പാക്കിസ്ഥാന്റെ തനിനിറം

Monday 6 January 2020 4:08 am IST

കേന്ദ്രം പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം രംഗത്ത് വന്ന വിദേശ രാഷ്ട്ര തലവന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് നിയമം എന്നായിരുന്നു ഇമ്രാന്‍ പ്രചരിപ്പിച്ചത്. ഇമ്രാന്റെ വാദം മറ്റ് രാഷ്ട്രത്തലവന്മാര്‍ പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളുടെ അധിപന്മാര്‍ ഗൗനിച്ചില്ലെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കള്‍ ആപ്തവാക്യമാക്കി. പാക് പ്രധാനമന്ത്രിയുടെ സ്വരത്തില്‍ത്തന്നെ അവര്‍ കിട്ടിയ വേദിയിലെല്ലാം വാദം നിരത്തി. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന് പ്രചരിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഉപയോഗിച്ച ചിത്രം തന്നെ വ്യാജമാണെന്ന് തെളിഞ്ഞു. ബംഗ്ലാദേശില്‍ നടന്ന ഏതോ അക്രമസംഭവത്തിന്റെ ചിത്രം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇന്ത്യയിലെ മുസ്ലിം വേട്ടയാണെന്ന് അടിക്കുറിപ്പെഴുതി. വിവരമുള്ളവര്‍ രേഖാമൂലം ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്‍വലിച്ച് തടിതപ്പി. ഇമ്രാന്‍ ഖാന്‍ അതെങ്കിലും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്ത് ഇന്ത്യയില്‍ അക്രമവും കള്ളപ്രചാരണവും നടത്തുന്നവര്‍ പിന്മാറാന്‍ തയാറായിട്ടില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ മോദി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് പറഞ്ഞ് ബഹളംവച്ച ഇമ്രാന്‍ ഖാന്റെ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസം ലോകം നേരിട്ട് കണ്ടു. സിഖുമത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ പാക്കിസ്ഥാനിലെ ലാഹോറിനടുത്തുള്ള നാങ്കണസാഹിബിലെ ഗുരുദ്വാര മുസ്ലിം സംഘടനകള്‍ അടിച്ചു തകര്‍ത്തു. ഗുരുദ്വാരയില്‍ സൂക്ഷിച്ചിരുന്ന പവിത്രവസ്തുക്കളെല്ലാം തച്ചുടച്ചു. അവിടത്തെ പുരോഹിതന്റെ മകളെ മതംമാറ്റാനുള്ള ശ്രമത്തിന് എതിര്‍നിന്നു എന്നതായിരുന്നു പ്രകോപന കാരണം. പാക്കിസ്ഥാന്‍ മുസ്ലിങ്ങളുടേത് മാത്രമാണെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണങ്ങളെല്ലാം. ഇന്ത്യയില്‍ നാല് വോട്ടിനുവേണ്ടി മുസ്ലിം പ്രീണനം നടത്തുന്നവര്‍ക്ക് തിരിച്ചറിവ് നല്‍കുന്നതാണ് സംഭവം. മുസ്ലിം ഭൂരിപക്ഷമായ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം എങ്ങനെയെന്നതിന് വേറെ വിശദീകരണം വേണ്ട.

പൗരത്വ നിയമ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുന്ന, അയല്‍രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയവരുടെ ദുഃസ്ഥിതി എന്തായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ബോധ്യപ്പെടുത്താനും പാക്കിസ്ഥാനിലെ ഗുരുദ്വാര ആക്രമണം വഴിവച്ചു. അക്രമത്തിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രധാനമായും ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. പൗരത്വ നിയമത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്ത മാധ്യമങ്ങള്‍ സിഖ് ജനതയുടെ വികാര പ്രകടനത്തിന് വിലകല്‍പ്പിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്. ഗുരുദ്വാര ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിഖ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. വെറും ആവശ്യപ്പെടലിനും ഉപരി കാണിച്ചുകൊടുക്കലാണ് വേണ്ടത്.  അതിന് ചങ്കൂറ്റവും കാര്യപ്രാപ്തിയുമുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. 

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ദേശവ്യാപകമായ പ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട പൗരപ്രമുഖരെ നേരില്‍ക്കണ്ട് കേന്ദ്രമന്ത്രിമാര്‍ സത്യം ബോധ്യപ്പെടുത്തുന്ന പരിപാടിക്ക് തുടക്കംകുറിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തനത്തിന് കൂടുതല്‍ പിന്തുണയേകുന്നതാണ് പാക്കിസ്ഥാനിലെ ഗുരുദ്വാര ആക്രമണം. ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ച് ഇമ്രാന്‍ ഖാന്‍ വിഷമിക്കേണ്ടതില്ലെന്ന് തീവ്ര മുസ്ലിം നേതാവും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കു പറയേണ്ടിവന്നത് ഇതിന്റെ തെളിവാണ്. ഇന്ത്യയില്‍ ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ പാക്കിസ്ഥാനിലെ മതവിദ്വേഷ ആക്രമണം വഴിവയ്ക്കും എന്ന് കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.