ദേശാഭിമാനത്തിന്റെ സിംഹഗര്‍ജനം; ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 123-ാം ജന്മദിനം

Thursday 23 January 2020 5:11 am IST
സ്വപ്‌നം കണ്ട സ്വാതന്ത്ര്യ പുലരി കാണാന്‍ കാത്തു നിന്നില്ലെങ്കിലും ഇന്ത്യയെ സ്നേഹിക്കുന്ന മനസ്സുകളില്‍ ഊര്‍ജത്തിന്റെ പൊന്‍തിളക്കമായി ബോസ് ഇന്നും നിലനില്‍ക്കുന്നു. ദേശഭക്തി തന്നെ വിവാദ വിഷയമാക്കപ്പെടുന്ന ഇന്ന് ആ ചൈതന്യം പുത്തന്‍ തലമുറയ്ക്കു വഴികാട്ടും

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍  സമാനതകളില്ലാത്തതും വിപ്ലവാത്മകവുമായ  സുവര്‍ണ്ണാദ്ധ്യായം  രചിച്ച സുഭാഷ് ചന്ദ്രബോസ് പിറന്നിട്ട് ഇന്നു 123 വര്‍ഷം തികയുന്നു. 1945 ല്‍ ആ നക്ഷത്രം അസ്തമിച്ചു. സ്വപ്‌നം കണ്ട സ്വാതന്ത്ര്യ പുലരി  കാണാന്‍  കാത്തു നിന്നില്ലെങ്കിലും ഇന്ത്യയെ സ്നേഹിക്കുന്ന മനസ്സുകളില്‍ ഊര്‍ജത്തിന്റെ പൊന്‍തിളക്കമായി ബോസ് ഇന്നും നിലനില്‍ക്കുന്നു. ദേശഭക്തി തന്നെ വിവാദ വിഷയമാക്കപ്പെടുന്ന ഇന്ന് ആ ചൈതന്യം പുത്തന്‍ തലമുറയ്ക്കു വഴികാട്ടും.  നേതാജി ജയന്തി 'പ്രവാസി സ്വാഭിമാന്‍ ദിവസ്' ആയി പ്രവാസി ക്ഷേമ സമിതി കേരളമാകെ ആചരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 

ഇംഗ്ലണ്ടില്‍, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിട്ടും ഔദ്യോഗിക ജീവിതം വിട്ട് മാതൃഭൂമിയുടെ സേവനത്തിനിറങ്ങിയ ഭാരത പുത്രനാണ് ബോസ്. പാരതന്ത്ര്യത്തിന്റെ നുകത്തിനു കീഴില്‍ നിന്നു  തന്റെ 'ദിവ്യയായ മാതൃഭൂമി'(ാ്യ റശ്ശില ാീവേലൃഹമിറ എന്ന് ബോസ് ഭാരതത്തെ  വിശേഷിപ്പിച്ചിരുന്നു) തന്നെ മാടിവിളിക്കുന്നതായി അദ്ദേഹത്തിനു തോന്നി. നാടിന്റെ വിമോചന പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍  മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ആദ്യകാലത്ത്, തന്റെ മാര്‍ഗ്ഗ ദര്‍ശിയും ഗുരുവുമായിരുന്ന ദേശബന്ധു ചിത്തരഞ്ജന്‍ ദാസില്‍ നിന്നു കര്‍മ്മ നിഷ്ഠയും വിശ്വാസ ദാര്‍ഢ്യവും ബോസിന് വേണ്ടത്ര  നേടാന്‍ കഴിഞ്ഞിരുന്നു. ഹ്രസ്വമായ കാലത്തിനുള്ളില്‍ തന്നെ ഗാന്ധിജിയുടെ പ്രിയങ്കരനായ  യുവസുഹൃത്തായി ബോസ് മാറി.  ദേശീയ സേവാദള്‍ സ്ഥാപിച്ച്  അതിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ സുഭാഷിനെ  ഗാന്ധിജി വിശേഷിപ്പിച്ചത് 'ദേശാഭിമാനികളിലെ  രാജകുമാരന്‍' എന്നാണ്.

