തീരുമാനം രാജ്യത്തിനായി

Wednesday 6 November 2019 2:45 am IST

ധീരവും ജനാഭിലാഷം മാനിക്കുന്നതുമായ ആ തീരുമാനം തന്നെ നമ്മുടെ പ്രധാനമന്ത്രി എടുത്തിരിക്കുന്നു. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ആര്‍സിഇപി) ഇന്ത്യ ഒപ്പിടുന്നില്ല. ഗാന്ധിജിയുടെ വികസന മന്ത്രവും സ്വന്തം മനസ്സാക്ഷിയും ഇതില്‍ ചേരാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന പ്രസ്താവനയോടെ ആര്‍സിഇപിയില്‍ ചേരാതിരിക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചപ്പോള്‍ രക്ഷപ്പെട്ടത് ഭാരതത്തിലെ സാധാരണക്കാരും ഇടത്തരക്കാരുമായ കര്‍ഷകരും ചെറുകിട വ്യവസായികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്ന കോടിക്കണക്കിന് ജനങ്ങളാണ്.

എന്താണ് ഈ പതിനാറു രാഷ്ട്രങ്ങളുടെ സ്വതന്ത്ര വ്യാപാരക്കരാറിലെ തകരാറുകള്‍. ഇത് തുല്യതയില്ലാത്തവര്‍ തമ്മിലുള്ള കരാറാണ്. അപ്പോള്‍ അതില്‍ നേട്ടം ഉണ്ടാക്കുക ഏറ്റവും ശക്തര്‍ ആയിരിക്കും. കുറഞ്ഞ ഉല്‍പ്പാദനച്ചെലവിന്റെ കാര്യത്തില്‍ (കു)പ്രസിദ്ധമായ ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്നും അത് ഇന്ത്യന്‍ വ്യവസായ മേഖലയെ മുരടിപ്പിക്കുമെന്നും നമ്മുടെ സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തേ കണ്ടെത്തിയിരുന്നു. അമേരിക്കന്‍ വിപണി ചൈനക്ക് അന്യമാവുന്നു എന്നു കണ്ടപ്പോഴാണ് എങ്ങനെയും ഇന്ത്യയെ കരാറിന്റെ ഭാഗമാക്കാന്‍ അവര്‍ (ചൈന) ആവനാഴിയിലെ എല്ലാ ആയുധവും പ്രയോഗിച്ചത്. സിഎംജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചൈന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയ 'ചൈനാ വ്യാപാര സമൂഹം', ഇന്ത്യന്‍ പ്രതിനിധികളിലും രാഷ്ട്രീയക്കാരിലും വരെ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായെന്ന് പറയപ്പെടുന്നു. 135 കോടി ജനസംഖ്യയുടെ 25% വാങ്ങല്‍ശേഷി, ശരാശരി അമേരിക്കക്കാരന്റേതിന് തുല്യമായതിനാല്‍ ഇന്ത്യയെ കിട്ടുക എന്നാല്‍ അമേരിക്ക കിട്ടുന്നതിന് തുല്യമാണെന്നതും ചൈനയ്ക്ക് ഇന്ത്യയുടെ മേല്‍ താല്‍പ്പര്യം കൂടുന്നതില്‍ കാരണമായി. 

