തിരനോട്ടം തന്ന താരവിസ്മയം

Thursday 7 November 2019 7:35 pm IST

തിരനോട്ടം സിനിമയുടെ ചിത്രീകരണം

മോഹന്‍ലാല്‍... മലയാളത്തിനും മലയാളികള്‍ക്കും ലഭിച്ച മഹാഅനുഗ്രഹം. അഭ്രപാളികളില്‍ നടനവിസ്മയം തീര്‍ത്ത മഹാശ്ചര്യത്തെ നമുക്ക് സമ്മാനിച്ചത് അധികം ആരും കാണാത്ത ഒരു ചലച്ചിത്രമായിരുന്നു. തിരനോട്ടം. അഭിനയം എന്ന അഭിനിവേശം മനസില്‍ കത്തി നിന്ന സമയം. സിനിമ എന്ന കലയെ കാലത്തിനിപ്പുറം കാഴ്ചയുടെ കണിയൊരുക്കാന്‍ കാരണക്കാരായ കുറേ മനുഷ്യര്‍. ചലച്ചിത്രമേഖലയിലേക്ക് മോഹന്‍ലാല്‍ എന്ന നടന്റെ ആദ്യകാല്‍വയ്പ്പ്. കൃത്യമായി പറഞ്ഞാല്‍ 1978 സെപ്റ്റംബര്‍ നാല്. അന്നായിരുന്നു ആ സുദിനം. മോഹന്‍ലാല്‍ എന്ന പതിനാറുകാരന്‍ കുട്ടപ്പന്‍ എന്ന വീട്ടുജോലിക്കാരന്റെ വേഷത്തിലേക്ക് ഭാവപ്പകര്‍ച്ച നല്‍കിയ ദിനം.