അന്നത്തെ  ബംഗാള്‍ പ്രസിഡന്‍സിയുടെ  ഭാഗമായിരുന്ന ഒറീസയിലെ  കട്ടക്കില്‍  അഭിഭാഷകനും പബ്ലിക്  പ്രോസിക്യൂട്ടറുമായിരുന്ന ജാനകിനാഥ ബോസിന്റെയും പ്രഭാവതിയുടെയും മകനായി 1897 ജനുവരി 23നാണു  സുഭാഷ് ജനിച്ചത്. ഭാരതത്തിനെതിരെ എന്നും ക്ലാസ്സില്‍ സംസാരിച്ചിരുന്ന  ഇംഗ്ലീഷുകാരന്‍  അദ്ധ്യാപകനെ  ശാരീരികമായി  ആക്രമിച്ചതിന്റെ പേരില്‍  സ്‌കൂളില്‍ നിന്നു  പുറത്താക്കപ്പെട്ടു. പിന്നീട്  കോളേജ് വിദ്യാഭ്യാസ കാലത്ത്, ബോസിനെ  ഏറ്റവും അധികം സ്വാധീനിച്ചത്  സ്വാമി വിവേകാനന്ദനായിരുന്നു.  1920ല്‍   ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ നിന്നു  സിവില്‍ സര്‍വീസ്  പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബോസിന്റെ മനസ്സില്‍  ഒരു ചോദ്യം ഉയര്‍ന്നു.  ബ്രിട്ടീഷ് സര്‍ക്കാരിന്റെ അടിമയായി  ജോലി ചെയ്യണോ സ്വരാജ്യത്തിനായി സ്വയം സമര്‍പ്പിക്കണോ? രണ്ടാമത്തെ വഴിതന്നെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.

ചിത്തരഞ്ജന്‍ ദാസിന്  ബോസ് എഴുതി,  ''എന്റെ സര്‍വ്വസ്വവും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന്  വേണ്ടി ത്യാഗം  ചെയ്യുവാന്‍  ഞാന്‍ തയ്യാറാണ്.  ഭാരതം വീണ്ടും ഉജ്ജ്വല  രാഷ്ട്രമായി ഉയരണം''. ഇതിനകം, ഗാന്ധിജി ഇന്ത്യയില്‍ ജനനേതാവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. തന്റെ  മുന്നിലെത്തിയെ ബോസിനെ ഗാന്ധിജി, സി.ആര്‍. ദാസിനൊപ്പം പ്രവര്‍ത്തിക്കാന്‍ കല്‍ക്കട്ടയിലേക്ക് അയച്ചു. ബോസിന്റെ പൊ

തുജീവിതം  അവിടെ തുടങ്ങി.  സി.ആര്‍. ദാസ് കല്‍ക്കട്ട മേയര്‍ ആയപ്പോള്‍ ബോസിനെ,  കോര്‍പ്പറേഷന്റെ മുഖ്യഭരണാധികാരി  (സി.ഇ.ഒ.) യാക്കി.  അദ്ദേഹം അവിടെ സൗജന്യ സ്‌കൂളുകള്‍  ആരംഭിച്ചു, സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍  തുടങ്ങി- പാവപ്പെട്ടവരുടെ ഉന്നതി ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ് നടപ്പിലാക്കിയത്. വെയില്‍സ് രാജകുമാരന്റെ  കല്‍ക്കട്ട സന്ദര്‍ശനത്തിനെതിരെ ബഹിഷ്‌കരണ  പ്രചാരണം നടത്തിയതിന്  സുഭാഷ് ചന്ദ്രബോസും സി.ആര്‍. ദാസും ജയിലില്‍ അടയ്ക്കപ്പെട്ടു. തുടര്‍ന്ന് രഹസ്യ വിപ്ലവ പ്രസ്ഥാനങ്ങളുമായി  ബന്ധമുണ്ടെന്നാരോപി

ച്ച്  ബോസിനെ ബര്‍മ്മയിലേക്ക്  നാടുകടത്തി. ഭാരത സ്വാതന്ത്ര്യത്തിനായുള്ള അനൗദ്യോഗിക  അംബാസഡറായി  ബോസ് അവിടെ പ്രവര്‍ത്തിച്ചു.  1927ല്‍ അദ്ദേഹത്തെ മോചിപ്പിച്ചു.  ഭാരതം ഒരു ഫെഡറല്‍ റിപ്പബ്ലിക്ക് ആകണമെന്ന് ബോസ്  ആഗ്രഹിച്ചു. ഒരേ സമയം, രാഷ്ട്രീയ ജനാധിപത്യവാദികളും, ഒപ്പം യാഥാസ്ഥിതികരുമെന്ന്  കോണ്‍ഗ്രസ് നേതൃത്വത്തെ  അദ്ദേഹം  പരിഹസിച്ചു.