ചൈനയും മറ്റ് ആര്‍സിഇപി രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാരക്കമ്മി ഏകദേശം 7.4 ലക്ഷം കോടി രൂപയുടേതാണ്. അതിന്റെ പകുതിയിലധികം ചൈനയുമായുള്ളതും. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിദേശ ഉല്‍പ്പന്നങ്ങളുമായി അമിത ഇറക്കുമതി തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് നാം ആവശ്യപ്പെട്ട 'ഓട്ടോ ട്രിഗര്‍' മെക്കാനിസം ഏര്‍പ്പെടുത്തുവാന്‍ മറ്റ് രാജ്യങ്ങള്‍ തയാറായില്ല. വന്‍ തോതില്‍ ഗവ. സബ്‌സിഡിയുടെ ഉല്‍പ്പാദനച്ചെലവ് കുറവ് കാണിക്കുവാന്‍ കഴിയുന്ന ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി വരുമ്പോള്‍, ഇന്ത്യ പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ വരുമ്പോള്‍ നമ്മുടെ കാര്‍ഷികമേഖല തകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് തീരുവ ഈടാക്കണം (തിരഞ്ഞെടുത്ത ചില ഇനങ്ങള്‍ക്ക്)എന്ന നമ്മുടെ ആവശ്യം അവഗണിക്കപ്പെട്ടു. ഇന്ത്യന്‍ സേവനമേഖലയ്ക്ക് മറ്റുരാജ്യങ്ങളുടെ സേവനമേഖല തുറന്നു തരുക, ഇന്ത്യന്‍ പേറ്റന്റ് നിയമം തുടരാന്‍ അനുവദിക്കുക തുടങ്ങിയവയും അംഗീകരിക്കപ്പെട്ടില്ല. വ്യാപാരക്കമ്മി കുറയ്ക്കാന്‍  കൂടുതല്‍ കയറ്റുമതി അവസരങ്ങള്‍ ലഭിക്കണം എന്നതുള്‍പ്പെടെ ഇന്ത്യ ആവശ്യപ്പെട്ട സംരക്ഷണം കരാറില്‍ ഉള്‍പ്പെടുത്താന്‍ മറ്റ് രാജ്യങ്ങള്‍ തയാറാകാതിരുന്നപ്പോള്‍, നമുക്ക് എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സ്വതന്ത്ര വ്യാപാരക്കരാര്‍ 

ആവശ്യമോ?

ഏഷ്യാ മേഖലയിലെ പത്തു രാജ്യങ്ങളുടെ കൂട്ടായ്മയായി ആസിയാനുമായും (മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കംബോഡിയ, മ്യാന്‍മര്‍, ബ്രൂണെ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം) ഇപ്പോള്‍ത്തന്നെ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ട്. ആര്‍സിഇപിയില്‍ വരുന്ന, ആര്‍സിഇപിയില്‍ ഉള്‍പ്പെടുവാന്‍ 

പോവുന്ന ജപ്പാന്‍, സൗത്ത് കൊറിയ എന്നിവയുമായി ഭാരതത്തില്‍ ഇപ്പോള്‍ത്തന്നെ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ട്. ചൈന, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഇവയുമായി വ്യാപാരവും ഉണ്ട്. അപ്പോള്‍ പിന്നെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ആവശ്യം ഇല്ല. എന്നാല്‍, ഇന്ത്യന്‍ വിപണി കൈയടക്കണമെങ്കില്‍ ഇത് ആവശ്യം ആണുതാനും. സ്വതന്ത്ര വ്യാപാരക്കരാര്‍ എന്നും നമുക്ക് നഷ്ടം മാത്രമാണ് വരുത്തിയിരിക്കുന്നത്. നിരവധി ഉദാഹരണങ്ങളില്‍ ഒന്നു പറയാം:- 2000 മാര്‍ച്ചില്‍ ആണ് ഇന്തോ-ശ്രീലങ്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാവുന്നത്.  കരാര്‍ വരും മുന്‍പ് ചെറുകിട കര്‍ഷകര്‍ക്ക് നുള്ളു തേയിലയ്ക്ക് ലഭിച്ചിരുന്ന വില ഒരു കിലോഗ്രാമില്‍ 16 രൂ

പാ എന്ന നിരക്കില്‍ ആയിരുന്നു. ശ്രീലങ്കയിലും നുള്ളുതേയില വില നാലില്‍ ഒന്നായി കുറഞ്ഞു. തേയിലപ്പൊടി വില കുറഞ്ഞുമില്ല. നഷ്ടം കര്‍ഷകന്. ലാഭം വ്യവസായിക്ക്. കുരുമുളക്, ഗ്രാമ്പു, വെളിച്ചെണ്ണ, അടയ്ക്ക തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സ്വതന്ത്ര വ്യാപാരക്കരാര്‍ വരുന്നതോടുകൂടി കര്‍ഷകര്‍ക്ക് നല്ല വില വര്‍ധനവ് ലഭിക്കും എന്ന് അന്ന് സര്‍ക്കാരുകള്‍ പറഞ്ഞെങ്കിലും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും ആയിരുന്നു ഫലം. സ്വതന്ത്ര വ്യാപാരക്കരാറിന്റെ അഭാവത്തില്‍പ്പോലും ചൈനയില്‍നിന്നുള്ള വിവിധ (വ്യാവസായിക) ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറല്‍ മൂലം ഇന്ത്യയില്‍ 25% തൊഴില്‍ നഷ്ടം വ്യാവസായിക മേഖലയില്‍ ഉണ്ടായതായി  വിദഗ്ദ്ധര്‍  അഭി