ലാലിന്റെ എക്കാലത്തേയും സ്വത്തായ സൗഹൃദകൂട്ടായ്മ തന്നെയായിരുന്നു തിരനോട്ടത്തിനു പിന്നിലും. പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍, അശോക് കുമാര്‍ ഒപ്പം പാച്ചല്ലൂര്‍ ശശീന്ദ്രനും. ഇവരായിരുന്നു ചിത്രത്തിന്റെ അണിയറക്കാര്‍. പ്രിയദര്‍ശന്‍ സഹ സംവിധായകനായും സുരേഷ്‌ കുമാര്‍ ക്ലാപ്പ് ബോയ് ആയും, ശശീന്ദ്രന്‍ നിര്‍മ്മാതാവ് ആയും, അശോക് കുമാര്‍ സംവിധായകനും പ്രവര്‍ത്തിച്ചു. സിനിമ യഥാര്‍ഥ്യമാക്കാന്‍ ഈ കൂട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ എവിടെ ഷൂട്ടിങ് എന്നതായിരുന്നു കടമ്പ. സിനിമയെ അത്രമേല്‍ സ്‌നേഹിച്ച മോഹന്‍ലാല്‍ തന്നെയായിരുന്നു അതിനും പരിഹാരം കണ്ടത്. മുടവന്‍മുകളിലെ എന്റെ വീടും പരിസരവും ആകട്ടെ ലൊക്കേഷന്‍. സൈക്കിള്‍ ഓടിച്ചു വരുന്ന ഒറ്റമുണ്ട് മാത്രം വേഷമുള്ള കുട്ടപ്പന്‍ എന്ന മോഹന്‍ലാലിനെ ക്യാമറയില്‍ പകര്‍ത്തിയ പ്രശസ്ത ക്യാമറാമാന്‍ എസ്. കുമാറായിരുന്നു. അവിടെ നിന്നാണ് തിരനോട്ടം എന്ന ചിത്രം മലയാളത്തിന് മോഹന്‍ലാല്‍ എന്ന താരവിസ്മയത്തെ സമ്മാനിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ അശോക് കുമാര്‍ തിരനോട്ടം എന്ന ചിത്രത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്- ചിത്രത്തില്‍ നായകനാക്കാന്‍ നെടുമുടി വേണുവിനെ സമീപിച്ചെങ്കിലും പിള്ളേരു കളിയാണെന്നു കരുതി നെടുമുടി വേണു തയ്യാറായില്ല. തുടര്‍ന്ന് രവികുമാറിനെ നായകനായി കിട്ടി. റാണിചന്ദ്ര നായികയും. ക്യാമറ ആര് കൈകാര്യം ചെയ്യുമെന്നതായി അടുത്ത വിഷയം. കെഎസ്എഫ്ഡിസിയില്‍ ചെന്നാല്‍ ക്യാമറമാനെ കിട്ടുമെന്നറിഞ്ഞു. അവിടെ ചെന്നപ്പോള്‍ ഷാജി എന്‍. കരുണിന്റെ കൂടെയൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള എസ്.കുമാറിനെ ഒത്തുകിട്ടി. പാട്ടിന്റെ കാര്യത്തിനായി അയല്‍ പക്കത്ത് താമസിക്കുന്ന പരിചയത്തിന്റെ പേരില്‍ എം.ജി. രാധാകൃഷ്ണനെ കണ്ടു. പാട്ടു വേണമെങ്കില്‍ ഒഎന്‍വി കുറുപ്പിനെ സമീപിക്കാനും പാട്ടു കിട്ടിയാല്‍ കമ്പോസു ചെയ്തു തരാമെന്നും എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ഒഎന്‍വിയെ കണ്ടപ്പോള്‍ പാട്ടെഴുതി തരാമെന്നും 1500 രൂപ വേണമെന്നുമായിരുന്നു മറുപടി. അന്നത് വലിയ തുകയായതതിനാല്‍ ഒഴിവാക്കാന്‍ പറഞ്ഞതാണെങ്കിലും താനും മോഹന്‍ലാലും അത് സമ്മതിച്ചു. എഴുതി കിട്ടിയ പാട്ടുമായി തരംഗിണി സ്റ്റുഡിയോയില്‍ പോയി യേശുദാസിനെ കണ്ടു. അദ്ദേഹം പാടാമെന്നേറ്റു. സിനിമയക്ക് പൂജ വേണമെന്ന് ആരോ പറഞ്ഞപ്പോള്‍ ആറ്റുകാല്‍ അമ്പലത്തില്‍ വെച്ചു നടത്താമെന്ന് തീരുമാനിച്ചു. പിന്നീടാണ് മുടവന്‍മുകളില്‍ ഷൂട്ടിങ് തുടങ്ങിയത്.

മോഹന്‍ലാലിന്റെ ആദ്യരംഗത്തെ കുറിച്ച് എസ്. കുമാര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ഒരു സൈക്കിള്‍ ചവിട്ടി വരുന്ന ലാലുവിനെ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തി. പിന്നില്‍ മേഘത്തുണ്ടുകള്‍ അതിവേഗം പാഞ്ഞു പോകുന്നുണ്ടായിരുന്നു...സ്വപ്നങ്ങള്‍ക്ക് ആകാശത്തോളം ഉയരമാകാം എന്ന് അവ അര്‍ത്ഥമാക്കിയിരുന്നോ? അതോ താരരാജാവിന് ആ മേഘങ്ങള്‍ വഴിയൊരുക്കിയതാകുമോ? ആവോ..അറിയില്ല.. കാലങ്ങളെ നിര്‍ണ്ണയിക്കുവാന്‍ നമ്മുക്കെന്ത് അധികാരം..സത്യം പറഞ്ഞാല്‍ ആ കാഴ്ച ഷൂട്ട് ചെയ്തത് എന്റെ അശ്രദ്ധയായിരുന്നു എന്ന് വേണെമെങ്കില്‍ പറയാം. മേഘങ്ങള്‍ ഇങ്ങനെ അതിവേഗത്തില്‍ പാഞ്ഞു പോകുമ്പോള്‍ ലൈറ്റിനു വ്യതിചലനം ഉണ്ടാകും, ഇത് ചിലപ്പോള്‍ ഷോട്ടിനെ ബാധിച്ചേക്കാം. ഇങ്ങനെയുള്ളപ്പോള്‍ ക്യാമറ കട്ട് ചെയ്യുകയാണ് പതിവ്. പക്ഷെ ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെയാണ് ഞാന്‍ ആ ഷോട്ട് എടുത്തത്. റഷസ് കണ്ടപ്പോഴാണ് ഞാന്‍ ഇത് തിരിച്ചറിയുന്നത്. പ്രിന്റ് ലാബില്‍ എത്തിയപ്പോള്‍ എനിക്ക് വളരെ അഭിനന്ദനം ലഭിച്ച ഒരു ഷോട്ട് കൂടിയായിരുന്നു അത്. ഇന്ന് പോലും അപൂര്‍വ്വമായി ലഭിക്കുന്ന ഒരു മനോഹരക്കാഴ്ചയാണത്. 'കട്ട്' പറയാന്‍ അറിയാതിരുന്ന എന്റെ അറിവില്ലായ്മ ഞങ്ങളുടെ കരിയറിന്റെ അനുഗ്രഹമായി മാറി.