പൂര്‍ണ്ണ സ്വരാജാണ് നമുക്കാവശ്യം എന്നും, ഡൊമിനിയന്‍ സ്റ്റാറ്റസിലുള്ള ക്രമാനുഗതമായ അധികാര കൈമാറ്റമല്ല  എന്നും ബോസ്  പ്രഖ്യാപിച്ചു.  ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍   വീണ്ടും ബോസ് ജയിലിലായി.  ഇന്ത്യയുടെ പ്രതിഷേധ സമരം  (ഠവല കിറശമി േെൃൗഴഴഹല) എന്ന പുസ്തകം, തടവിലായിരിക്കുമ്പോള്‍ അദ്ദേഹം  എഴുതി. പുറത്തിറങ്ങിയ  അദ്ദേഹം യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.  ഇന്ത്യന്‍ വംശജരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. യൂറോപ്പില്‍ വച്ച് തന്റെ ആരാധികയായി മാറിയ ജര്‍മന്‍ വനിതയെ  വിവാഹം ചെയ്തു.  അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു.

1938ല്‍ സുഭാഷ് ചന്ദ്രബോസ്  കോണ്‍ഗ്രസ് അദ്ധ്യക്ഷനായി. രാഷ്ട്രീയ രംഗത്ത് ആര്‍ജിച്ച ആദരവിന്റെയും അംഗീകാരത്തിന്റേയും പ്രത്യക്ഷ പ്രകടനമായിരുന്നു അത്. ഗാന്ധിയുടെ  മുന്‍കൈയേയും, നെഹ്‌റു തുടങ്ങി പല പ്രമുഖരുടേയും അതൃപ്തിയെയും തന്ത്രപരമായി മറികടന്നുള്ള അദ്ദേഹത്തിന്റെ  നീക്കങ്ങളുടെ  വിജയമായിരുന്നു ഇത്. പക്ഷേ, ആ യുവനേതാവിന്റെ, അധ്യക്ഷന്‍ എന്ന നിലയിലുള്ള, നടപടികള്‍  തലമൂത്ത പല  കോണ്‍ഗ്രസ്  നേതാക്കളുടെയും അതൃപ്തിക്ക് ഇടയാക്കി. ഹരിപുര (ബര്‍ദോലി, ഗുജറാത്ത്) കോണ്‍ഗ്രസില്‍ ബോസ് നടത്തിയ പ്രഖ്യാപനം  ചരിത്ര പ്രാധാന്യമുള്ളതായിരുന്നു. അദ്ദേഹം പറഞ്ഞു ''കോണ്‍ഗ്രസിന്റെ  ലക്ഷ്യം പൂ

ര്‍ണ്ണ സ്വതന്ത്രവും  ഏകീകൃതവുമായ ഭാരതമാണ്.  ഒരു വിഭാഗമോ, വര്‍ഗ്ഗമോ, ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ഇല്ലാതെയും, ഒന്നു മറ്റൊന്നിനെ ചൂഷണം  ചെയ്യുകയോ,  ഒന്ന് മറ്റൊന്നിനെ  സ്വന്തം താല്‍പര്യത്തിനു ഉപയോഗിക്കുകയോ  ചെയ്യാതെ  രാജ്യത്തിന്റെ എല്ലാ ജനവിഭാഗങ്ങളും  ഒന്നിച്ച്  സഹകരിച്ച്  പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന  ഒരൊറ്റ  ഭാരതമാണ്  ലക്ഷ്യം''.പട്ടിണി  നിര്‍മാര്‍ജനത്തെക്കുറിച്ചും  ഭൂപരിഷ്‌കരണത്തിന്റെ  അനിവാര്യതയെപ്പറ്റിയും ബോസ്  ഊന്നി പറഞ്ഞു. പിന്നീടങ്ങോട്ടു സുഭാഷിന് നേരിടേണ്ടി വന്നത്  കോണ്‍ഗ്രസിലെ ആശയ - താല്‍പര്യ  സംഘര്‍ഷങ്ങളായിരുന്നു. ത്വരിതഗതിയിലുള്ള  വ്യവസായവത്ക്കരണം തുടങ്ങിയ നവീന ആശയങ്ങള്‍ സ്വതന്ത്ര ഇന്ത്യക്കു മുമ്പില്‍  സുഭാഷ് ചന്ദ്രബോസ്  വച്ചു. ഗ്രാമസ്വരാജും ചര്‍ക്കയുമായി, ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോയ ഗാന്ധിജിക്കും കൂട്ടര്‍ക്കും  ഇത് അംഗീകരിക്കാന്‍  കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ, 1939ല്‍ പട്ടാഭിസീതരാമയ്യയെ തോല്‍പിച്ച് സുഭാഷ് കോണ്‍ഗ്രസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജി വയ്‌ക്കേണ്ടി വന്നു.

