കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു, ശബരിമല വിമാനത്താവള ജനങ്ങളെ കബളിപ്പിക്കാൻ, ആദ്യം റെയിൽ‌പ്പാത പണിയൂവെന്നും കുമ്മനം രാജശേഖരന്‍

Tuesday 15 October 2019 10:51 am IST

കോന്നി: ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള ജനോപകാരപ്രദമായ കേന്ദ്രപദ്ധതികള്‍ നാലാംകിട രാഷ്ട്രീയവൈരം മൂലം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കോന്നിയിലെ എന്‍ ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തണ്ണിത്തോട് പഞ്ചായത്ത് പര്യടനം തണ്ണിത്തോട് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പദ്ധതികളുടെ ചിലവ് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ പോലും പിണറായിക്ക് ഭയമാണ്. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലെ ഗുണഭോക്താക്കളെ നിചയിക്കുന്നതില്‍ കുറ്റകരമായ വേര്‍തിരിവാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്.

അര്‍ഹരായ ധാരാളം പാവങ്ങളെ രാഷ്ട്രീയ വിരോധം മൂലം വ്യാപകമായി ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പൊളിക്കണമെന്ന ആഹ്വാനം നടത്തിയിരുന്ന കമ്മ്യൂണിസ്റ്റുകളുടെ മുഖ്യമന്ത്രിക്ക് വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചു കൊടുക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിച്ചേരേണ്ടി വന്നത് ശ്രദ്ധേയമായ കാര്യമാണ്. സഖാക്കള്‍ നാടുനീളെ തൊണ്ടകീറി ഉദ്ബോധിപ്പിച്ച വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ പറ്റി പൊതുസമൂഹത്തോട് ചര്‍ച്ചക്ക് തയ്യാറാവാന്‍ അദ്ദേഹം ഇടതുപക്ഷ കക്ഷികളെ വെല്ലുവിളിച്ചു.

ശബരിമല വിമാനത്താവളത്തെക്കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ശബരിമല യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍  മിനിമം ചെയ്യേണ്ടത് കെഎസ് ആര്‍ടിസി സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. റെയില്‍ പാത ഇതുവരെ പണിയാത്തതെന്താണെന്നും  കുമ്മനം രാജശേഖരന്‍ ചോദിച്ചു.   ഇരുപത്തഞ്ചു വര്‍ഷമായി നടപ്പിലാക്കാതെ കിടക്കുന്ന പദ്ധതിയാണ് ശബരിമല റെയില്‍ പാത.  പത്തനംതിട്ട ജില്ലയുടെ മുഴുവന്‍ വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഉതകുന്ന ശബരി റെയില്‍പാത ഒരിഞ്ചു പോലും മുന്നോട്ടു കൊണ്ടുപോകാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല.  പാത പണിയാന്‍ കേന്ദ്രം തയ്യാറാണെന്ന് എത്ര തവണ അറിയിച്ചു.  സ്ഥലം ഏറ്റെടുത്തു കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.  ഇപ്പോള്‍ പൊതു ജനങ്ങളെ കബളിപ്പിക്കാന്‍  വിമാനത്താവളം എന്ന് പറയുന്നു. ആദ്യം റെയില്‍ പാത പണിത് ജനങ്ങളുടെ വിശ്വാസം നേടട്ടെയെന്നും കുമ്മനം പറഞ്ഞു.

 നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ജനാവലി സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ബിജെപി തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശശിധരന്‍ അധ്യക്ഷനായ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഹരീഷ് ചന്ദ്രന്‍, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എ. സൂരജ്, റാന്നി മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ആവേശോജ്വലമായ സ്വീകരണത്തിന് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.