ജിഹാദി ഭീകരതയുടെ നെറ്റിക്കണ്ണും ദംഷ്ട്രയും

Friday 31 January 2020 5:00 am IST

പൗരത്വ നിയമഭേദഗതിയുടെ പേരില്‍ രാജ്യത്ത് പലയിടങ്ങളില്‍ നടന്ന അക്രമസമരങ്ങളുടെ തനിനിറം അതിന്റെ സിരാകേന്ദ്രമെന്ന് കരുതാവുന്ന കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരികയാണ്. കഴിഞ്ഞ ദിവസം ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍ ആലുവയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ സംഘം ചേര്‍ന്ന് വധഭീഷണി മുഴക്കുകയുണ്ടായി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പെരുമ്പാവൂരിലും തൊടുപുഴയിലും സമ്മേളനം നടന്ന ദിവസം പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ ബലംപ്രയോഗിച്ച് കടകളടപ്പിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഭീഷണിപ്പെടുത്തലുകളും അക്രമ സംഭവങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അത്യന്തം സമാധാനപരമായി നടന്ന പ്രകടനത്തിനു നേരെയാണ് ആലുവയില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ആക്രമണത്തിന് മുതിര്‍ന്നത്. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തി കലാപത്തിലേക്ക് നയിച്ച് മുതലെടുക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. നിയമവാഴ്ചയെ വെല്ലുവിളിച്ച് സംഘടിതവും ആസൂത്രിതവുമായി അതിക്രമങ്ങള്‍ നടത്തുന്ന ഇക്കൂട്ടര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാതെ പോലീസ് കൈമലര്‍ത്തുകയാണ്. പോലീസിന്റെ സാന്നിധ്യത്തിലാണ് ഒരുപറ്റം ഇസ്ലാമിക തീവ്രവാദികള്‍ ആലുവയില്‍ അഴിഞ്ഞാടിയത്. ജനങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലടക്കം പ്രതികളായ തീവ്രവാദികളുടെ താവളമായി മാറിയിരിക്കുന്ന ആലുവയില്‍ അവര്‍ എന്തും ചെയ്യുമെന്ന സ്ഥിതിവിശേഷമാണ്. ജനങ്ങളുടെ സമാധാന ജീവിതത്തിനുമേല്‍ ഒരുപറ്റം മതഭ്രാന്തന്മാര്‍ തീകോരിയിട്ടിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ നടന്നത് ജനാധിപത്യപരമായ പ്രതിഷേധങ്ങളല്ല, അക്രമസമരങ്ങളാണ്. ആയുധങ്ങള്‍ വരെ സംഭരിച്ചു നടത്തിയ ഈ അക്രമങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കറുത്ത കൈകളാണെന്ന് ഇതിനകം വെളിപ്പെട്ടിരുന്നു. കലാപം പടര്‍ത്തുന്നതിനായി ഈ ദേശവിരുദ്ധ സംഘടന 120 കോടി രൂപ ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുകയാണ്. ഇതില്‍ ഒന്നരക്കോടിയിലേറെ നല്‍കിയത് കശ്മീരിലേക്കും. സൈന്യത്തിനു നേരെയുള്ള കല്ലേറുള്‍പ്പെടെ കശ്മീരില്‍ നടന്നതിനു സമാനമായ ഭീകരപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം. പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീരില്‍ നടന്നിരുന്ന ഭീകരപ്രവര്‍ത്തനത്തെ കേന്ദ്ര സര്‍ക്കാര്‍ അതിശക്തമായി അടിമച്ചമര്‍ത്തിയതില്‍ ഇസ്ലാമിക തീവ്രവാദികള്‍ അമര്‍ഷത്തിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമത്തിനു പിന്നില്‍ ഈ അമര്‍ഷവുമുണ്ട്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ജിഹാദി ഭീകരതയെ കയ്യയച്ച് സഹായിക്കുന്നവരാണ് കേരളത്തിലെ ഇടതു വലതു മുന്നണികള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നതിനു പുറമെ ജിഹാദി ഭീകരവാദികള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസ്സും രക്ഷാകവചമൊരുക്കുകയാണ്. സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണ ലഭിക്കുന്നതിനാലാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നത്. മുസ്ലിം വോട്ടു ബാങ്കിനെ സ്വാധീനിക്കാന്‍ മതതീവ്രവാദികളെ പിന്തുണക്കുന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്. ഇതിനിടെ സത്യം ധീരമായി വിളിച്ചുപറയുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇരുകൂട്ടരും മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് മതതീവ്രവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഈ സ്ഥിതി വിശേഷം സ്‌ഫോടനാത്മകമാണ്.

കേരളത്തിലെ ഭരണകൂടം, അത് ഇടതായാലും വലതായാലും ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തുമെന്ന് കരുതാനാവില്ല. അബ്ദുള്‍ നാസര്‍ മദനിയെയും തടിയന്റവിട നസീറിനെയും മറ്റും പാലൂട്ടി വളര്‍ത്തിയ പാരമ്പര്യമാണ് ഇവരുടേത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന്റെ ഹബ്ബ് പോലെയായി കേരളം മാറിയിട്ടും ഭരണ-പ്രതിപക്ഷങ്ങള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഭരണഘടനയും ജനാധിപത്യവും ബഹുസ്വരതയുമൊക്കെ സംരക്ഷിക്കാനെന്ന വ്യാജേന മനുഷ്യ മഹാശൃംഖലയും മനുഷ്യ മഹാഭൂപടവുമൊക്കെ സൃഷ്ടിക്കുന്നവരുടെ തനിനിറമാണ് പുറത്താവുന്നത്. ഇതിനെതിരെ യഥാര്‍ത്ഥ ജനാധിപത്യവാദികളും മതേതര വിശ്വാസികളും ദേശസ്‌നേഹികളും രംഗത്തിറങ്ങിയേ തീരൂ. ഏതു രൂപത്തിലുള്ള ജിഹാദി ഭീകരതയേയും ചെറുത്തു തോല്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.