എനിക്ക് ഇന്ന് ഏറെ സന്തോഷമുണ്ട്..അഭിമാനവും! 'ക്യാമറ റോളിംഗ് ആക്ഷന്‍..' ആ വാക്കുകള്‍ ലാലെന്ന മഹാപ്രതിഭയ്ക്കായി കാലം കാത്ത് വെച്ചതായിരുന്നു. പിന്നെയൊരിക്കലും ഞങ്ങളുടെ കരിയര്‍ കട്ടു ചെയ്യേണ്ടി വന്നിട്ടില്ല എന്നുള്ളത് ഈശ്വരാനുഗ്രഹവും! അന്ന് ഞങ്ങളാരും എടുത്ത തീരുമാനം അപക്വമായിരുന്നില്ലെന്നും കുമാര്‍.

എന്നാല്‍, ലാലിന്റെ ആദ്യചിത്രത്തിന്റെ ഭാവി അത്രശുഭകരമായിരുന്നില്ല. ചിത്രീകരണവും പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായെങ്കിലും ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. ആദ്യം ചെന്നയിലേയും പിന്നീട് മുംബൈയിലേയും ദല്‍ഹിയിലേയും സെന്‍സര്‍ ബോര്‍ഡുകള്‍ അനുമതി നിഷേധിച്ചു. അവസാനം പ്രത്യേക സമിതി കൂടി അനുമതി നല്‍കി. അപ്പോഴേയ്ക്കും ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് മലയാള സിനിമ കളറിലേക്ക് മാറിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ കെഎസ്എഫ്ഡിസിയില്‍ നിന്ന സബ്‌സിഡി കിട്ടുകയുള്ളു. അതുകൊണ്ട് കൊല്ലത്തെ കൃഷ്ണാ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. 45000 രൂപ സബ്‌സിഡി കിട്ടി. നിര്‍മ്മാതാവ് പാച്ചല്ലൂര്‍ ശശി ഹൃദ്‌രോഗത്തെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയിലായിരുന്നു. സബ്‌സിഡി കിട്ടിയ തുക അദ്ദേഹത്തിന്റെ ചികിത്സയാക്കായി കൊണ്ടുകൊടുത്തു. തിരനോട്ടം സിനിമ പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തിയില്ലെങ്കിലും അതു മലയാളത്തിനു സമ്മാനിച്ചത് അമൂല്യനിധികളെയായിരുന്നു. മലയാള ചലച്ചിത്ര രംഗത്തിനു മോഹന്‍ലാലിനെ കൂടാതെ ഒരു കൂട്ടം പ്രതിഭകള്‍. അതായിരുന്നു തിരനോട്ടം നമ്മുക്ക് തന്നത്.   

 

മണിയന്‍ പിള്ള രാജു: മോഹന്‍ ലാലിന്റെ ആദ്യ സംവിധായകനും ആദ്യ മെയ്ക്കപ്മാനും

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.