മോഷണം പോയ ഗുരുവായൂരപ്പന്റെ ശംഖ് കൊറിയറിൽ തിരിച്ചെത്തി, സംഭവം നിസ്സാരവത്കരിച്ച് ദേവസ്വം

Monday 15 July 2019 12:13 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒരുമാസം മുമ്പ് കാണാതായ നിത്യോപയോഗ ശംഖ് കൊറിയറില്‍ തിരിച്ചെത്തി. കൊറിയര്‍ എത്തുമ്പോഴാണ് ശംഖ് നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. ദേവസ്വം ഉദ്യോഗസ്ഥര്‍ ഈ വിവരം അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മറച്ചുവച്ചു. 

'ക്ഷമിക്കണ'മെന്ന കുറിപ്പുമുണ്ട് ശംഖിനൊപ്പം പാഴ്‌സലില്‍. വിജയവാഡയില്‍ നിന്നാണ് കൊറിയറെത്തിയത്. ശീവേലി, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ക്കും, നിത്യചടങ്ങുകള്‍ക്കും മാരാര്‍ ഉപയോഗിക്കുന്ന ശംഖാണ് ക്ഷേത്രത്തില്‍ നിന്നു കാണാതായത്. ആവശ്യം കഴിഞ്ഞാല്‍ ഗോപുരത്തിലെ മാനേജരുടെ ഇരിപ്പിടത്തിനരികിലാണ് ശംഖ് സൂക്ഷിക്കാറുള്ളത്. ഭക്തരടക്കം ആര്‍ക്കും കൈയെത്തും ദൂരത്താണിത്. 

രക്ഷിതാക്കളോടൊപ്പം ഗോപുരത്തിന് മുകളില്‍ കയറിയ കുട്ടികളാരോ കൗതുകത്തിന് എടുത്തതാകാമെന്ന നിലപാടില്‍ സംഭവം നിസ്സാരവത്കരിക്കുകയാണ് ദേവസ്വം. ദേവസ്വം അധികൃതരുടെ കരുതലില്ലായ്മയാണ് മോഷണത്തിന് കാരണമെന്നും ആക്ഷേപമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.