഡോസ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നതിന്റെ അര്‍ഥം രോഗം ഗുരുതരമായതുകൊണ്ടാണ്.

ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഭാരത്‌നെറ്റ് പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 6000 കോടി രൂപ അനുവദിച്ചു. അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, പോസ്റ്റ് ഓഫീസുകള്‍ പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി ഗ്രാമപഞ്ചായത്ത് തലം മുതലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരത്‌നെറ്റിന്റെ ഫൈബര്‍ ടു ഹോം കണക്ഷന്‍ വഴി ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ഈ വര്‍ഷം തന്നെ ബന്ധിപ്പിക്കുമെന്നു പറയുമ്പോളാണ് ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാവുന്നത്. നൂതന സാങ്കേതിക വിദ്യകളില്‍ ഊന്നിയുള്ള സാമ്പത്തിക മാതൃകകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം സ്വകാര്യ മേഖലയ്ക്ക് രാജ്യത്തുടനീളം ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സഹായകമാകുന്ന നയങ്ങള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കി. പട്ടികജാതി-വര്‍ഗക്കാരുടെ ക്ഷേമത്തിന് ഒന്നരലക്ഷം കോടി രൂപയോളം വകയിരുത്തി എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

'ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ' പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അത് ശക്തിപ്പെടുത്തുമ്പോള്‍ അതിന്റെ വിഹിതം കേരളത്തിനും കിട്ടില്ലേ?

പ്രാഥമിക വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെ പ്രവേശന അനുപാതം 89.28 ശതമാനമാണെങ്കില്‍ പെണ്‍കുട്ടികളുടേത് 94.32 ശതമാനമാണ്. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇത്തരത്തില്‍ വര്‍ധനവുണ്ടായെങ്കില്‍ അത് എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടമല്ലേ? സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനം ആണ്‍കുട്ടികളേക്കാള്‍ ഉയരുന്നത്. ചരിത്ര നേട്ടമായാണ് സാമൂഹ്യ വിദഗ്ധരും ഇതിനെ കാണുന്നത്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഉയര്‍ന്ന ജോലികള്‍ക്കും ഇപ്പോള്‍ അവസരങ്ങളുണ്ട്. ഇതെല്ലാം അവര്‍ അമ്മയാകുന്ന വയസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി രൂപീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ആദായനികുതിയിലെ ഇളവ് മാത്രമല്ല പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ല. റെയില്‍വേ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരുണ്ട്. അതും സംഭവിച്ചില്ല. പകരം പുതിയ 150 തീവണ്ടികള്‍ വരുന്നു. കാര്‍ഷികമേഖലയ്ക്ക് ശക്തിപകരുന്നതാണ് 15 ലക്ഷം കോടി വായ്പാ വാഗ്ദാനം. കാര്‍ഷിക തീവണ്ടി, കാര്‍ഷിക വിമാനം ഇതെല്ലാം നവഭാരതത്തിലേക്കുള്ള രാജപാതയാകുമെന്നതില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.