ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളില്‍ അന്തരിച്ചു, നഷ്ടമായത് നേപ്പാളിലെ ടൂറിസം പ്രചാരണത്തിന്റെ ഔദ്യോഗിക മുഖം

Monday 20 January 2020 9:47 am IST

കാഠ്മണ്ഡു: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച അന്തരിച്ചു. 67.08 സെന്‍റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) ഉയരമുള്ള ഖഗേന്ദ്ര താപ മാഗര്‍, കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പോഖാറയിലെ ആശുപത്രിയില്‍ വെച്ചാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. മാതാപിതാക്കളോടൊപ്പമാണ് ഖഗേന്ദ്ര  താമസിച്ചിരുന്നത്.

ന്യൂമോണിയ രോഗം ബാധിച്ച ഖഗേന്ദ്ര പല പ്രാവശ്യം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത്തവണ ന്യൂമോണിയ ഹൃദയത്തെയും ബാധിച്ചതാണ് മരണകാരണമെന്ന് സഹോദരന്‍ മഹേഷ് താപ്പ മാഗര്‍ പറഞ്ഞു. പതിനെട്ടാം പിറന്നാളിന് ശേഷം 2010 ലാണ് ഖഗേന്ദ്രയെ ആദ്യമായി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി പ്രഖ്യാപിച്ചത്.

54.6 സെന്‍റിമീറ്റര്‍ ഉയരമുണ്ടായിരുന്ന നേപ്പാളിലെ ചന്ദ്ര ബഹാദൂര്‍ ഡാംഗിയായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി ഗിന്നസ് ബുക്ക് പ്രഖ്യാപിച്ചിരുന്നത്. അന്ന് ഖഗേന്ദ്രയ്ക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, 2015 ല്‍ ഡാംഗിയുടെ മരണശേഷം ഖഗേന്ദ്ര വീണ്ടും കിരീടം നേടി. 'ജനിക്കുമ്പോള്‍ തന്നെ അവന്‍ വളരെ കുഞ്ഞായിരുന്നു. ഒരു കൈപ്പത്തിയില്‍ ഒതുങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ അവനെ കുളിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു,' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഖഗേന്ദ്രയുടെ പിതാവ് റൂപ്പ് ബഹാദൂര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ചെറിയ  മനുഷ്യന്‍ എന്ന നിലയില്‍ ഈ  27 കാരന്‍ ഒരു ഡസനിലധികം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ടെലിവിഷന്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ചെറിയ സ്ത്രീ ജ്യോതി ആംഗെ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് ചെറിയ വ്യക്തികളെയും ഖഗേന്ദ്ര കണ്ടുമുട്ടിയിട്ടുണ്ട്.

ഖഗേന്ദ്രയുടെ മരണവാര്‍ത്ത നേപ്പാളില്‍ നിന്ന് കേട്ടതില്‍ ഞങ്ങള്‍ക്ക് വളരെ സങ്കടമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ ബിബിസിയോട് പറഞ്ഞു. 'വെറും ആറ് കിലോഗ്രാം ഭാരമുള്ള ഒരാളുടെ ജീവിതം വെല്ലുവിളി തന്നെയാണ്. ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിലേക്ക് അത് പൊരുത്തപ്പെടുകയില്ല. പക്ഷേ, തന്റെ ചെറിയ വലിപ്പം ജീവിതത്തില്‍ ഒരു പ്രതിസന്ധിയാകാന്‍ ഖഗേന്ദ്ര അനുവദിച്ചിരുന്നില്ല,'  അദ്ദേഹം പറഞ്ഞു.

മഗാര്‍ നേപ്പാളിലെ ടൂറിസം പ്രചാരണത്തിന്റെ ഔദ്യോഗിക മുഖമായി മാറിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി അദ്ദേഹത്തെ അവര്‍ അവതരിപ്പിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പുറത്തുവിട്ട വീഡിയോയില്‍, മഗാര്‍ സഹോദരനോടൊപ്പം ഗിറ്റാര്‍ വായിക്കുന്നതും ബൈക്ക് ഓടിക്കുന്നതും കുടുംബത്തിന്റെ കടയില്‍ ഇരിക്കുന്നതും കാണാം.

59.93 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ളെങ്കിലും നടക്കാനോ പരസഹായമില്ലാതെ നില്‍ക്കാനോ കഴിയാത്ത ഫിലിപ്പൈന്‍സിലെ ജന്‍റി ബാലാവിംഗാണ് ലോകത്തിലെ ചലനശേഷിയില്ലാത്ത ഇതര മനുഷ്യന്‍ എന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പറയുന്നു. 70.21 സെന്‍റീമീറ്റര്‍ ഉയരമുള്ള റെഗ്ഗെറ്റണ്‍ ഡിജെ കൊളംബിയയിലെ എഡ്വേര്‍ഡ് 'നിനോ' ഹെര്‍ണാണ്ടസാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ള മനുഷ്യന്‍റെ റെക്കോര്‍ഡ് ഇപ്പോള്‍ നിലനിര്‍ത്തുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.