'ഫോര്‍വേഡ്  ബ്ലോക്ക്' രൂപീകരിച്ച്  പുരോഗമന ആശയങ്ങളുമായി  ബോസ് മുന്നോട്ടു പോയി. യുവാക്കള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. 1940 ജൂലൈയില്‍  വീണ്ടും ജയിലിലായി.  ജയിലില്‍ നിരാഹാരം നടത്തി  പ്രതിഷേധിച്ചു മോചനം നേടി. പിന്നീട് വീട്ടുതടങ്കലിലായി. 1941 ജനുവരി മൂന്നിനു  കല്‍ക്കട്ടയിലെ വസതിയില്‍ നിന്ന് രക്ഷപ്പെട്ട്  കാബൂള്‍ വഴി റഷ്യയിലും പിന്നീട് ജര്‍മ്മനിയിലും എത്തി. ബ്രിട്ടന്റെ  ശത്രുക്കളുമായി ചേര്‍ന്ന്  പ്രത്യേക സൈന്യവും സൈന്യ വിഭാഗവും  പ്രവാസി ഇന്ത്യന്‍ ഗവണ്‍മെന്റും  രൂപീകരിച്ചു.  യുദ്ധത്തിന്റെ വിവിധ പോര്‍മുഖങ്ങളില്‍  ബ്രിട്ടനെ നേരിട്ട്  തോല്‍പിച്ച് സ്വാതന്ത്ര്യം  നേടിയെടുക്കുക എന്നതായിരുന്നു  ആ പ്രവാസ ജീവിതത്തിന്റെ ലക്ഷ്യം.

ജര്‍മനിയില്‍ നിന്നു സാഹസികമായി അന്തര്‍വാഹിനിയില്‍, അദ്ദേഹം ജപ്പാനിലെത്തി. ആത്മവിശ്വാസവും  മനശ്ശക്തിയും  കൈമുതലായ ബോസ്  40,000 വരുന്ന  ആസാദ് ഹിന്ദ് സൈന്യവും  'സ്വാതന്ത്ര്യ  ഭാരത സര്‍ക്കാരും' രൂപീകരിച്ച് ജപ്പാന്‍ കേന്ദ്രീകരിച്ച്  സൈനിക നീക്കങ്ങള്‍ നടത്തി. ബോസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി കോഹിമ വരെയെത്തി. ആസാദ് ഹിന്ദ് റേഡിയോയിലൂടെ ജനതയെ അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തു: ''ഭാരതത്തിന്റെ ഭാഗധേയത്തില്‍  അചഞ്ചലമായ വിശ്വാസത്തില്‍ ഒരു നിമിഷം പോലും നമുക്ക് സന്ദേഹം ഉണ്ടാവരുത്. ലോകത്തില്‍ ഒരു ശക്തിക്കും ഇനി ഇന്ത്യയെ കീഴ്‌പ്പെടുത്താന്‍ സാധ്യമല്ല. എന്റെ ദിവ്യ മാതൃഭൂമി, ഇതാ സ്വതന്ത്രയാകാന്‍ പോകുന്നു''. 

അതൊരു സിംഹ ഗര്‍ജ്ജനമായിരുന്നു. മലേഷ്യയിലും ബര്‍മ്മയിലും  സഖ്യസേനയുമായി ബോസിന്റെ സൈന്യം ഏറ്റുമുട്ടി. എന്നാല്‍ 1945 ല്‍ ആ ദുര്‍ദിനം പിറന്നു. ടോക്കിയോയില്‍ നിന്നു പറന്നുയര്‍ന്ന വിമാനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ് സുഭാഷ് ചന്ദ്ര ബോസ് മരണപ്പെട്ടു  എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദുരൂഹതകള്‍ ഇന്നും ബാക്കിയാണ്. ആ വിപ്ലവസൂര്യന്‍ അസ്തമിച്ചു. എങ്കിലും  ആ ദിവ്യ തേജസ്  മറ്റൊരു ധ്രുവ നക്ഷത്രമായി  ഭാരതീയ യുവതയ്ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കി പ്രകാശം  പരത്തിക്കൊണ്ട് നിലനില്‍ക്കും.

                                                                         (ഭാരതീയ വിചാരകേന്ദ്രം  കോട്ടയം ജില്ല അദ്ധ്യക്ഷനാണ് ലേഖകന്‍)

                                                                                                                                                           9846586805

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.