തോമസ് ഐസക്കിന്റെ തമാശകള്‍

Wednesday 12 February 2020 5:12 am IST

കിഫ്ബിയിലൂടെ കേരളത്തിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാമെന്ന ആത്മവിശ്വാസം നല്ലതുതന്നെ. പക്ഷെ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും ചരക്ക് സേവന നികുതിയിലൂടെയും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെയും നേട്ടമുണ്ടാക്കിയപ്പോള്‍ കേരളത്തിന്റെ ഈ കാര്യത്തിലുള്ള കഴിവുകേടും കെടുകാര്യസ്ഥതയും കിഫ്ബിയുടെ മനക്കോട്ടകള്‍ കൊണ്ട് മറയ്ക്കാന്‍ സാധിക്കുന്നതല്ലല്ലോ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും ഒട്ടും ആശ്വാസമേകാതെ, സാമ്പത്തിക കെടുകാര്യസ്ഥതയുടെ ഭാരം സാധാരണക്കാരുടെ തലയില്‍ കെട്ടിവച്ച്, കിഫ്ബിയുടെ സ്വപ്‌നക്കൂട്ടില്‍ നിറഞ്ഞ ചിരിയുമായിരിക്കുകയാണ് തോമസ് ഐസക് എന്ന ധനമന്ത്രി. സാധാരണക്കാരെയും സംരംഭകരെയും നേരിട്ട് ബാധിക്കുന്ന നികുതിയും, ന്യായവിലയും സേവന നികുതിയും കുത്തനെ ഉയര്‍ത്തിയാണ് തോമസ് ഐസക് തന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രം ക്ലച്ച് പിടിക്കുന്ന കമ്യൂണിസത്തില്‍ വിശ്വസിച്ചു പോയതുകൊണ്ട് മുണ്ടു മുറുക്കിയുടുക്കാന്‍ വിധിക്കപ്പെട്ട സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിയുന്നതാണ് ഈ വര്‍ഷത്തെ കേരള ബജറ്റ്. സര്‍ക്കാരിന് ആകെ വിശ്വാസം കിഫ്ബിയെ മാത്രമാണ്. നഷ്ടപ്പെടുവാന്‍ ഉടുതുണി മാത്രം ബാക്കിയായ മാര്‍ക്‌സിസ്റ്റ് അനുയായികളും അനുഭാവികളും ആഗോള തലത്തില്‍ നടക്കുന്ന സാമ്പത്തിക വ്യതിയാനങ്ങളുടെയും വികസനങ്ങളുടെയും കഥയറിയാതെ കേന്ദ്രത്തിനെതിര മതില്‍കെട്ടിയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചും ആശ്വാസം കണ്ടെത്തുന്നു. ഒന്നും ലഭിച്ചില്ലെങ്കിലെന്താ ഒന്നുറക്കെ മുദ്രാവാക്യം വിളിക്കാന്‍ സാധിച്ചല്ലോ എന്നതാണ് ആശ്വാസം കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് മാന്ദ്യം നേരിടുകയും വികസനത്തില്‍ വിപ്ലവവീര്യം പകരാനുമുള്ള നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തതാണ് തോമസ് ഐസക്കിന്റെ ബജറ്റ്. ഐടി മേഖലയിലെങ്കിലും തൊഴിലവസരം സ്വപ്‌നം കാണുന്ന, മഹാ ശ്യംഖലയില്‍ കണ്ണികളായവരടക്കം നിരവധി പേര്‍ നിയമന നിരോധനത്തില്‍ നിരാശരാണ്.

വികസനവും വിമര്‍ശനവും

മോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ഡീമോണിറ്റൈസേഷനാണ് റിയല്‍ എസ്റ്റേറ്റ് മേഖലയടക്കം എല്ലാ മേഖലകളുടെയും സാമ്പത്തിക മാന്ദ്യത്തിന് കാരണം എന്ന് പറയുന്ന ആളുകള്‍, ഭൂമിയുടെ ക്രയവിക്രയത്തെ പ്രോത്സാഹിപ്പിക്കാനാണോ ഭൂമിയുടെ ന്യായ വിലയും, കെട്ടിടങ്ങളുടെ നികുതിയും വര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാക്കണം.