പ്രായപ്പെടുന്നു. പാല്‍, മുട്ട, കോഴിയിറച്ചി, വെളുത്തുള്ളി, പഴവര്‍ഗങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രങ്ങളും യന്ത്രഭാഗങ്ങളും തുടങ്ങി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. 

ഇന്ന് നിരവധി മൂന്നാം ലോക രാജ്യങ്ങളിലേക്കും, ആഫ്രിക്കയിലേക്കും ഇന്ത്യയില്‍നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. കരാര്‍ ഒപ്പിടുന്നതോടെ പേറ്റന്റ് നിയമം പൊളിച്ചെഴുതപ്പെടും. അതോടെ മരുന്ന് വില വര്‍ധിക്കും. ഇന്ത്യക്ക് കയറ്റുമതി വിപണി നഷ്ടപ്പെടുന്നതോടൊപ്പം വലിയ വില നല്‍കി നാം മരുന്ന് വാങ്ങേണ്ടിയും വരും. ഇതിന്റെ നഷ്ടം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടിയാണ്. ജപ്പാനും കൊറിയയും ഇപ്പോള്‍തന്നെ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ചെലുത്തുന്നുണ്ട്. അത് കൂടുമ്പോഴും പുറത്താകുന്നത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കും. നിക്ഷേപക സംരക്ഷണ സംവിധാനവും ഇതിന്റെ ഭാഗമായി വരും. കരാറില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ കമ്പനികള്‍ക്ക്, അവര്‍ വ്യവസായമോ വ്യാപാരമോ നടത്തുന്ന ഏതെങ്കിലും രാജ്യത്തെ ആഭ്യന്തര നിയമം മൂലമോ, ജനകീയ ഇടപെടല്‍ മൂലമോ നഷ്ടം ഉണ്ടായാല്‍, ആ നഷ്ടത്തിനെതിരെ അന്തര്‍ദ്ദേശീയ കോടതിയില്‍ പരാതിപ്പെടാവുന്നതും നഷ്ടപരിഹാരം നേടിയെടുക്കാവുന്നതുമാണ്. ഇതുവഴി ഒരിക്കല്‍ ഇവിടെ എത്തുന്ന വ്യാപാരിയെ/വ്യവസായിയെ അല്ലെങ്കില്‍ ഉല്‍പ്പന്നത്തെ സംരക്ഷിക്കേണ്ട ബാധ്യതയും നമ്മുടേതാകും. നമ്മുടെ നിയമങ്ങള്‍ വരെ മാറ്റേണ്ടിവരും. ഇത്രമാത്രം ദൂരവ്യാപക ദൂഷ്യഫലങ്ങളുള്ള ഈ കരാറില്‍നിന്ന് പിന്മാറാനുള്ള തീരുമാനം രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതാകയാല്‍ പ്രശംസനീയം തന്നെ.

ഇനി എന്തു വേണം

ലോകവ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ)അംഗത്വത്തിനു 

പുറമേ, ഇതിനോടകം പതിനാല് സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ നാം ഏര്‍പ്പെട്ടിട്ടുണ്ട്. പുതുതായി, യൂറോപ്യന്‍ യൂണിയനുമായും യുഎസുമായും, ഈജിപ്ത്, മൗറീഷ്യസ് എന്നിവയുമായും കരാറിനായി ചര്‍ച്ചകള്‍ നടക്കുന്നു. ഇവിടെയും തുല്യത ഇല്ലാത്ത പങ്കാളികളുമായാണ് കരാറില്‍ ഏര്‍പ്പെടുവാന്‍ ചര്‍ച്ചകള്‍ നടക്കുന്നത് എന്നതിനാല്‍ നാം പിന്മാറണം. വ്യാപാരക്കമ്മി ഉണ്ടാകാത്ത തരത്തിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടിക്ക് മുന്‍തൂക്കം നല്‍കണം. നിലവിലുള്ള പതിനാലു കരാറുകളും രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പുനര്‍വിശകലനം നടത്തണം. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കര്‍ഷകരെയും, ചെറുകിട ഇടത്തരം (വന്‍കിടയും)വ്യവസായങ്ങള്‍ സംരക്ഷിക്കുകയും അവയ്ക്ക് 

പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം. മൂലധന ലഭ്യത, സാങ്കേതികവിദ്യാ വികസനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. നൈപുണി വികസനം (മററശശേീിമഹ സെശഹഹ മൂൗശശെശേീി ുൃീഴൃമാാല)പോലുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലവും ഫലപ്രദവും ആക്കണം. 

കുരുമുളക് ഉല്‍പ്പാദനം ചരിത്രത്തിലെ ഏറ്റവും കുറവായിരിക്കുന്ന ഈ സീസണിലും. കുരുമുളക് വില കുറയുകയാണ്. വിയറ്റ്‌നാം മുളക് ശ്രീലങ്ക വഴി ഇന്ത്യയില്‍ തീരുവ ഇല്ലാതെ എത്തുന്നതാണ് കാരണം. സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിനല്‍, ആന്റി ഡമ്പിങ് ഡ്യൂട്ടി, ഗുണനിലവാര പരിശോധനകള്‍, സൂക്ഷ്മാണു (വൈറസ്/ബാക്ടീരിയ) പരിശോധനകള്‍ എന്നിവ കര്‍ശനമാക്കി നിര്‍ദ്ദിഷ്ട ഗുണം ഉള്ളവയേ ഇറക്കുമതി ചെയ്യപ്പെടുന്നുള്ളൂ എന്നുറപ്പാക്കണം. സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെ കോടിക്കണക്കിന് ആളുകള്‍ തൊഴില്‍ കണ്ടെത്തിയ മേഖലയാണ് കൃഷി. വികസിത രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്‌സിഡികളും നല്‍കിയും പുതിയ സങ്കേതങ്ങള്‍ വികസിപ്പിച്ചും രാജ്യം എമ്പാടും കൃഷിയെ ശക്തവും ചലനാത്മകവും ആക്കണം.

വിദേശ രാജ്യങ്ങളില്‍നിന്ന്, സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടാനുള്ള സമ്മര്‍ദ്ദം ഇനിയും ഉണ്ടാവും. ഇതിനെ രണ്ടുതരത്തില്‍ നേരിടണം. ഒന്ന് രാജ്യതാല്‍പ്പര്യം സംരക്ഷിച്ചുള്ള ഉടമ്പടികള്‍ മാത്രമേ ഉണ്ടാവൂ എന്നും പ്രധാനമന്ത്രി ഇന്നലെ സൂചിപ്പിച്ച 'ഗാന്ധിജിയെ വികസന മന്ത്രം' എല്ലായിടത്തും നടപ്പിലാക്കും എന്ന രാഷ്ട്രീയ ഇച്ഛാശക്തിയും അതിനനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന ശക്തമായ നിര്‍ദ്ദേശവും ഉണ്ടാവണം. രണ്ടാമതായി ലോകരാജ്യങ്ങളിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക കഴിവുകളോട് കിടപിടിക്കുവാനാകുന്ന മത്സരക്ഷമത ആര്‍ജിക്കുവാന്‍ നിശ്ചയദാര്‍ഢ്യത്തോടെ നാം പ്രവര്‍ത്തിക്കണം.  എങ്കില്‍ നാം ഇത്തരം കരാറുകളുടെ പേരില്‍ ഒട്ടും ആശങ്കപ്പെടേണ്ടവരികയില്ല-നാം ലോകശക്തി ആവുകയും ചെയ്യും. നമ്മുടെ രാഷ്ട്രഭരണ നേതാക്കള്‍ക്ക് അതിന് കഴിയട്ടെ എന്ന് ആശംസിക്കാം.

 (മലനാട് കര്‍ഷക രക്ഷാസമിതി പ്രസിഡന്റും 

ആന്റി ഫ്രീ ട്രേഡ് എഗ്രിമെന്റ് കമ്മിറ്റി 

സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍) 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.