ആ ആലിംഗനത്തിന്റെ ചൂടാറിയിട്ടില്ല

Thursday 8 August 2019 11:02 am IST

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ബ്രഹ്മപുരിയിലെ തന്റെ ബ്യൂട്ടിപാര്‍ലറിന്റെ ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോഴും ഉസ്മ അഹമ്മദിന്റെ മനസ്സില്‍ ആ ആലിംഗനത്തിന്റെ ചൂടാറിയിട്ടില്ല ഇപ്പോഴും. പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ സുഷമ സ്വരാജിന്റെ മാറോടു ചേര്‍ന്നു നിന്നപ്പോള്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വമായിരുന്നു അത്. അമ്മയുടെ അടുത്തെത്തിയ അനുഭവമായിരുന്നു. 

പാക്കിസ്ഥാന്‍ എന്ന മരണക്കിണറില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തി മകള്‍ ഫലാക്കിനൊപ്പം പുതിയ ജീവിതം തുടങ്ങിയതിനു പിന്നില്‍ സുഷമാജിയുടെ കരുതലുണ്ടെന്നു പറയുന്നു ഉസ്മ. 

2017 മെയ് 25നായിരുന്നു അത്. അന്ന് കാതില്‍  മുഴങ്ങിയ സുഷമാജിയുടെ ആര്‍ദ്രമായ ആ ശബ്ദം ഇപ്പോഴും ഉസ്മയ്ക്ക് ഓര്‍മയുണ്ട്. നീ ഹിന്ദുസ്ഥാന്റെ മകളാണ്, എന്റെ മകളാണ്. മലേഷ്യയില്‍ വെച്ചു പരിചയപ്പെട്ട പുരുഷന്റെ കെണിയില്‍പ്പെട്ട് പാക്കിസ്ഥാന്‍ എന്ന മരണക്കിറണില്‍പ്പെട്ടു പോയ ഉസ്മ അവിടെ നിന്ന് രക്ഷപ്പെട്ട് വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ മണ്ണില്‍ തൊട്ടുതൊഴുത്, ശേഷം പോയത് ന്യൂദല്‍ഹിയില്‍ സുഷമ സ്വരാജിനെ കാണാനായിരുന്നു. സുഷമയുടെ കാലു തൊട്ടു തൊഴുത് ഉസ്മ പറഞ്ഞു, ഞാന്‍ ഇന്നു ജീവിച്ചിരിക്കുന്നെങ്കില്‍ അതിനു കാരണം, സുഷമാജിയാണ്. അവളെ മാറോടണച്ചു സുഷമ. തൊട്ടടുത്ത് പൊട്ടിക്കരഞ്ഞ് ഉസ്മയുടെ അമ്മയുണ്ട്, മകളുണ്ട്...

ഭര്‍ത്താവ് അലിയുടെ തടവില്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞിരുന്ന ഉസ്മ ജീവനോടെ തിരിച്ച് ഇന്ത്യയില്‍ എത്തിയതിനു കാരണം സുഷമയുടെ ഇടപെലുകളാണ്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉസ്മയുടെ ബന്ധുക്കള്‍ എന്നു പറഞ്ഞ് അലിയുടെ അടുത്തെത്തിച്ചതും അവരില്‍ നിന്നു പണം വാങ്ങിത്തരാം എന്നു പറഞ്ഞ് ഉസ്മയെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിച്ചതും സമര്‍ഥമായ നീക്കങ്ങളായിരുന്നു. 

പിന്നീട്, പാക് അധികൃതരുമായി ചര്‍ച്ച നടത്തി ഉസ്മയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. ഈ മനുഷ്യനൊപ്പം വിടുന്നതിലും നല്ലത് എന്നെ ജയിലില്‍ അടയ്ക്കുന്നതാണ് എന്ന ഉസ്മയുടെ വാക്കുകള്‍ ഇസ്ലാമബാദ് ഹൈക്കോടതി ശ്രദ്ധിച്ചു. കോടതിയുടെ അംഗീകാരത്തോടെ ഒരു ദിവസം വൈകാതെ ഉസ്മയെ നാട്ടിലെത്തിക്കാന്‍ സുഷമ നിര്‍ദേശം നല്‍കി. സുഷയുടെ കരുത്തുറ്റ വാക്കുകളില്‍ ഉസ്മ എന്ന ഇരുപത്തിരണ്ടുകാരിക്ക് ജീവിതം തിരിച്ചു കിട്ടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.