കേന്ദ്രമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതമായി നില്‍ക്കുന്നതെങ്കില്‍ അവരെ അനുനയിപ്പിച്ചും അനുസരിച്ചും ഒരു ഫെഡറല്‍ സംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് വികസന കാര്യത്തിലെ വിമര്‍ശനമൊഴിവാക്കിക്കൊണ്ടുള്ള സഹകരണമല്ലേ അവശേഷിക്കുന്ന കാലയളവില്‍ സര്‍ക്കാരിന് അഭികാമ്യമെന്ന് പരിശോധിക്കേണ്ടതാണ്.

അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കുമെന്നും പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ എന്ന തോതില്‍ 25 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും എന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയ ഇടത് സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണുണ്ടായത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനസംഖ്യാ മികവ് അവകാശപ്പെടാന്‍ ഏറെ യോഗ്യരായ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് നിയമന നിരോധനം കടുത്ത നിരാശയാണ് നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കടുത്ത നിരാശയോടും ഏറെ പ്രതിഷേധത്തോടെയുമാണ് ചെറുപ്പക്കാര്‍ ഈ ബജറ്റിനെ നോക്കിക്കാണുന്നത്. നഷ്ടപ്പെടുവാന്‍ ശ്യംഖല മാത്രമല്ല, തൊഴിലവസരങ്ങള്‍ കൂടിയാണ് എന്നവര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പിഎസ്‌സിയിലൂടെയുള്ള പുതിയ നിയമനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പാര്‍ശ്വവര്‍ത്തികള്‍ക്ക് പുനര്‍വിന്യാസത്തിലൂടെ തൊഴിലുറപ്പ് നല്‍കാനുള്ള പദ്ധതിയാണ് സര്‍ക്കാരിന്റേത് എന്നാണ് പൊതു ഇടങ്ങളിലെ പുതിയ വര്‍ത്തമാനം.

മഹാത്മാ ഗാന്ധിയുടെ ചിത്രവും അദ്ദേഹത്തിന്റെ ദര്‍ശനവും പ്രദര്‍ശിപ്പിക്കുന്ന ഭരണകര്‍ത്താക്കള്‍ പക്ഷെ അദ്ദേഹത്തിന്റെ ലളിതജീവിതവും, വലിയ കാഴ്ചപ്പാടും, മദ്യനിരോധനം പോലുള്ള കര്‍മ്മ പദ്ധതികളും സ്വന്തം ജീവിതത്തില്‍ പകര്‍ത്താറില്ല. മദ്യവില്‍പ്പന കേരളത്തിന്റെ ഒരു മുഖ്യവരുമാന മാര്‍ഗമാണ്. 2009-2019 കാലയളവില്‍ കേരളക്കര കുടിച്ച് തീര്‍ത്തത് ഒരു ലക്ഷം കോടി രൂപയുടെ മദ്യമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  മദ്യത്തിനും, പുകയിലയ്ക്കും നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരുകര്‍ മെനക്കെടാറില്ല. ഈ ബജറ്റിലും മദ്യത്തെ തൊടാന്‍ തോമസ് ഐസക്കിന്റെ കൈ വിറച്ചിരിക്കുന്നു. മദ്യ ഉപഭോഗത്തിന് പരോക്ഷമായി പ്രോത്സാഹനവും നല്‍കുന്നു. 

ലോട്ടറിയില്‍ നിന്നും, മണ്ഡലകാലത്ത് ശബരിമല വരുമാനവും സര്‍ക്കാരിനെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മദ്യത്തേയും, ചൂതാട്ടത്തെയും, ഭാഗ്യത്തെയും, ഭക്തിയെയും വിശ്വസിക്കാത്ത അഥവാ അംഗീകരിക്കാത്ത സര്‍ക്കാര്‍, ഈ രംഗത്തെ വരുമാനത്തെ തള്ളിപ്പറയാറില്ല. സാമ്പത്തിക കാര്യത്തിലെ തൊട്ടുകൂടായ്മയില്ലാത്ത അവസ്ഥയായിരിക്കാം ഇതിന്റെ രഹസ്യം.

തൃപ്തിയില്ലാതെ തലസ്ഥാന നിവാസികള്‍

തലസ്ഥാന നഗരിയിലെ നിവാസികളുടെ പ്രതീക്ഷകള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയ ഇടത് സര്‍ക്കാരിന്റെ അവസാന ബജറ്റ് തലസ്ഥാനത്തേക്ക് തോമസ് ഐസക്കിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാക്കിത്തീര്‍ക്കുന്ന തരത്തിലായിപ്പോയി എന്നാണ് തലസ്ഥാന നഗരിയിലെ സാധാരണക്കാര്‍ വിശ്വസിക്കുന്നത്.

