തേക്കടി ബോട്ട് ദുരന്തം; രണ്ടാംഘട്ട കുറ്റപത്രവും നല്‍കി

Thursday 5 December 2019 6:53 am IST

ഇടുക്കി: തേക്കടി ബോട്ട് ദുരന്തക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രവും സമര്‍പ്പിച്ചു. ദുരന്തം നടന്ന് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് തുടരന്വേഷണം പൂര്‍ത്തിയാക്കി കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.  

2014 ഡിസംബര്‍ 24നാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റകൃത്യങ്ങള്‍ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി ഇത് തിരിച്ച് വെവ്വേറെ കുറ്റപത്രം നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, പിന്നീടെത്തിയ ഉദ്യോഗസ്ഥരാരും കേസ് ഏറ്റെടുക്കാതെവന്നതോടെ  അഞ്ച് വര്‍ഷമായി ഫയലില്‍ ഉറങ്ങിയ തുടരന്വേഷണമാണ് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തില്‍  പൂര്‍ത്തിയാക്കിയത്. ആദ്യ കുറ്റപത്രം ആഗസ്ത് ആദ്യം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോയി തട്ടിലാണ് ഹാജരാകുന്നത്. വരുന്ന 12ന് കോടതി കേസ് പരിഗണിക്കും.

2009 സപ്തംബര്‍ 30നാണ് കെടിഡിസിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴ് കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചത്. ദുരന്തകാരണം കണ്ടെത്താന്‍ റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായും കോട്ടയം ക്രൈംബ്രാഞ്ച് എസ്പി പി.എ. വല്‍സന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായും നിയോഗിച്ചു. എസ്പി പി.എ. വല്‍സനാണ് കോടതിയില്‍ ആദ്യ കുറ്റപത്രം നല്‍കിയത്. ഇത് തള്ളി. പിന്നീടെത്തിയവരാരും കേസ് ഏറ്റെടുക്കാതെ വന്നതോടെയാണ് അന്വേഷണം നീണ്ടത്. 

ഡ്രൈവര്‍, സഹായി, ബോട്ടിന്റെ ചുമതലയുള്ള കെടിഡിസിയുടെ ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരാണ് ആദ്യ ചാര്‍ജ് ഷീറ്റില്‍ വരിക. രണ്ടാമത്തെ കുറ്റപത്രത്തില്‍ ബോട്ട് നിര്‍മാണത്തില്‍ പങ്കാളികളായവരും. പിന്നീട് ഇതിന് കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയെങ്കിലും നിലവാരം കൃത്യമായി പരിശോധിക്കാതെ നീറ്റിലിറക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരുമാണ് ഉള്‍പ്പെടുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.