കേരളത്തിലെ ആദ്യ ഒളിമ്പ്യന്റെ പ്രതിമയിലെ കുട അപ്രത്യക്ഷമായി, പ്രതിമ സംരക്ഷിക്കുന്നതില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അനാസ്ഥ

Friday 8 November 2019 6:13 pm IST

കണ്ണൂര്‍: കേരളത്തിലെ ആദ്യത്തെ ഒളിംപ്യന്‍ അത്‌ലറ്റും ഭാരതത്തിലെ പ്രശസ്ത ഫുട്‌ബോള്‍, ക്രിക്കറ്റ് കായിക താരവുമായ സി.കെ. ലക്ഷ്മണന്റെ പ്രതിമയ്ക്ക് മുകളില്‍ സ്ഥാപിച്ച കുട അപ്രത്യക്ഷമായി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം മുഖ്യകവാടത്തില്‍ 2008 ഓഗസ്റ്റ് അഞ്ചിനാണ് ലക്ഷ്മണന്റെ കുടുംബക്കാര്‍ പ്രതിമയും കുടയും നിര്‍മ്മിച്ച് കോര്‍പ്പറേഷന്റെയും ഫുട്‌ബോള്‍ ഫ്രന്റിന്റെയും സ്‌പോര്‍ട്‌സ് പ്രേമികളുടെയും സഹകരണത്തോടെ സ്ഥാപിച്ചത്.

1924 പാരീസില്‍ നടന്ന ഒളിംമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ആദ്യ കേരള താരമാണ് പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളിനടുത്ത സി.കെ. ലക്ഷ്മണന്‍. കണ്ണൂരിന്റെ അഭിമാനതാരം ഭാരതപതാകയുമായി പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്തതിന്റെ നൂറാം പിറന്നാള്‍ 2024 ല്‍ ആഘോഷിക്കാനിരിക്കെയാണ് കായിക താരത്തിന്റെ പ്രതിമയുടെ മേല്‍ ആവരണമായ കുട അപ്രത്യക്ഷമായത്.

കുടയുടെ തൂണ് പ്രതിമയ്ക്ക് പിറകില്‍ കാണാം. സ്‌പോര്‍ട്‌സ് ലോ ഗവേഷകനായ ദേവദാസ് തളാപ്പാണ് പ്രതിമയിലെ കുട അപ്രത്യക്ഷമായ സംഭവം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.  ആദ്യ ഒളിംമ്പ്യന്റെ പ്രതിമ സംരക്ഷിക്കുന്നതില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനോഹരമായി നിര്‍മ്മിച്ച പ്രതിമ സംരക്ഷിക്കാനാണ് മേല്‍ ആവരണമായി കുടയും ബന്ധുക്കള്‍ നിര്‍മ്മിച്ചുനല്‍കിയത്. അതുപോലും സംരക്ഷിക്കാന്‍ സാധിക്കാത്തത് ലജ്ജാകരമാണെന്ന് ദേവദാസ് തളാപ്പ് ചൂണ്ടിക്കാട്ടി. 

എത്രയും വേഗത്തില്‍ ഒളിമ്പ്യന്റെ പ്രതിമ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.