കാട്ടാക്കടയിലെയും, കാര്യവട്ടത്തെയും, കഴക്കൂട്ടത്തെയും, കോവളത്തെയും കമ്മ്യൂണിസ്റ്റ് വോട്ടര്‍മാരടക്കം തിരുവനന്തപുരത്തോടുള്ള തോമസ് ഐസക്കിന്റെ അവഗണനയില്‍ അസ്വസ്ഥരാണ്. തലസ്ഥാനത്തെ റോഡ് വികസനവും, മേല്‍പ്പാല നിര്‍മ്മാണവും, തോട് നവീകരണവും, ഡ്രൈനേജ് പദ്ധതികളും, കുടിവെള്ള വിതരണവും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ഇടം പിടിച്ചിട്ടില്ല.

ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും വിരുദ്ധവും വ്യത്യസ്തവുമായ സാമ്പത്തിക കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കേന്ദ്രത്തിന്റെ എതിര്‍പ്പുകളെ സ്വന്തം സാമ്പത്തിക കരുത്തുകൊണ്ടും, സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെയും പ്രതിരോധിക്കുകയാണ് അഭികാമ്യം. 

കിഫ്ബിയിലൂടെ കേരളത്തിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാമെന്ന ആത്മവിശ്വാസം നല്ലതുതന്നെ. പക്ഷെ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും ചരക്ക് സേവന നികുതിയിലൂടെയും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെയും നേട്ടമുണ്ടാക്കിയപ്പോള്‍ കേരളത്തിന്റെ ഈ കാര്യത്തിലുള്ള കഴിവുകേടും കെടുകാര്യസ്ഥതയും കിഫ്ബിയുടെ മനക്കോട്ടകള്‍ കൊണ്ട് മറയ്ക്കാന്‍ സാധിക്കുന്നതല്ലല്ലോ. പ്രതിമാസം ഒന്നര ലക്ഷം കോടി രൂപ എന്ന കേന്ദ്ര സര്‍ക്കാരിന്റെ ചരക്ക് സേവന നികുതി  ലക്ഷ്യവുമായി സഹകരിക്കുകയല്ലേ കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.

വെറുപ്പിന്റേയും, വിദ്വേഷത്തിന്റെയും, വര്‍ഗ്ഗീയ പ്രീണനത്തിന്റെയും പ്രസ്താവനകളല്ല ഒരു വികസന ബജറ്റില്‍, പത്തോളം ബജറ്റുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ഒരു ധനമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. ഒരു ബജറ്റിലൂടെ നാം കൈകാര്യം ചെയ്യേണ്ടുന്നത് വരുംകാല വികസന കാഴ്ചപ്പാടും കാശുണ്ടാക്കാനും അത് കാര്യമാത്ര പ്രസക്തമായി ചെലവഴിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ തോമസ് ഐസക്കിന്റെ ബജറ്റില്‍ ഇത് രണ്ടും സംഗതിവശാല്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രത്യേക രാഷ്ട്രീയ വിശ്വാസങ്ങളില്‍ വിശ്വസിക്കുന്നവരാകാം. അത് അവര്‍ പ്രത്യേക ജനുസ്സുകളില്‍ പെട്ടതുകൊണ്ടല്ല; മറിച്ച് കാഴ്ചപ്പാടിന്റെയും, കര്‍മ്മപദ്ധതികളുടെയും, കാര്യപ്രാപ്തിയുടെയും വ്യത്യാസം കൊണ്ടാണെന്ന് നാം തിരിച്ചറിയണം. ബജറ്റ് ഒരു വികസന പത്രികയാണ്. വികസനത്തിന്റെ ഒരു രൂപരേഖയാണ്. അവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് വികസന കാര്യം മാത്രമാണ്. വ്യത്യസ്ത രാഷ്ട്രീയ പ്രമാണത്തെക്കുറിച്ചല്ല. രാഷ്ട്രീയ നിറവ്യത്യാസമില്ലാത്തതാകണം വികസനത്തിലേക്കുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌ഐഎല്‍ ഇന്ത്യ ലിമിറ്റഡിന്റെ മുന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.